- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ സ്റ്റേഷനുകളിലെ മോദി സെൽഫി പോയിന്റുകൾ സ്ഥാപിക്കാൻ ചെലവെത്ര? ഓരോ സ്ഥിരം പോയിന്റിനും 6.25 ലക്ഷം രൂപയെന്ന് ആർടിഐ മറുപടി; വിവാദമായതോടെ സെൻട്രൽ റെയിൽവേസ് മുഖ്യ പിആർഒയ്ക്ക് സ്ഥലംമാറ്റം; പിന്നാലെ ആർടിഐ മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവെ
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ തിമാന മോദി സെൽഫി പോയിന്റുകൾ സ്ഥാപിക്കുന്നതിന്റെ ചെലവ് വിവരാവകാശ മറുപടിയിലൂടെ വെളിപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ ആർ ടി ഐ വിവരങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ റെയിൽവെ കർശനമാക്കി. നേരത്തെ മോദി സെൽഫി പോയിന്റുകളുടെ ചെലവിനെ കുറിച്ച് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
സെൻട്രൽ റെയിൽവേസ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവരാജ് മാനസ്പുരയ്ക്കാണ് മുൻകൂർ നോട്ടീസില്ലാതെ ഡിസംബർ 29-ന് സ്ഥലംമാറ്റമുണ്ടായത്. ചുമതലയിലെത്തി ഏഴുമാസത്തിനകമാണ് സ്ഥലംമാറ്റം. എങ്ങോട്ടാണ് മാറ്റുന്നതെന്ന് അറിയിച്ചിട്ടില്ല. അദ്ദേഹത്തിനുപകരം സ്വപ്നിൽ ഡി. നിലയെ നിയമിച്ചു.
സ്റ്റേഷനുകളിൽ മോദിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ചെലവെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഓരോ സ്ഥിരം പോയിന്റിനും 6.25 ലക്ഷം വീതം 1.25 കോടിയാണ് സെൻട്രൽ റെയിൽവേ സോണിലെ ചെലവെന്ന് അദ്ദേഹം മറുപടി നൽകി. താൽക്കാലിക സെൽ ഫി ബൂത്തിന് ചെലവ് 1.25 ലക്ഷമെന്നും അറിയിച്ചു. ഇതാണ് സ്ഥലംമാറ്റത്തിനു കാരണമെന്നാണ് ആരോപണം.
സംഗതി വിവാദമായതോടെ വിവരാവകാശപ്രകാരം മറുപടി നൽകും മുമ്പ് സോണൽ റെയിൽവെ മാനേജരുടെയോ, ഡിവിഷണൽ റെയിൽവേ മാനേജരുടെയോ അംഗീകാരം തേടിയിരിക്കണം. സോണൽ റെയിൽവേകൾ കൈകാര്യം ചെയ്യുന്ന ആർടിഐ അപേക്ഷകൾക്കുള്ള മറുപടിയുടെ ഗുണനിലവാരം മോശമായെന്ന് റെയിൽവെ ബോർഡ് അടുത്തിടെ നിരീക്ഷിച്ചിരുന്നു. പലപ്പോഴും സമയത്തിന് ആർടിഐ അപേക്ഷകൾ തീർപ്പാക്കാത്തതുകൊണ്ട് ആദ്യ അപ്പലേറ്റ് അഥോറിറ്റിയായ സെൻട്രൽ ഇൻഫൊമേഷൻ കമ്മീഷന്റെ മുമ്പാകെ അപ്പീലുകൾ കുന്നുകൂടുകയും, സ്ഥാപനത്തിന് ചീത്തപ്പേര് ഉണ്ടാവുകയും ചെയ്യുന്നതായി ബോർഡ് നിരീക്ഷിച്ചിരുന്നു.
ഇക്കാരണത്താലാണ് ആർടിഐ അപേക്ഷകൾ ഇനി മുതൽ സോണൽ തലത്തിൽ ജിഎമ്മും, ഡിവിഷൻ തലത്തിൽ ഡി ആർ എമ്മും കൈകാര്യം ചെയ്യാൻ തീരുമാനമായത്. ആദ്യ അപ്പീലുകൾക്കുള്ള മറുപടി ജിഎമ്മിനെയോ, ഡി ആർ എമ്മിനെയോ കാണിക്കണം.
മോദി സെൽഫി പോയിന്റിനെതിരേ കോൺഗ്രസും തൃണമൂൽ കോൺഗ്രസുമുൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിരുന്നു. സെൽഫി പോയിന്റിനാവശ്യമായ കോടികൾ ബിജെപി. നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുവർഷം ഇരിക്കേണ്ട പോസ്റ്റിൽ നിന്ന് ഏഴുമാസമായപ്പോഴേക്കും സെൻട്രൽ റെയിൽവേസ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവരാജ് മാനസ്പുരയെ സ്ഥലംമാറ്റിയതും വിവാദമായി. രാജാവ് എപ്പോഴും സത്യത്തിന് ശിക്ഷയാണ് വിധിക്കുന്നതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. എന്നാൽ, സ്ഥലംമാറ്റത്തിന് ഈ വിവാദങ്ങളുമായി ഒരുബന്ധവുമില്ലെന്നാണ് റെയിൽവെ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ