ന്യൂഡൽഹി: തനിക്കെതിരെ വിദ്വേഷ പ്രചരണത്തിന് കേസെടുത്തതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൈകോർത്തുവെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളാണ് ഇവർ. ഈ പ്രീണന രാഷ്ട്രീയമാണ് കശ്മീരിലും പഞ്ചാബിലും കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത്. ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേരള പൊലീസ് കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിലാണ് കൊച്ചി പൊലീസ് കേസെടുത്തിട്ടുള്ളത്. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. കേന്ദ്ര മന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രീണനനയമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയ മന്ത്രി സ്ഫോടനത്തിൽ ഹമാസിന്റെയടക്കം പങ്ക് ആരോപിച്ചിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷമായിരുന്നു രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

വർഗീയവാദി, വിഷം ചീറ്റൽ തുടങ്ങിയ പ്രയോഗങ്ങൾ മുഖ്യമന്ത്രി നിർത്തണം. മുഖ്യമന്ത്രിയുടെ കഴിവുകേടിനെയും അഴിമതിയെയും പ്രീണന രാഷ്ട്രീയത്തെയും മറയ്ക്കാനുള്ള മറയാണ് ആ പ്രയോഗങ്ങളെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി. കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.