- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
കോഴിക്കോട്: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കയാണ് കേരളം. അതിനിടയിലാണ് കേരളത്തിലെ ഏറ്റവും നിഷ്ഠൂരമായ ക്യാമ്പസ് കൊലപാതകത്തിന് 48 വയസ് തികയുന്നത്. ഇന്ന് ഐഐടിയായി പേരുമാറ്റിയ കോഴിക്കോട് ചാത്തമംഗലത്തെ റീജിനൽ എഞ്ചിനീയറിങ്ങ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിയായ പി രാജൻ അടിയന്താരവസ്ഥക്കാലത്ത്, പൊലീസുകാരുടെ ക്രുരപീഡനങ്ങളിൽ കൊല്ലപ്പെട്ടത് 1976 മാർച്ച് രണ്ടാം തീയതിയാണ്. അതുകൊണ്ടുതന്നെ ഈ ദിനം രാജൻ ദിനമായാണ് ആചരിക്കപ്പെടുന്നത്.
ഇപ്പോൾ കേരളം ചർച്ചചെയ്യുന്ന സിദ്ധാർഥിന്റെ മരണവും, രാജൻ കേസും തമ്മിൽ ഒത്തുനോക്കിയാൽ ചില സാദൃശ്യങ്ങളും കാണാം. സിദ്ധാർഥിന്റെ അച്ഛൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് കേട്ടാൽ മനസാക്ഷിയുള്ളവരുടെ കണ്ണ് നിറഞ്ഞുപോവും. മർദ്ദിച്ചാലും അവനെ ജീവനോടെ ഞങ്ങൾക്ക് വിട്ടു തരാമായിരുന്നില്ലേ എന്നാണ് ആ പാവം അച്ഛൻ ഹൃദയം പൊട്ടി ചോദിച്ചത്. ഒരു തുള്ളിവെള്ളം അവനുകൊടുക്കാമായിരുന്നില്ലേ എന്ന ചോദ്യവും കണ്ണ് നിറയിക്കന്നതാണ്.
അതിഭീകരമായ പീഡന കഥകളാണ് സിദ്ധാർഥിന്റെ ശവസംസ്‌ക്കാരത്തിനെത്തിയ ചില സഹപാഠികൾ അച്ഛനോട് ചെവിയിൽ പറഞ്ഞത്. പുറത്തു പറയാൻ അവർക്ക് ഭയമായിരുന്നു. കൈകാലുകൾ ബന്ധിച്ച് വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി. കഴുത്തിൽ ഇലക്ടിക് വയർ കെട്ടി മുറുക്കി പീഡിപ്പിച്ചു. നെഞ്ചിലും വയറ്റിലും ഷൂവിട്ട കാലു കൊണ്ട് ചവിട്ടി. അങ്ങനെ ഞെട്ടിപ്പിക്കുന്ന മർദന മുറകൾ. ഇന്ന് കുട്ടികൾ ചെയ്തത് അന്ന് രാജനോട് ചെയ്തത് പൊലീസ് ആയിരുന്നു.
ശുംഭൻ പാട്ട് കെട്ടുകഥ
അടിയന്തരാവസ്ഥക്കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ ഒരു പുലർക്കാലത്ത് പൊലീസ് പിടിച്ചു കൊണ്ടുപോയപ്പോൾ അത് കണ്ട സഹപാഠികൾ നിരവധിയായിരുന്നു. പക്ഷേ അവർക്ക് അത് പറയാൻ ധൈര്യം ഉണ്ടായില്ല. അന്ന് ഇന്ദിരയുടെയും കരുണാകരന്റെയും പൊലീസ്. ആ പൊലീസ് രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. രാജന്റെ പിതാവ് ഇച്ചരാവാര്യർ മകനെ കാണാതെ ഒന്നരവർഷം അലഞ്ഞു.
അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനു ശേഷം മാത്രമാണ് മകനുവേണ്ടി ഒരു ഹേബിയസ് കോർപ്പസ് കേസ് പോലും കൊടുക്കാനായത്!എന്നാൽ രാജൻ അറസ്റ്റ് ചെയ്യപ്പെട്ടതിന് തെളിവുകൾ ഇല്ലായിരുന്നു. കോടതിക്കു മുമ്പിൽ ആ പിതാവ് കണ്ണീരൊഴുക്കിക്കൊണ്ടു നിന്നു. ഈച്ചരവാരിയർ എന്ന രാജന്റെ പിതാവ്! മരിച്ചിട്ടും എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന ഈച്ചരവാര്യരുടെ അത്മകഥയിലെ വാചകങ്ങൾ കേരളം ഏറെ ചർച്ചചെയ്തു.
അന്ന് പല കഥകളും രാജന്റെ മരണത്തിന് കാരണമായി പ്രചരിക്കപ്പെട്ടിരുന്നു. കോളജിലെ ഒന്നാന്തരം ഗായകനും ഏവർക്കും പ്രിയപ്പെട്ടവനുമായിരുന്നു രാജൻ. ഒരിക്കൽ അന്നത്തെ പ്രതാപിയായ ആഭ്യന്തരമന്ത്രി കെ കരുണാകരൻ ഇരിക്കുന്ന വേദിയിൽവെച്ച് 'കനകസിംഹാസനത്തിൽ കയറി ഇരിപ്പവൻ ശുനകനോ വെറും ശുംഭനോ? ' എന്ന പാട്ട്പാടി രാജൻ അപമാനിച്ചുവെന്നും അതിന്റെ പ്രതികാരമായിരുന്നു അറസ്റ്റ് എന്നുമാണ് ഒരു കഥ. പക്ഷേ ഇത് തെറ്റായിരുന്നു. രാജൻ ഉള്ള ഒരു വേദിയിലും കരുണാകരൻ സംബന്ധിച്ചിരുന്നില്ല. വ്യക്തിപരമായി ഒരു വൈരാഗ്യവും അവർ തമ്മിൽ ഉണ്ടായിരുന്നില്ല.
1976 മാർച്ച് ഒന്നാം തീയതിയാണ് കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളജിൽ നിന്ന് രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 28 നു നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജന് പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസ് രാജനെ കസ്റ്റഡിയിലെടുത്തത്. നക്‌സലൈറ്റുകൾ കായണ്ണ സ്റ്റേഷൻ ആക്രമിച്ച് പൊലീസിന്റെ ആയുധങ്ങൾ കൈക്കലാക്കി രക്ഷപ്പെടുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ 'രാജാ ഓടിക്കോ' എന്ന് പറഞ്ഞത് കേട്ടാണ് രാജനെ അന്വേഷിച്ച് പൊലീസ് വന്നത്. അന്ന് കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പിലെത്തിച്ചവരിൽ രാജനെന്നു പേരുള്ള ഒന്നിലധികം ആളുകളുണ്ടായിരുന്നു എന്ന് രാജനൊപ്പം കസ്റ്റഡിയിൽ കഴിഞ്ഞവർ പറയുന്നു. കോഴിക്കോട് സർവകലാശാലയിൽ ധനതത്വശാസ്ത്രത്തിൽ ഗവേഷണം ചെയ്തിരുന്ന എബ്രഹാം ബെൻഹറും കെ വേണുവുമുൾപ്പെടെയുള്ളവർ രാജനൊപ്പം കക്കയം ക്യാമ്പിൽ കസ്റ്റഡിയിലുണ്ടായിരുന്നു.
ആ മൃതദേഹം എന്തുചെയ്തു?
അക്കാലത്തെ ചിന്തിക്കുന്ന ചെറുപ്പക്കാരെപ്പോലെ നക്സൽ അനുഭാവി ആയിരുന്നുവെന്നല്ലാതെ രാജൻ നക്സലൈറ്റ് ആയിരുന്നില്ല. കക്കയം ക്യാമ്പിൽ എത്തിച്ചവരെ ചോദ്യം ചെയ്ത സബ് ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണന്റെയും സംഘത്തിന്റെയും ക്രൂരമർദനവും ഉരുട്ടലും കാരണമാണ് രാജൻ കൊല്ലപ്പെട്ടതെന്നാണ് അന്ന് കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവർ പുറത്ത് വിട്ട വിവരങ്ങൾ. മരിച്ചതായി മനസിലാക്കിയതോടെ രാജന്റെ മൃതദേഹം പൊലീസ് ജീപ്പിൽ മറ്റെങ്ങോട്ടോ കൊണ്ടുപോയി എന്നും കസ്റ്റഡിയിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. പിന്നീട് രാജന്റെ മൃതദേഹം പോലും പുറംലോകം കണ്ടിട്ടില്ല. രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാൻ വയറുകീറി കുറ്റ്യാടി പുഴിയിലേക്കിട്ടു എന്നും, അതല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചു കളഞ്ഞെന്നും, അതുമല്ല മൃതദേഹം കക്കയംഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിനരികിൽ കുഴിച്ചിട്ടെന്നും, ശേഷം പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിച്ച് അവശിഷ്ടം വെള്ളച്ചാട്ടത്തിൽ ഒഴുക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വാദങ്ങളുമുണ്ട്.
എന്നാൽ അടിയന്താരാവസ്ഥ കാലത്ത് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബെന്നി എന്ന വ്യക്തി നടത്തിയ മറ്റൊരു വെളിപ്പെടുത്തൽ കൂടിയുണ്ട്. രാജന്റെ മൃതദേഹം മുളകരയ്ക്കുംപോലെ അരച്ച് പന്നികൾക്ക് തീറ്റയായി നൽകിയെന്നായിരുന്നു ആ പൊലീസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. മരണ ശേഷം ഐസ് ചേംബറിൽ സൂക്ഷിച്ച മൃതദേഹം ഇത്തരത്തിൽ പന്നികൾക്ക് തീറ്റയായി കൊടുത്തത് തെളിവുകളൊന്നും ലഭിക്കരുത് എന്ന ഉദ്ദേശത്തിലാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എസ്ഐ ആയിരുന്ന ഞാറയ്ക്കൽ ഐസക്കിന്റെ നിർദ്ദേശപ്രകാരം മുത്തുവേലി പാലത്തിനു സമീപം വച്ച് അർധരാത്രി മറ്റു പൊലീസുകാർക്കൊപ്പം രാജന്റെ മൃതദേഹം പൊലീസ് ജീപ്പിൽ കയറ്റിയാണ് മാംസ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചതെന്നും ഈ പൊലീസ് ഡ്രൈവർ വെളിപ്പെടുത്തുന്നു. പക്ഷേ ഇതിലൊന്നും കൂടുതൽ അന്വേഷണം ഉണ്ടായിട്ടില്ല.
ഇന്ന് നവമാധ്യമങ്ങളിൽ സിദ്ധാർഥിനെയും രാജനെയും അനുസ്മരിച്ചുകൊണ്ടാണ് എറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത്. ഒരു രണ്ടാം ഈച്ചരവാര്യരെ സൃഷ്ടിക്കാതെ സിദ്ധാർഥിന്റെ പിതാവിന് നീതി കിട്ടണം എന്നാണ് സോഷ്യൽ മീഡിയ ഒരുപോലെ പറയുന്നത്.