- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കൗതുക കാഴ്ചകൾ; ശങ്കരപ്പിള്ളി പഴയ റോഡും പാലവും വീണ്ടും ദൃശ്യമായി; ജലനിരപ്പ് ഇത്തരത്തിൽ താഴുന്നത് 30 വർഷത്തിന് ശേഷം ആദ്യം; കാഴ്ച കാണാൻ പുതുതലമുറയുടെ തിരക്ക്
തൊടുപുഴ: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ശങ്കരപ്പിള്ളിയിലെ പഴയ റോഡും പാലവും ദൃശ്യമായത് കൗതുകക്കാഴ്ചയായി. മലങ്കര ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് 1990 കാലഘട്ടത്തിൽ പഴയ മുട്ടം- മൂലമറ്റം റോഡ് വെള്ളത്തിനടിയിലായത്. നിരവധി പാലങ്ങളും കെട്ടിടങ്ങളും അടക്കം ഇത്തരത്തിൽ അന്ന് വെള്ളത്തിനടിയിൽ മറഞ്ഞുപോയി.
പുതുതലമുറ ഈ പ്രദേശത്തെ അവശേഷിപ്പായ പഴയ പാലങ്ങളും റോഡും കൗതുകത്തോടെയാണ് നോക്കി കാണുന്നത്. ശങ്കരപ്പിള്ളി കോളനിക്ക് സമീപമാണ് പാലം ദൃശ്യമായത്. ഈ പാലത്തിനും ഇതിനോട് ചേർന്നുള്ള പ്രദേശവും ഗതകാലത്തിന്റെ സ്മരണകളായി ഇന്നും നിലനിൽക്കുന്നു. വെള്ളം കുറഞ്ഞതോടെ മീൻ പിടിക്കാനും, വെള്ളത്തിനടിയിലായിരുന്ന പഴയ പ്രദേശവും കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
മലയാള സിനിമയിലെ സൂപ്പർ ഹിറ്റായി മാറിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. നേരത്തെയും പാലത്തിന്റെ ഭാഗങ്ങൾ ദൃശ്യമായിട്ടുണ്ടെങ്കിലും കൈവരിയുടെ മുകൾ ഭാഗം മാത്രമാണ് കാണാനായിരുന്നത്. 30 വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ജലനിരപ്പ് താഴുന്നത്.
അതേ സമയം വെള്ളം താഴ്ന്നതോടെ ഡാമിന്റെ അറക്കുളം, കാഞ്ഞാർ, കുടയത്തൂർ, മുട്ടം തുടങ്ങിയ വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമാണ് ദൃശ്യമായിരിക്കുന്നത്. ഇത് കാണാനായി പ്രദേശവാസികളടക്കം നിരവധി സഞ്ചാരികളും മേഖലയിലെത്തുന്നുണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന റോഡും തോടും അതുപോലെ തന്നെ കാണാൻ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് നാട്ടുകാർ കാണുന്നത്. മലങ്കര ഡാമിലെ ഷട്ടറുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി വീണ്ടും ജലസംഭരണിയിൽ വെള്ളം നിറക്കുന്നതോടെ ഇപ്പോൾ ദൃശ്യമായ പാലവും പഴയ റോഡും വീണ്ടും വെള്ളത്തിനടിയിലാകും.
മറുനാടന് മലയാളി ലേഖകന്.