കാസർകോട്: മുത്തപ്പൻ തന്നോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെ വിമർശനങ്ങൾക്ക് നടുവിലാണ് മുസ്ലിം സ്ത്രീ. മതസൗഹാർദ്ദമെന്ന വിധത്തിൽ വീഡിയോ സൈബർ ഇടത്തിൽ പ്രചരിക്കുമ്പോഴും യാഥാസ്ഥിതികരായ ചിലരാണ് ഇതിൽ വിമർശനവുമായി രംഗത്തുവരുന്നത്. എന്നാൽ, തന്റെ അവസ്ഥ അറിഞ്ഞ് പലരും സഹായവുമായി വരുന്നുണ്ടെന്നും റംലത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുസ്ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ മുന്നിലെത്തിയ മുസ്ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പൻ. കാസർകോട് വലിയപറമ്പ് സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പൻ തെയ്യം ആശ്വസിപ്പിക്കുന്നത്.

വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസിൽ പേറിയാണ് റംലത്ത് മുത്തപ്പന്റെ അടുത്തെത്തുന്നത്. മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയിൽ കരുതിയിട്ടുണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്നവരിൽ താൻ മാത്രമേ മുസ്ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിർത്താൻ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയിൽ പറയുന്നുണ്ട്.

അപ്പോഴാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് മുത്തപ്പൻ ചോദിക്കുന്നതും റംലത്തിനെ ചേർത്ത് പിടിക്കുന്നതും. രണ്ട് വർഷം മുമ്പ് റംലത്തിന്റെ ഭർത്താവ് അബ്ദുൾ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടൽ തൊഴിലാളിയായിരുന്നുന കരിം. ഇവർക്ക് ഒരു ആൺകുട്ടിയും രണ്ട് പെൺമക്കളുമാണ്. ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കുടുംബം എത്തിപ്പെട്ടത്. ഈ സങ്കടമെല്ലാം ഉള്ളിൽ പേറിയാണ് റംലത്ത് മുത്തപ്പനെ കാണാൻ പോകുന്നത്.

ആദ്യമായാണ് മുത്തപ്പനെ കാണുന്നതെന്നും വീഡിയോ ആക്കിയതൊന്നും താൻ അറിഞ്ഞില്ലെന്നുമാണ് റംലത്ത് പറയുന്നത്. 'തൊട്ടടുത്ത വീട്ടിൽ മുത്തപ്പൻ വന്നതറിഞ്ഞ് കാണാൻ പോയതാണ്. ആദ്യമായിട്ടാ മുത്തപ്പനെ കാണുന്നത്. തെയ്യം നിക്കണ കണ്ട് പൈസ കൊടുക്കാനായി വന്നതാണ്, അടുത്തേക്ക് വന്നപ്പോൾ വിഷമമെല്ലാം പറഞ്ഞു. വീഡിയോ ആക്കിയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. പല ഭാഗത്ത് നിന്ന് ആളുകൾ വിളിക്കാൻ തുടങ്ങിയപ്പോഴാണ് വൈറലായതായി അറിഞ്ഞത്. ഒരുപാട് പേർ വിളിച്ച് സഹായിക്കാമെന്ന് പറയുന്നുണ്ട്,' റംലത്ത് പറഞ്ഞു.

അതേസമയം, മുത്തപ്പനെ കാണാൻ പോയതിന്റെ പേരിൽ തനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും റംലത്ത് പറയുന്നു. 'കണ്ണ് കലങ്ങണ്ടാന്നും പേടിക്കണ്ട, മുത്തപ്പനുണ്ടെന്നും പറഞ്ഞപ്പോൾ സങ്കടം വന്നു. അങ്ങനെയാണ് എല്ലാ വിഷമങ്ങളും മുത്തപ്പനോട് പറഞ്ഞത്. ചിലർ മുത്തപ്പനെ കാണാൻ പോയതിന് എന്നെ വിമർശിക്കുന്നുണ്ട്. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല,' റംലത്ത് കൂട്ടിച്ചേർത്തു. മുത്തപ്പന്റെ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.

നേരത്തെ മുത്തപ്പൻ വേഷത്തിൽ എത്തിയ ആളെയും തിരിച്ചറിഞ്ഞിരുന്നു. കരിവെള്ളൂർ വെള്ളച്ചാലിലെ സനിൽ പെരുവണ്ണാനാണ് പ്രബുദ്ധകേരളത്തിന്റെ പ്രതീകമായ പെരുവണ്ണാൻ. മുത്തപ്പൻ, തിരുവപ്പന, അന്തിത്തറ, കതിവനൂർ വീരൻ, ബാലി തുടങ്ങിയ നിരവധി കോലങ്ങളെ അരങ്ങിലെത്തിച്ച മികച്ച കോലധാരിയാണ് 37 കാരനായ സനിൽ പെരുവണ്ണാൻ. ഡ്രോയിങ് അദ്ധ്യാപകനും ഗ്രാഫിക്ക് ഡിസൈനറുമായിരുന്ന സനിൽ പെരുവണ്ണാൻ ഇപ്പോൾ മുഴുവൻ സമയം തെയ്യം കലാകാരനാണ്.

തന്റെ മുൻപിലെത്തിയ മുസ്ലിം സ്ത്രീയെ 'നീ വേറെയൊന്ന്വല്ല ഇട്വാ...അങ്ങനെ തോന്നിയാ... എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പൻ വെള്ളാട്ടം തന്റെ അനുഗ്രഹ വാക്കുകൾ ചൊരിയുന്നത്. അതിനിടയിൽ മുത്തപ്പന് മുന്നിൽ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പൻ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മതത്തിന്റെ പേരിൽ ഏറെ കാലൂഷ്യം നിറഞ്ഞ ഒരു കാലഘട്ടത്തിൽ വലിയൊരു ആശ്വാസമാണ് ഇത്തരം കാഴ്ചകൾ എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉയർന്ന പ്രതികരണം.