- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രിയും ഗവർണറും പരസ്പരം നോക്കിയില്ല; ചായ സത്കാരവും മിക്ക മന്ത്രിമാരും ബഹിഷ്‌കരിച്ചു; 'കുടിക്കാത്ത ചായയ്ക്കും' പണം നൽകും; മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുള്ള അഞ്ചു ലക്ഷം അതിവേഗം നൽകി പിണറായി സർക്കാർ; രാജ്ഭവൻ ചോദിക്കുന്നത് വീണ്ടും കൊടുക്കുമ്പോൾ

തിരുവനന്തപുരം: പരസ്പരം മിണ്ടില്ലെങ്കിലും ഗവർണർ ചോദിക്കുന്നതെല്ലാം ഉടൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ അംഗീകരിക്കും. രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവ് 5 ലക്ഷം. സത്യ പ്രതിജ്ഞക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു.
ടൂറിസം ഡയറക്ടർക്കാണ് തുക അനുവദിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. ഈ ചായ മുഖ്യമന്ത്രി അടക്കമുള്ള മിക്ക മന്ത്രിമാരും കുടിച്ചിരുന്നില്ല. ഗവർണറോടുള്ള അതൃപ്തി ചർച്ചയാക്കാൻ ബഹിഷ്‌കരിച്ചു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച അത്രയും ആളുകൾ ചായ കുടിച്ചതുമില്ല. എങ്കിലും വരുന്ന അതിഥികൾക്കെല്ലാം രാജ് ഭവൻ ചായ സൽക്കാരത്തിന് വേണ്ടതെല്ലാം ചെയ്തിരുന്നു. അങ്ങനെ കുടിക്കാത്ത ചായക്കും പണം കൊടുക്കുകായണ് പിണറായി സർക്കാർ. സത്യപ്രതിജ്ഞയ്ക്കുള്ള പന്തൽ പൊതുമരാമത്ത് വകുപ്പ് ആണ് തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും കൂടി എത്തുന്ന മുറക്ക് സത്യപ്രതിജ്ഞ ചെലവ് വീണ്ടും ഉയരും.
മന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് ഗവർണറുടെ പിണക്കമായിരുന്നു. അടുത്തടുത്തിരിക്കുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിക്കുമോ എന്നായിരുന്നു ആകാംക്ഷ. അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിലെ എല്ലാ കണ്ണുകളും അവരുടെ നേർക്കായിരുന്നു. വൈകിട്ട് 3.57നു ചടങ്ങ് ആരംഭിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ്‌കുമാറും മറ്റു മന്ത്രിമാരും എത്തിയതിനു പിന്നാലെ 3.55നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈകൂപ്പി ഗൗരവത്തോടെ വേദിയിൽ പ്രവേശിച്ചു. ഒപ്പം മുഖ്യമന്ത്രിയും കയറി. പരസ്പരം നോക്കാതിരിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. ഗവർണറാകട്ടെ പലപ്പോഴും മുഖ്യമന്ത്രിക്ക് എതിർദിശയിലേക്കു തലതിരിച്ചിരുന്നു.
മുഖ്യമന്ത്രിയും ഗവർണറും സൗഹാർദം പ്രകടിപ്പിക്കാതെ വേദി വിട്ടെന്നു മാത്രമല്ല, ചടങ്ങിന്റെ ഭാഗമായ ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. പുതിയമന്ത്രിമാർക്ക് ഗവർണറായിരുന്നു രാജ്ഭവനിൽ ചായ സത്കാരം ഒരുക്കിയത്. എന്നാൽ, മുഖ്യമന്ത്രി ഇതിൽ പങ്കെടുക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പതിവ് തെറ്റി. അങ്ങനെ ചായ സത്കാരവും വെറുതെയായി.
ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കു പോയ വി.വേണുവിനു പകരം അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണു പ്രതിജ്ഞ ചൊല്ലാൻ മന്ത്രിമാരെ ക്ഷണിച്ചത്. കടന്നപ്പള്ളി സഗൗരവത്തിലും ഗണേശ്‌കുമാർ ദൈവനാമത്തിലും പ്രതിജ്ഞയെടുത്തു. പിന്നാലെ ഗവർണർ പൂച്ചെണ്ടു കൈമാറിയെങ്കിലും അപ്പോഴും മുഖത്തെ ഗൗരവം വിട്ടില്ല. മന്ത്രിമാർക്കു മുഖ്യമന്ത്രി പൂച്ചെണ്ടു നൽകിയപ്പോൾ ഗവർണർ പിന്നോട്ടു നീങ്ങി വഴിയൊരുക്കി. 4.06നു ചടങ്ങു പൂർത്തിയാക്കി ഗവർണർ പുറത്തേക്കു നടന്നു. അൽപനേരം കുശലം പറഞ്ഞ ശേഷം മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു തിരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിയോടും ഗണേശിനോടും അവരുടെ കുടുംബാംഗങ്ങളോടും ഏറെനേരം കുശലാന്വേഷണം നടത്തിയ ശേഷമാണു ഗവർണർ മടങ്ങിയത്.
ജനുവരി 26ന് ആണ് ഗവർണറും മുഖ്യമന്ത്രിയും ഇതിനു മുൻപു കൂടിക്കാഴ്ച നടത്തിയത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാജ്ഭവനിൽ ഗവർണർ ഒരുക്കിയ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്തു. ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവർണറും ഭാര്യ രേഷ്മയും ചേർന്നു സ്വീകരിച്ചു. മുഖ്യമന്ത്രിയെ കാറിനു സമീപത്തെത്തിയാണ് അന്നു ഗവർണർ യാത്രയാക്കിയത്. അതൊന്നും ഇന്നലെ ഉണ്ടായില്ല.



