കൊച്ചി: ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ ഭീമൻരഘു മുഖ്യമന്ത്രിയെ കണ്ട് എഴുനേറ്റു നിന്നത് സൈബറിടത്തിൽ ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ഈ സംഭവം രഘുവിന്റെ കോമാളിത്തരമാണെന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് പറയുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേയാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

'ചലച്ചിത്ര പുരസ്‌കാര വിതരണ സമയം മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹം അത് ഒന്നു നോക്കുക പോലും ചെയ്തില്ല. ആ സമയം രഘുവിനോട് ഇരിക്കാൻ പറഞ്ഞാൽ അയാൾ അവിടെ ആളായി മാറും. അങ്ങനെ പിണറായി വിജയൻ ആരേയും ആളാക്കില്ല. അതാണ് അദ്ദേഹത്തിന്റെ നിലപാട്. രഘു സിനിമയിലും ഇതുപോലെ തന്നെ ഒരു കോമാളി ആണ്. ഞങ്ങൾ എല്ലാവരും അയാളെ എപ്പോഴും കളിയാക്കും. ആ മസിൽ മാത്രമേ ഉള്ളു' രഞ്ജിത്ത് പറഞ്ഞു.

ഒരുപാട് കാര്യങ്ങളിൽ വളരെ അധികം ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമല്ലെന്നും സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.

'കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് അദ്ദേഹം എത്തുമോ എന്ന് സംശയമായിരുന്നു. മന്ത്രി സജി ചെറിയാനു പോലും അക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. കാരണം അന്ന് നിയമസഭ നടക്കുന്ന സമയമാണ്. കൂടാതെ മന്ത്രിസഭ യോഗവും അദ്ദേഹം വിളിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തയാളെ വിളിച്ചിട്ട് അദ്ദേഹം വന്നേ പറ്റു എന്ന് ഞാൻ പറഞ്ഞു. സംശയമായിരിക്കുമെന്നായിരുന്നു ആദ്യം മറുപടി. പിന്നീട് ആറ് മണി മുതൽ ആറര വരെ ഇരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

കൃത്യ സമയം അദ്ദേഹം വേദിയിൽ എത്തി. എന്നാൽ പുരസ്‌കാര വിതരണം താഴെ തട്ടിൽ നിന്നാണ് തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് നേരത്തെ പോകേണ്ടതു കൊണ്ട് വിതരണം ചെയ്യേണ്ടതിന്റെ ഓർഡർ മാറ്റി. അതുകൊണ്ട് തന്നെ പുരസ്‌കാരം വാങ്ങുന്നവരെ വിളിക്കുന്നതിൽ നല്ല താമസമുണ്ടായി. ഞാൻ ആകെ ടെൻഷനായി. 'വിളിക്കേണ്ട ഓർഡർ മുഴുവൻ മാറ്റിയില്ലേ, അതിന്റെ സ്വാഭാവികമായ താമസമാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു സമാധാനിപ്പിച്ചു'-രഞ്ജിത്ത് പറഞ്ഞു.

അതേസമയം മലയാളത്തിന്‌റെ സൂപ്പർതാരങ്ങളെ കുറിച്ചും രഞ്ജിത്ത് മനസ്സു തുറന്നു. മോഹൻലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയിലാണെന്നാണ് രഞ്ജിത്ത് പറുയുന്നത്. മോഹൻലാൽ അദ്ദേഹത്തിന്റെ കംഫർട്ട്സോൺ ഇഷ്ടപ്പെടുന്ന ഒരാളാണ്, എന്നാൽ മമ്മൂട്ടി അതിന് നേരെ വിപരീതമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ക്രീനിൽ മോഹൻലാൽ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാൽ ജീവിതത്തിൽ അറിയാത്ത ഒരു കൂട്ടം ആളുകൾ വന്നാൽ അദ്ദേഹത്തിന് നാണമാകും. അതുകൊണ്ട് തന്നെ അദ്ദേഹം പുതിയ ആളുകളുമായി സിനിമകൾ ചെയ്യുന്നതും കുറവാണ്. ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പോലും സിനിമ ചെയ്യുമ്പോൾ നിർമ്മാതാക്കളെ അദ്ദേഹത്തിന് പരിചയമുണ്ട്. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, അദ്ദേഹത്തിന് വരുന്നയാൾക്ക് പൊട്ടൻഷ്യൽ ഉണ്ടെന്ന് തോന്നിയാൽ പിന്നെ അതുമതി. അദ്ദേഹത്തിന് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്നം- രഞ്ജിത്ത് പറഞ്ഞു.

'മമ്മൂക്ക നമ്മൾക്ക് സർപ്രൈസുകൾ തരുന്ന ഒരു നടനാണ്. അദ്ദേഹം കൃത്യമായി ഗൃഹപാഠം. ഡയലോഗുകളിലെ സ്ലാങ്ങുകൾ നന്നായി മനസിലാക്കും. പ്രാഞ്ചിയേട്ടൻ ചെയ്യുമ്പോൾ എന്റെ മനസിൽ മമ്മൂക്ക മാത്രമാണുണ്ടായിരുന്നത്. അതുപോലെ സ്പിരിറ്റ് എഴുതുമ്പോൾ അതിൽ മോഹൻലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.

എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ (സംവിധായകൻ പത്മരാജൻ) മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല. എന്നാൽ അദ്ദേഹം നല്ലൊരു നടനാണ്. ആളുകൾ പറയാറുണ്ട് എന്റെയും മോഹൻലാലിന്റെ മീറ്റർ ഒരു പോലെയാണെന്നാണ്. അതുകൊണ്ടാണ് എന്റെ എഴുത്തുകൾ കൂടുതലും ചേർന്നുവരിക മോഹൻലാലിനായിരിക്കും'- രഞ്ജിത്ത് കൂട്ടിച്ചേർത്തു.