- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ഡിസംബർ അഞ്ചിന് സഭയിൽ അവതരിപ്പിച്ചേക്കും; ബിൽ പാസായാലും ഗവർണ്ണർ ഒപ്പിടില്ല; നിർണ്ണായക തീരുമാനം എടുക്കേണ്ട ചുമതല രാഷ്ട്രപതിയുടേതാകും; വിസിമാരെ നിയമിക്കാൻ രാജ്ഭവൻ തയ്യാറെടുപ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ബിൽ അവതരിപ്പിക്കും. ബിൽ സഭ പാസാക്കിയാലും ഗവർണ്ണർ ഒപ്പിട്ടാലേ നിയമം ആകൂ. ബിൽ ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നൽകാനാണ് സാധ്യത.
ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ബില്ലിലൂടെ നീക്കം ചെയ്യുന്നത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.
എന്നാൽ ഗവർണ്ണറും സർക്കാരും തമ്മിലെ പോരാണ് എല്ലാ പ്രശ്നത്തിനും കാരണം. അതിനിടെ ഗവർണ്ണർമാരാകണം ചാൻസലർമാരെന്ന വ്യവസ്ഥ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിലെ നിയമ ഭേദഗതി അസാധുവാകും. സർവ്വകലാശാലകളിൽ സർക്കാരിന്റെ നിർദ്ദേശങ്ങളെ തള്ളി ഗവർണ്ണർ മുമ്പോട്ട് പോയിരുന്നു. കേരളാ സർവ്വകലാശാല വിസി നിയമനത്തിൽ അടക്കം ഇത് പ്രതിഫലിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ബിൽ കൊണ്ടു വരുന്നതെന്നതാണ് വസ്തുത.
ഗവർണർ ചാൻസലർ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു. ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുകൊണ്ടുവരണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സർവകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈദഗദ്ധ്യമുള്ള വ്യക്തികൾ വരണമെന്നാണ് സർക്കാർ നിലപാട്.
ചാൻസലർക്ക് ശമ്പളവും മറ്റു പ്രത്യേക വേതന വ്യവസ്ഥകളും ഉണ്ടാകില്ല. സർവകലാശാലയിൽ എല്ലാ അധികാരവും ഓഫിസും അനുവദിക്കും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് ഒരാളെ തന്നെ നിയമിക്കാൻ ആലോചനയുണ്ട്. അതേസമയം, സാങ്കേതികം, ഡിജിറ്റൽ, ആരോഗ്യം, വെറ്ററിനറി, ഷിഷറീസ്, കാർഷികം, കുസാറ്റ് തുടങ്ങിയ സർവകലാശാലകളിൽ അതതു വിഷയത്തിലെ പ്രഗൽഭരെ കണ്ടെത്തും.
കോടതി വിധികളുടെ പിൻബലത്തിൽ കേരളത്തിലെ എല്ലാ വിസിമാരേയും മാറ്റാനാണ് രാജ്ഭവന്റെ നീക്കം. ഇതിനുള്ള നടപടികൾ പ്രാഥമികമായി തുടങ്ങി കഴിഞ്ഞു. പുതിയ ബിൽ എത്തിയാലും ആ നടപടികളിൽ നിന്നും ഗവർണ്ണറെ പിന്തിരിപ്പിക്കാൻ സർക്കാരിന് കഴിയില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ