- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശിരസ്സോ നേത്രങ്ങളോ ഇല്ലാതെ പ്രാണപ്രതിഷ്ഠ യുക്തമല്ല; അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങൾക്ക് എതിര്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് ശങ്കരാചാര്യൻ; 'ആചാരലംഘന' ആരോപണം അവഗണിക്കാൻ ബിജെപി
ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് ശങ്കരാചാര്യന്മാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ രംഗത്തെത്തി. നിർമ്മാണം പൂർത്തിയാകാത്തിനാൽ അയോധ്യയിലെ രാമക്ഷേത്രം അപൂർണമാണെന്നാണ് ഇവരുടെ ക്ഷം. അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങൾക്ക് എതിരായതിനാൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രമെന്നത് ഈശ്വരന്റെ ശരീരമാണ്. ക്ഷേത്രശിഖരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഈശ്വരന്റെ നേത്രങ്ങളെയാണ്. ക്ഷേത്രത്തിന്റെ കലശം ഈശ്വരന്റെ ശിരസ്സും ക്ഷേത്രപതാക ഈശ്വരകേശവുമാണെന്നും ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ പറഞ്ഞു. ശിരസ്സോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല. നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ഇതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതഗ്രന്ഥങ്ങൾ അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് എതിരായതിനാൽ താൻ പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കുന്നപക്ഷം തന്റെ സാന്നിധ്യത്തിൽ മതാനുശാസനങ്ങൾ ലംഘിക്കപ്പെട്ടതായി ജനങ്ങൾ പറയാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ആഘോഷപരിപാടികൾ നടത്തിയാൽ മതിയെന്ന കാര്യം അയോധ്യ ട്രസ്റ്റിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും വിഷയത്തിൽ ചർച്ച നടക്കുന്നതായും അവിമുക്തേശ്വരാനന്ദ അറിയിച്ചു. ജനുവരി 22-ന് നടക്കുന്ന ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കാത്തതിനെ കുറിച്ച് വിവാദങ്ങൾ പുകയുന്നതിനിടെയാണ് ശങ്കരാചാര്യൻ അവിമുക്താനന്ദയുടെ പ്രതികരണം.
ഉത്തരാഖണ്ഡ്, ഒഡിഷ, കർണാടക, ഗുജറാത്ത് എന്നിവടങ്ങളിലെ നാല് ശങ്കരാചാര്യന്മാരും രാമക്ഷേത്രപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാതെ പ്രതിഷ്ഠാച്ചടങ്ങ് നടത്തുന്നതിനാൽ തങ്ങൾ പങ്കെടുക്കില്ലെന്നറിയിച്ച് കോൺഗ്രസ് പാർട്ടി രംഗത്തെത്തിയതും ഇതേത്തുടർന്നായിരുന്നു.
അതേസമയം അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമർശനത്തെ അവഗണിക്കാൻ ബിജെപി തീരുമാനം. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്രതമെടുത്ത് മോദി ചടങ്ങിൽ പങ്കെടുക്കുന്നത് ആചാര്യന്മാരുടെ നിർദ്ദേശപ്രകാരമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. മറുവശത്ത്, ആചാരലംഘനമെന്ന ആക്ഷേപം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ത്യ സഖ്യത്തിലെ മുഴുവൻ കക്ഷികളും ചടങ്ങ് ബഹിഷ്‌ക്കരിക്കാനും ധാരണയായി.
നേരത്തെ വഅയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തുവന്നിരുന്നു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കുകയായിരുന്നു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനിൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്.
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിന്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നതിനാൽ പ്രതിഷ്ഠാച്ചടങ്ങിന് രാഷ്ട്രീയപരിവേഷം കൈവന്നതിനാലാണ് താൻ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്ന് പുരി ഗോവർദ്ധൻപീഠത്തിലെ ശങ്കരാചാര്യനായ സ്വാമി നിശ്ചലാനന്ദ സരസ്വതി അറിയിച്ചിരുന്നു. കർണാടകയിലെ ശങ്കരാചാര്യൻ ഭാരതി തീർത്ഥയും ഗുജറാത്തിലെ ശങ്കരാചാര്യൻ സദാനന്ദ സരസ്വതിയും ചടങ്ങിൽനിന്ന് വിട്ടുനിൽക്കും.