തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ രാഷ്ട്രീയമായി നേരിടാൻ സിപിഎമ്മും ഭരണപരമായി പ്രതിരോധിക്കാൻ സർക്കാരും ഒരുങ്ങുമ്പോൾ രാജ്ഭവനും നിലപാടുകൾ കടുപ്പിക്കും. എസ് എഫ് ഐ പ്രതിഷേധം പരിധി വിട്ടാൽ ഗവർണർ കർശന നിലപാടുകളിലേക്ക് എത്തും. ധന പ്രതിസന്ധിയിൽ അടക്കം ഗവർണർ സർക്കാരിനോട് ചോദിക്കുന്നതിന് ഉത്തരം ഇനി നൽകില്ല. ഇതിനൊപ്പം പ്രതിഷേധവും എത്തും. ഗവർണർക്ക് ഒരു പരിഗണനയും സർക്കാർ നൽകില്ല. ഭരണഘടനാ പരമായ ബാധ്യതകളിൽ മാത്രമേ സഹായം തേടൂ.

പുതിയ വർഷത്തിൽ നിയമസഭ തുടങ്ങേണ്ടത് സർക്കാരിന്റെ നയപ്രഖ്യാപനത്തോടെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സർക്കാർ നയങ്ങൾ സ്പീക്കറെ കൊണ്ടു പറയിക്കേണ്ടതും ഭരണ ഘടനാ ബാധ്യതയാണ്. ഇത് സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. ഗവർണർ ഈ വിഷയത്തിൽ എല്ലാ വിധ നിയമോപദേശവും തേടും. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കുന്ന നയപ്രഖ്യാപനം എന്ന പ്രത്യേകത ഇതിനുണ്ട്. കേന്ദ്ര സർക്കാരിനെ ഈ നയപ്രഖ്യാപനത്തിലൂടെ കടന്നാക്രമിക്കാനാണ് സർക്കാർ തീരുമാനം.

ഗവർണർക്കെതിരേ വിദ്യാർത്ഥി പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎം. നിർദേശിച്ചിട്ടുള്ളത്. വർഗബഹുജന സംഘടനകളുടെ പ്രതിഷേധവും വരുംദിവസങ്ങളിലുണ്ടാകും. എന്നാൽ, ഒരുവെല്ലുവിളിയുടെ സ്വരമുയർത്തി ഗവർണറെ നേരിടാൻ സർക്കാരോ മുഖ്യമന്ത്രിയോ കൂടുതലായി തയ്യാറാവില്ല. പകരം, ഭരണഘടനാപദവിവഹിച്ച് സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിക്കുന്നുവെന്ന പരാതി കേന്ദ്രത്തെ അറിയിക്കാനാണ് ആലോചന. ഗവർണറെ പിൻവലിക്കണമെന്നും ആവശ്യപ്പെടും. ഇത് കോടതിയിൽ ഉന്നയിക്കാനും സാധ്യതയുണ്ട്.

പിണറായി സർക്കാരിനെ പിരിച്ചു വിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അതിന് വേണ്ടിയാണ് എസ് എഫ് ഐയെ വെല്ലുവളിക്കുന്നത്. ഈ കെണിയിൽ വീഴരുതെന്നാണ് എസ് എഫ് ഐയ്ക്ക് സിപിഎം നൽകുന്ന നിർദ്ദേശം. കരുതലോടെ മാത്രമേ ഇനി പ്രതിഷേധം നടക്കൂ. പൊലീസിനെ വെട്ടിലാക്കുന്നതൊന്നും എസ് എഫ് ഐ ചെയ്യില്ല. രാഷ്ട്രീയ അജൻഡയോടെയാണ് ഗവർണറുടെ പ്രവർത്തനം എന്നത് സിപിഎം. ഏറെനാളായി ഉന്നയിക്കുന്നതാണ്. ആ അജൻഡ സർക്കാരിനെ അട്ടിമറിക്കാനുള്ള വഴിയൊരുക്കുന്നതിലേക്ക് എത്തിയെന്നതാണ് ആർ എസ് എസ് ശ്രമം. ഇതിൽ വീഴരുതെന്നാണ് നിർദ്ദേശം.

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്ന ഗവർണറുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയോട് സാമ്പത്തികനിലയെക്കുറിച്ചുള്ള രാജ്ഭവന്റെ അന്വേഷണവും സർക്കാർ ഗൗരവത്തോടെ എടുക്കേുന്നു. ഈ വിഷയത്തിൽ പ്രതികരിക്കില്ല. 'സംസ്ഥാനത്തെ ഭരണഘടനാസംവിധാനങ്ങൾ തകർന്നുതുടങ്ങുന്നു'വെന്ന് കഴിഞ്ഞദിവസം രാജ്ഭവനിൽനിന്നുള്ള പത്രക്കുറിപ്പാണ് രണ്ടാമത്തേത്. ഇതിനെ രാഷ്ട്രീയമായി നേരിടും. 2020-ൽ നയപ്രഖ്യാപനത്തിൽ പൗരത്വനിയമഭേദഗതി സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ്, മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടുമാത്രം വായിക്കുന്നുവെന്ന് അറിയിച്ചാണ് വായിച്ചത്.

എന്നാൽ സർക്കാർ നൽകുന്നതെല്ലാം വായിക്കുന്നതാണ് ഗവർണറുടെ രീതി. ഇനി അതിൽ മാറ്റമുണ്ടാകുമോ എന്നതാണ് അറിയിണ്ടേത്. എതിർ സമീപനമുണ്ടായാൽ കോടതിയെ പ്രശ്‌നം ധരിപ്പിക്കാനാകും സർക്കാർ ശ്രമിക്കുക. വെല്ലുവിളിയുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രംഗത്തെത്തുമ്പോൾ സുരക്ഷയൊരുക്കുന്നത് പൊലീസിനും വെല്ലുവിളിയാണ്. ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണർ പലപ്പോഴും സുരക്ഷ മറികടന്ന് പൊതുജനങ്ങൾക്കിടയിൽ ഇറങ്ങുന്നതാണ് പ്രശ്‌നം.

കോഴിക്കോട് മിഠായിത്തെരുവിലിറങ്ങിയ ഗവർണർ പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും ജനങ്ങൾ സുരക്ഷ നൽകുമെന്നും പ്രഖ്യാപിച്ചെങ്കിലും സുരക്ഷയൊരുക്കാൻ പാടുപെട്ടുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കോഴിക്കോട് സർവകലാശാലയ്ക്കുമുന്നിൽ സുരക്ഷയൊരുക്കാനും മറ്റിടങ്ങളിൽനിന്ന് പൊലീസിനെ എത്തിക്കേണ്ടി വന്നു.

ഇത്തരം പ്രതിസന്ധികൾ ഇനിയും പൊലീസിന് രാജ്ഭവൻ നൽകുമെന്നാണ് വിലയിരുത്തൽ. ഏതായാലും പൊലീസിനെ അറിയിക്കാതെയാകും ഇനി ഗവർണറുടെ തുടർ നീക്കങ്ങൾ.