- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭൂമി പതിവു നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പു വയ്ക്കണമെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിൽ ഉറച്ച് ഗവർണ്ണർ; തടവുകാരുടെ ശിക്ഷാ ഇളവിലും ഇത് വേണ്ടി വരും; രാജ്ഭവനിൽ പിണറായി എത്തുമോ?

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂമി പതിവു നിയമ ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പു വയ്ക്കണമെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിൽ ഉറച്ച് ഗവർണ്ണർ. ഇനി ചില ബില്ലുകൾ കൂടി ഗവർണർ ഒപ്പുവയ്ക്കാനുണ്ട്. ഇവയെക്കുറിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ ഒപ്പിടും. ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മന്ത്രിസഭ അംഗീകരിച്ച 2 കരട് ഓർഡിനൻസുകൾക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിട്ടുണ്ട്. പൊതു സ്ഥലത്തു മാലിന്യം തള്ളുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനും ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാത്തതു വസ്തു നികുതി അടയ്ക്കാത്തതിനു തുല്യമായി പരിഗണിച്ചു നടപടി സ്വീകരിക്കുന്നതിനുമുള്ള കരട് ഓർഡിനൻസുകളിലാണ് ഗവർണർ ഒപ്പു വച്ചത്. ഇവ ഗവർണർക്ക് അയച്ചിട്ട് ആഴ്ചകളായിരുന്നു. ഇതു സംബന്ധിച്ചു സർക്കാരിൽ നിന്നു വിശദീകരണം ലഭിച്ച സാഹചര്യത്തിലാണ് ഗവർണർ ഒപ്പുവച്ചത് എന്നറിയുന്നു.
പിഎസ്‌സി അംഗമായി സിപിഐയുടെ പ്രതിനിധി തൃശൂർ സ്വദേശിയായ സ്വാമിനാഥനെ നിയമിക്കുന്നതിനുള്ള ഫയലിനും കേരള സർവീസ് ചട്ടങ്ങളിലെ ഭേദഗതി സംബന്ധിച്ച ഒരു ഫയലിനും ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്. ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ചരക്കു സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതിനുള്ള കരട് ഓർഡിനൻസ് കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതും ഗവർണ്ണർ അംഗീകരിക്കേണ്ടതുണ്ട്.
ജയിലിൽ കഴിയുന്ന തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതിനു ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്കു പകരം മന്ത്രിസഭയ്ക്കു നൽകി ചട്ടത്തിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനായി സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുന്നതിനു ഗവർണറുടെ അനുമതി തേടാനാണു തീരുമാനം. ഈ ബില്ലിൽ ഒപ്പിടാനും ഗവർണ്ണർക്ക മുഖ്യമന്ത്രി വിശദീകരണം നൽകേണ്ടി വരും. ഗവർണർ 12 വരെ രാജ്ഭവനിലുണ്ടാകും. നവകേരള സദസിന്റെ തിരക്കിലായതിനാൽ അതു വരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി എത്തില്ല.
അതിനിടെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം ലഭിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനും സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ്. ശശികുമാറാണ് ഗവർണർക്ക് നേരിട്ട് നിവേദനം നൽകിയത്. ഇതും ഗൗരവത്തോടെ എടുക്കും.
സംസ്ഥാന സർക്കാറിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ആദ്യമാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഗവർണർ സംസ്ഥാന ചീഫ് സെക്രട്ടറിയോട് അടിയന്തര വിശദീകരണം തേടി. നിവേദനത്തിന്റെ പകർപ്പും ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.


