- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രതികൾ നിരോധിത തീവ്രവാദ സംഘത്തിലെ അംഗങ്ങളും കൊലചെയ്യാൻ പരിശീലനം ലഭിച്ചവരും; ഇവർ പുറത്തിറങ്ങിയാൽ നാടിന് ആപത്തെന്ന് വാദിച്ചത് പ്രോസിക്യൂഷൻ; മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകി വാദം അംഗീകരിച്ചു കോടതിയും; 15 പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ കേരള ചരിത്രത്തിൽ ആദ്യം
ആലപ്പുഴ: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ യാതൊരു കുറ്റവും ചെയ്യാത്ത ആളെ തെരഞ്ഞെടുത്തു വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ചു വെട്ടിക്കൊല്ലുക. കേരളം നടുങ്ങിയ അരുംകൊലകളുടെ കൂട്ടത്തിലാണ് ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം. ആലപ്പുഴയിൽ വിശാലമായ രാഷ്ട്രീയ- സാമൂഹിക ബന്ധങ്ങൾ ഉള്ള വ്യക്തിയെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം വീട്ടിൽ കയറി അരുംകൊല ചെയ്തത്. നാടിനെ നടുക്കിയ ഈ വധക്കേസിലെ വിധിയും അത്യപൂർവ്വമാണ്.
ഒരാളെ കൊലപ്പെടുത്തിയതിന്റെ പേരിൽ 15 പേർക്ക് വധശിക്ഷ ലഭിക്കുന്നു എന്നതാണ് ഈ കേസിൽ അപൂർവ്വമായ കാര്യം. കേരളത്തിലെ നീതിന്യായ ചരിത്രത്തിൽ ആദ്യ സംഭവമാണ്. ഒരു കേസിൽ വധശിക്ഷ ലഭിക്കുന്ന പ്രതികളുടെ എണ്ണത്തിൽ, രഞ്ജിത്ത് വധക്കേസ് സ്വതന്ത്ര് ഇന്ത്യയുടെ ചരിത്രത്തിൽ നാലാം സ്ഥാനത്താണ്. 2008 ലെ അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസാണ് കൂടുതൽ പ്രതികൾക്ക് വധശിക്ഷ ലഭിച്ചതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഈ കേസിൽ 38 പ്രതികളെയാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
49 പ്രതികളിൽ 11 പേരെ വധശിക്ഷയ്ക്കും വിധിച്ചു. രാജീവ് ഗാന്ധി വധക്കേസാണ് കൂട്ടത്തോടെ തൂക്കുകയർ ലഭിച്ച പ്രതികളുടെ എണ്ണത്തിൽ രണ്ടാമത്. 26 പ്രതികളെയാണ് ടാഡ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2010 ലെ ബിഹാർ ദലിത് കൂട്ടക്കൊലയാണ് വധശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണത്തിൽ മൂന്നാമത്. 16 പേർക്കാണ് ഈ കേസിൽ തൂക്കുകയർ വിധിച്ചത്.
രഞ്ജിത്തിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതികൾ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാൻ പരിശീലനം ലഭിച്ചവരുമാണ്. ഇവർ പുറത്തിറങ്ങിയാൽ നാടിന് ആപത്താണെന്നും അതിനാൽ മാതൃകാപരമായ ശിക്ഷ നൽകണമെന്നും കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാദത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ക്രൂരതയും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഈ വാദം അംഗീകരിക്കുയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചെയ്തിരിക്കുന്നത്.
പ്രതികൾ ദയ അർഹിക്കുന്നില്ലെന്നാണ് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങൾ പുറത്തുവരികയും സംഘടനയെ നിരോധിക്കുകയും ചെയ്തത് അടക്കമുള്ള കാര്യങ്ങൾ കോടതിയും പരിഗണിച്ചു. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.
പ്രോസിക്യൂഷൻ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുമാണ് തെളിവായി ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ആണ് കോടതിയിൽ ഹാജരായത്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്.
കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനൽനടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികൾ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് കോടതിയിൽ ഹാജരായത്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ കൊലപാതകക്കുറ്റം കൂടാതെ പ്രതികൾക്കെതിരെ മറ്റു കുറ്റകൃത്യങ്ങളും ചുമത്തിയിരുന്നു. മാരകായുധങ്ങളുമായിവീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് ഒന്നുമുതൽ എട്ടുവരെ പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449 വകുപ്പുപ്രകാരം കുറ്റക്കാരാണ്. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കടന്നതിന് ഒൻപതുമുതൽ 12 വരെ പ്രതികൾ 447 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
വീട്ടിൽ നാശനഷ്ടമുണ്ടാക്കിയതിന് ഒന്ന്, അഞ്ച്, ഒൻപത്, 11, 12 പ്രതികൾ 427 വകുപ്പുപ്രകാരവും ഒന്നുമുതൽ എട്ടുവരെ പ്രതികൾ 506(2) വകുപ്പുപ്രകാരവും രഞ്ജിത്തിന്റെ അമ്മയെ വാളുപയോഗിച്ച് ആക്രമിച്ചതിന് എട്ടാംപ്രതി 324 വകുപ്പുപ്രകാരവും കുറ്റക്കാരാണ്. കുടുംബാംഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് രണ്ട്, ഏഴ്, എട്ട് പ്രതികൾ 323 വകുപ്പുപ്രകാരവും അന്യായ തടസ്സമുണ്ടാക്കിയതിന് ഒന്നുമുതൽ എട്ടുവരെ പ്രതികൾ 341 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
തെളിവുനശിപ്പിച്ച കുറ്റത്തിന് ഒന്നുമുതൽ ഒൻപതുവരെ പ്രതികളും 13, 15 പ്രതികളും 201 വകുപ്പുപ്രകാരവും കുറ്റംചെയ്തതായി കോടതി കണ്ടെത്തി. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കാളികളാണ്. ഇവർക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. മാരകായുധങ്ങളുമായി രഞ്ജിത്തിന്റെ വീടിനുമുന്നിൽ കാവൽനിന്ന ഒൻപതു മുതൽ 12 വരെയുള്ള പ്രതികളുടെ ലക്ഷ്യം രഞ്ജിത്ത് രക്ഷപ്പെടാതിരിക്കലായിരുന്നു. ഐ.പി.സി. 149-ാം വകുപ്പുപ്രകാരം ഇവർക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഗൂഢാലോചനയ്ക്ക് നേതൃത്വംനൽകിയ 13 മുതൽ 15 വരെയുള്ള പ്രതികളും കൊലപാതകക്കുറ്റത്തിനു ശിക്ഷാർഹരാണ്.