ഉത്തരകാശി: രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യമാണ് ഒടവിൽ ഇന്ന് പൂർത്തിയായത്. ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുത്തിയത് അസാധാരണ മികവോടു കൂടിയുള്ള രക്ഷപ്രവർത്തനങ്ങൽ വഴിയാണ്. പല വിധത്തിലുള്ള പ്രതിസന്ധികളാണ് വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വന്നത്. എങ്കിലും അവസാനം ആ തൊഴിലാളികളുടെ ചിരി പുറംലോകം കണ്ടു.

നവംബർ 12ന് പുലർച്ചെ അഞ്ചരയോടെയാണ് നിർമ്മാണത്തിലിരുന്ന സിൽക്യാര തുരങ്കത്തിൽ അപകടമുണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. നവംബർ 13ന് ആദ്യഘട്ടത്തിൽ ഓക്സിജനും ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള സ്റ്റീൽ പൈപ്പ് തൊഴിലാളികൾക്ക് എത്തിച്ചു. അവശ്യസാധനങ്ങൾ എത്തിക്കുന്നതിനൊപ്പം തൊഴിലാളികളുമായി സംസാരിക്കാനും ഇതുവഴി കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തിച്ച മെഷീൻ ഉദ്ദേശിച്ച ഫലം തരാതെ വന്നതോടെ അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ എത്തിക്കാൻ എൻഎച്ച്‌ഐഡിസിഎൽ ആവശ്യപ്പെട്ടു. ഓഗർ മെഷീൻ ഉപയോഗിച്ച് ആദ്യം നിർമ്മിച്ച പ്ലാറ്റ്ഫോം മണ്ണിടിഞ്ഞ് തകർന്നു. പിന്നീട് നവംബർ 16-ന് മറ്റൊരു പ്ലാറ്റ്ഫോം സജ്ജമാക്കി അർധരാത്രിയോടെ ഓഗർ രക്ഷാദൗത്യം ആരംഭിച്ചു. തൊട്ടടുത്ത ദിവസം 24 മീറ്റർ തുരന്ന് നാല് പൈപ്പുകൾ അകത്ത് കടത്തി.

അഞ്ചാമത്തെ പൈപ്പ് കടത്തുമ്പോൾ പാറക്കല്ല് തടസ്സമായി. തുരങ്കത്തിൽ വിള്ളൽ കണ്ടതോടെ രക്ഷാപ്രവർത്തനം ഉടൻ നിർത്തിവെച്ചു. തുടർന്ന് ഓഗർ മെഷീൻ പ്രവർത്തിക്കുമ്പോഴുള്ള പ്രകമ്പനം കൂടുതൽ അപകടമുണ്ടാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് ഡ്രില്ലിങ് പുനരാരംഭിക്കാൻ സാധിച്ചില്ല. ഇതോടെ രക്ഷാപ്രവർത്തനത്തിന് മറ്റുവഴികൾ തേടി. തുരങ്കത്തിന് മുകളിൽ നിന്നുള്ള വെർട്ടിക്കൽ ഡ്രില്ലിങ് ഉൾപ്പെടെ അഞ്ച് രക്ഷാദൗത്യങ്ങൾ ഒരേസമയം നടത്താൻ തീരുമാനിച്ചു.

ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് തൊഴിലാളികൾക്കരികിലെത്തിച്ചു. ഇതുവഴി ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. നവംബർ 21നാണ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. അവർ കുടുംബാങ്ങളുമായി സംസാരിച്ചു. അന്നു തന്നെ തുരങ്കത്തിന്റെ മറുഭാഗത്ത് നിന്ന് മറ്റൊരു തുരങ്കം നിർമ്മിക്കാനും ആരംഭിച്ചു. നവംബർ 22-ന് 45 മീറ്റർ ദൂരം ഡ്രില്ലിങ് പൂർത്തിയാക്കി പൈപ്പുകൾ സ്ഥാപിച്ചു. ലക്ഷ്യത്തിലേക്ക് 12 മീറ്റർ മാത്രമുള്ളപ്പോൾ ഓഗർ മെഷീന്റെ വഴിമുടക്കി ലോഹഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അതോടെ ഡ്രില്ലിങ് വീണ്ടും തടസപ്പെട്ടു.

നവംബർ 23ന് ഡ്രില്ലിങ് പുനരാരംഭിച്ചെങ്കിലും ഓഗർ മെഷീൻ സ്ഥാപിച്ച പ്ലാറ്റ്ഫോമിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ഡ്രില്ലിങ് നിർത്തിവെച്ചു. അടുത്ത ദിവസം ഓഗർ മെഷീന്റെ ഷാഫ്റ്റും ബ്ലേഡും പൊട്ടി അകത്ത് കുടുങ്ങിയതോടെ വീണ്ടും രക്ഷാപ്രവർത്തനം നിലച്ചു. പിന്നാലെ ഓഗർ മെഷീൻ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പൂർണ്ണമായി ഉപേക്ഷിച്ചു. മെഷീന്റെ ഭാഗങ്ങൾ നീക്കിയാലുടൻ മാനുവൽ ഡ്രില്ലിങ് ആരംഭിക്കാൻ തീരുമാനിച്ചു. മുകളിൽ നിന്ന് വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചു.

നവംബർ 27-ന് ഇന്ത്യൻ സൈന്യവും രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി. റാറ്റ് ഹോൾ മൈനഴ്സ് എന്നറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികൾ സിൽകാരയിൽ എത്തി. വെർട്ടിക്കൽ ഡ്രില്ലിങ് 31 മീറ്റർ പിന്നിട്ടു. നവംബർ 28-ന് റാറ്റ് ഹോൾ മൈനിങ്ങിലൂടെ ഡ്രില്ലിങ് 50 മീറ്റർ പിന്നിട്ടു. ഇതിന് പിന്നാലെ ആശ്വസ വാർത്തകളും എത്തി. ഇന്ന് രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു. രക്ഷാദൗത്യം വിജയം.

തുണയായത് റാറ്റ്‌ഹോൾ മൈനിങ്.

പലവിധത്തിൽ പ്രതിസന്ധികൾ നേരിട്ട രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം വിജയം കണ്ടത് റാറ്റ്ഹോൾ മൈനിങ്ങിലൂടെയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ 'എലി മാളം' പോലുള്ള ചെറുതുരങ്കങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോൾ മൈനിങ്. റാറ്റ് ഹോൾ മൈനേഴ്‌സ് എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കൽക്കരി ഖനനം ചെയ്‌തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോൾ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ, റാറ്റ് ഹോൾ മൈനിങ് നിരോധിച്ചിരുന്നു. എന്നാൽ നിരോധനം നിലനിൽക്കെ തന്നെ അനധികൃതമായി റാറ്റ് മൈനിങ് സജീവമാണ്.

ട്രെഞ്ച്‌ലെസ് എൻജിനീയറിങ് സർവീസസ് എന്ന കമ്പനിയാണ് റാറ്റ് ഹോൾ മൈനേഴ്‌സിനെ സിൽക്യാരയിൽ എത്തിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായി റാറ്റ് ഹോൾ മൈനിങ് നടത്തിയവരാണ് ഈ തൊഴിലാളികൾ. നേരത്തേ ഡ്രില്ലിങ്ങിന് ഉപയോഗിച്ച അമേരിക്കൻ ഓഗർ മെഷീനും കമ്പനിയുടേതായിരുന്നു.

800 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പിനകത്ത് കയറിയാണ് റാറ്റ് ഹോൾ മൈനേഴ്‌സ് രക്ഷാവഴി നിർമ്മിക്കുന്നത്. റാറ്റ് ഹോൾ മൈനേഴ്‌സിന്റെ 12 പേരടങ്ങുന്ന സംഘമാണ് സിൽക്യാരയിലുള്ളത്. ഒരുസമയം രണ്ട് പേരാണ് തുരങ്കത്തിനകത്ത് ഡ്രില്ലിങ് നടത്തിയത്. ഇവർക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും സർക്കാർ സജ്ജമാക്കിയിരുന്നു. മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാമെന്ന ആത്മവിശ്വാസം റാറ്റ് ഹോൾ മൈനേഴ്‌സ് പ്രകടിപ്പിച്ചിരുന്നു.

'അഞ്ചോ ആറോ മീറ്റർ മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീർത്ത് അവരെ ഞങ്ങൾ പുറത്തെത്തിക്കും. ഒരു മീറ്റർ തുരക്കാനായി ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ സമയമാണ് ഞങ്ങളെടുക്കുന്നത്. ഇടയിൽ എന്തെങ്കിലും തടസമുണ്ടായാൽ കൂടുതൽ സമയമെടുക്കുമെന്ന് രക്ഷാപ്രവർത്തകർ പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ തടസങ്ങളില്ലാതെ സുഗമമായി നടന്നു.

ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് നൽകി പ്രധാനമന്ത്രി

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവർത്തനത്തിന്റെ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്ന് തുരങ്കത്തിൽ കുടുങ്ങിയ സുഹൃത്തുക്കളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. ഒപ്പം നല്ല ആരോഗ്യവും. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും അഭിനന്ദിക്കാതിരിക്കാനാവില്ല.

ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ആത്മവീര്യത്തിന് മുന്നിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങൾക്ക് പുതുജീവൻ നൽകി. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മനുഷ്യത്വത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അത്ഭുതകരമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി കുറിച്ചു.