- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി തീവ്രവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതും വിഐപി സുരക്ഷയും അടക്കം വെല്ലുവിളി നിറഞ്ഞ ജോലി; ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; എൻ എസ് ജിയിൽ ഡിഐജിയായി അഞ്ചുവർഷത്തേക്ക് നിയമനം; കേരളത്തിലെ ചുമതലകൾ ഒഴിയും
തിരുവനന്തപുരം: ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നു. വിവിഐപി സുരക്ഷാ ചുമതല നിർവഹിക്കുന്ന എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്്) ലേക്കാണ് നിയമനം. കേരള കേഡറിൽ, 2008 ബാച്ച് ഉദ്യോഗസ്ഥനാണ് രാഹൂൽ. ഡിഐജിയായി അഞ്ചുവർഷത്തേക്കാണ് നിയമനം.
കണ്ണൂർ റേഞ്ച്് ഡിഐജിയായിരുന്ന രാഹുലിനെ 2023 ഫെബ്രുവരിയിലാണ് ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റിയത്. നേരത്തെ, സിഐഎസ്എഫ് അടക്കമുള്ള കേന്ദ്ര ഏജൻസിയിലേക്ക് രാഹുൽ നിയമിതനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി എൻഎസ്ജിയിലേക്ക് നിയമനം കിട്ടുകയായിരുന്നു. നേരത്തെ കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന അരുൺകുമാർ, ഐജി: സുരേഷ് രാജ് പുരോഹിത് എന്നിവർ പ്രധാനമന്ത്രിയുടെ സുരക്ഷാവലയത്തിന്റെ ചുക്കാൻ പിടിച്ച മലയാളി സാന്നിധ്യങ്ങളായിരുന്നു. രാഹുൽ ആ നായരിന്റെ നിയമന ഉത്തരവ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. ഉടൻ അദ്ദേഹം ചുമതല ഏൽക്കും.
പഴുതടച്ച രക്ഷാപ്രവർത്തനമാണ് രാജ്യത്തെ ഏഴായിരത്തോളം വരുന്ന ദേശീയ സുരക്ഷാ സേന (NSG) കമാൻഡോകളുടെ ഉത്തരവാദിത്തം. ലോകത്തു തന്നെ ഏറ്റവും മികച്ച പരിശീലനം നേടിയിട്ടുള്ളതും ഏത് അവസ്ഥയെയും നേരിടാൻ പര്യാപ്തമായതുമായ സേനകളിൽ ഒന്നു കൂടിയാണ് എൻഎസ്ജി.
കഠിനമായ മൽസര പരീക്ഷകൾക്കും പരിശീലനങ്ങൾക്കും ശേഷം ഏറ്റവും മികച്ചതും ഫിറ്റ് ആയവരെയുമാണ് എൻഎസ്ജിയിലേക്ക് തിരഞ്ഞെടുക്കുക. കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഇന്ത്യൻ സൈന്യത്തിലെയും ജവാന്മാർ ഉൾപ്പെട്ടതാണ് ദേശീയ സുരക്ഷാ സേന. തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ (VIP) സുരക്ഷ ഉറപ്പാക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വേഗതമേറിയ രക്ഷാപ്രവർത്തനമാണ് എൻഎസ്ജിയുടെ പ്രത്യേകതകളിലൊന്ന്.
ഇന്ത്യയിലും വിദേശത്തും റിപ്പോർട്ട് ചെയ്യപ്പെട്ട ബോംബ് ആക്രമണങ്ങളെ കുറിച്ചുള്ള ഒരു കേന്ദ്രീകൃത ഡാറ്റാബേസ് ആയ നാഷണൽ ബോംബ് ഡാറ്റാ സെന്ററും (NBDC) എൻഎസ്ജിയുടെ ഭാഗമായി ഉണ്ട്. എല്ലാ തീവ്രവാദ, ബോംബിങ് പ്രവർത്തനങ്ങളും ശേഖരിക്കുകയും സംയോജിപ്പിക്കുകയും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രസക്തമായ വിവരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഈ ഡാറ്റാ സെന്ററിന്റെ ലക്ഷ്യം.