തിരുവനന്തപുരം:നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് സംസ്ഥാനത്ത് തുടക്കമാകുമ്പോൾ കർശ്ശന നിബന്ധനകളാണ് സർവ്വേക്കായി റവന്യൂ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക.ഡിജിറ്റൽ സർവേ നടക്കുന്ന ഈ 200 വില്ലേജുകളിലെയും ഭൂ ഉടമസ്ഥർ അടിയന്തിരമായി തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ 'എന്റെ ഭൂമി' പോർട്ടലിൽ ഉണ്ടോ എന്നു പരിശോധിക്കാൻ റവന്യു വകുപ്പിന്റെ നിർദ്ദേശം വന്നുകഴിഞ്ഞു.വിവരങ്ങൾ ഇല്ലെങ്കിൽ അവ കൂട്ടിച്ചേർക്കാനായി പോർട്ടൽ മുഖേന ഉടൻ തന്നെ അപേക്ഷിക്കണം.

അത് മാത്രമല്ല, സർവ്വേ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾ വേറെയുമുണ്ട്. ഡിജിറ്റൽ സർവ്വേ തുടങ്ങുന്ന സമയം മുതൽ സർവേ ഉദ്യോഗസ്ഥർ ഭൂമി സംബന്ധിച്ച എന്ത് വിവരങ്ങൾ ആവശ്യപ്പെട്ടാലും അത് പരിശോധനയ്ക്കായി നൽകണം. ഭൂമിയുടെ അതിർത്തികളിലെ കാടുകൾ തെളിച്ച് സർവേ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കണം. ഭൂമിയുടെ അതിർത്തി അടയാളങ്ങൾ കൃത്യമാക്കുക, സർവേ ഘട്ടത്തിലും പൂർത്തിയാകുമ്പോഴും രേഖകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കുക, സർവേ സമയത്ത് ഭൂ ഉടമസ്ഥർ സ്ഥലത്ത് ഇല്ലെങ്കിൽ ഒരാളെ സർവ്വേയുടെ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തുക എന്നിവയാണു മറ്റു നിർദ്ദേശങ്ങൾ.

ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂർ, വെയിലൂർ, മേൽ തോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയുർ, കീഴ്‌തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്‌ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റുർ, ചെറുന്നിയുർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തുക.

സർവ്വേ ബോധവൽക്കരണത്തിന് 200 വില്ലേജുകളിൽ ഈ മാസം 12നും 30നും ഇടയിൽ ഗ്രാമസഭകളുടെ മാതൃകയിൽ സർവേ സഭകൾ രൂപീകരിക്കും. സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ഈ മാസം 12നു നടക്കും. സർവ്വേയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നിരുന്നു.

സർവേ സഭയുടെ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ടു ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും. സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെൽപർമാരെയും നിയമിക്കും.ഡിജിറ്റൽ റീ സർവ്വെക്കായി 807.38 കോടി രൂപയാണ് റീബിൽഡ് കേരളയിൽ നിന്നും അനുവദിച്ചിട്ടുള്ളത്.

എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡിജിറ്റൽ റീ സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെല്പർമാരെയും നിയമിക്കും. ഡിജിറ്റൽ റീ സർവെക്കായി 807.38 കോടി രൂപ റീബിൽഡ് കേരളയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.