- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് രാത്രിയിൽ തോരാമഴ; സംസ്ഥാനത്തുടനീളം കിട്ടുന്നത് ഇടിമിന്നലോടെ അതിശക്തമായ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമുണ്ടായാൽ ദുരിത പെയ്ത് കൂടും; ആൻഡമാനിലെ ചക്രവാത ചുഴി മുന്നറിയിപ്പും ആശങ്ക; തുലാമഴ എത്തും മുമ്പേ പേമാരി; കേരളം അതീവ ജാഗ്രതയിൽ; പ്രളയഭീതി വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തുലാമഴ കേരളത്തിൽ എത്തിയിട്ടില്ലെന്നതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ ഇനിയും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കേരളം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്. തെക്കു കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ ഉള്ള ന്യൂനമർദ പാത്തി, തെക്കു പടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോഴത്തെ വ്യാപക മഴയ്ക്കു കാരണം. വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകും.
സംസ്ഥാനത്ത് 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യത. 20ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കുമെന്നാണ് പ്രവചനം. എന്നാൽ കാര്യങ്ങൾ പിന്നേയും കൈവിടും. മഴ രൂക്ഷമാകും. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇതുമൂലം വ്യാപക മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദവും ചക്രവാത ചുഴിയുമെല്ലാം ആശങ്ക ശക്തമാക്കുന്നതാണ്. മഴ തുടർന്നാൽ അണക്കെട്ടുകൾ വീണ്ടും നിറയും. മലയോര മേഖലയിലെ മഴ അതിശക്തമാകുന്നത് ഉരുൾപൊട്ടലുകൾക്കും വഴിവയ്ക്കും. അതുകൊണ്ട് തന്നെ അതിശക്തമായ മുൻകരുതലാണ് സർക്കാർ എടുക്കുന്നത്. ദുരന്തങ്ങൾ ഒഴിവാക്കാനുള്ള കരുതലുകൾ എല്ലാ ജില്ലയിലും എടുത്തിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ യെലോ അലർട്ടാണ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തൽക്കാലം തടസ്സമില്ല. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഏറെയും ലഭിച്ചത് വയനാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ. ഒരാഴ്ച മുൻപ് മഴക്കണക്കിൽ ഏറെ പിന്നിലായിരുന്നു ഈ ജില്ലകൾ. വയനാട് ജില്ലയിൽ പെയ്തത് 19% അധിക മഴയാണ്. ഒരാഴ്ചയ്ക്കിടെ ഇടുക്കി 15.95 സെ.മീ., തിരുവനന്തപുരം 12.35, പത്തനംതിട്ട 11.38, വയനാട് 10.34 എന്നിങ്ങനെ മഴ ലഭിച്ചു. ഞായറാഴ്ച എറണാകുളം നേര്യമംഗലത്ത് 10 സെ.മീ. മഴ പെയ്തു. തിരുവനന്തപുരത്തെ പെരുങ്കടവിള, പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ 7 സെ.മീ. വീതവും മഴ കിട്ടി..
കനത്ത മഴയെ തുടർന്ന് ഇടുക്കി എറണാകുളം ജില്ലകളുടെ അതിർത്തിയിലുള്ള നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തകർന്നു. ഇതേത്തുടർന്ന് നേര്യമംഗലം ഇടുക്കി പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ട് കലുങ്കുകളാണ് ഭാഗികമായി തകർന്നത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. മൂന്നാറിലേക്കുള്ള കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.
മറുനാടന് മലയാളി ബ്യൂറോ