- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതൊന്നും അയ്യപ്പനോ യഥാർഥ ഹിന്ദുക്കൾക്കോ അവഹേളനമാവില്ല; ആർത്തവ സമയത്ത് ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണം; സുപ്രീം കോടതിയിൽ രഹ്നാ ഫാത്തിമയുടെ സത്യവാങ്മൂലം ഇങ്ങനെ
ന്യൂഡൽഹി: സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിവാദത്തിലായ ആക്റ്റിവിസ്റ്റാണ് നടിയും മോഡലുമായ രഹ്ന ഫാത്തിമ. ഇതിന്റ പേരിൽ കഴിഞ്ഞ രണ്ടുവർഷമായി അവർ കോടതി കയറിയിറങ്ങുകയാണ്. ശബരിമലയിൽ പോയി മതസ്പർധവളർത്താൻ ശ്രമിച്ചുവെന്ന കേസിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായി. ജാമ്യത്തിലിറങ്ങിയ രഹ്ന വീണ്ടും കേസിൽ പെട്ടു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് 'ഗോമാവ് ഉലത്തിയത്' എന്ന പേരിലൊക്കെ അർധനഗ്നയായി കുക്കിങ്ങ് വീഡിയോ ഇട്ടതിന്റെ പേരിലും രഹ്നക്കെതിരെ വീണ്ടും കേസുണ്ടായി.
പക്ഷേ ശബരിമല സമരക്കാലത്ത് സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാട് എടുത്ത സംസ്ഥാന സർക്കാർ ആവട്ടെ ഇപ്പോൾ പൂർണ്ണമായും യു ടേൺ എടുത്തിരിക്കയാണ്. രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് രഹ്ന ആരോപിച്ചു. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണമെന്നും രഹ്ന ആവശ്യപ്പെട്ടു.
മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ ആരോപിച്ചിട്ടുണ്ട്. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമർത്താനും സർക്കാർ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതിനാലാണ് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക് നേരിടുന്നതും. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ സമാനമായ രീതിയിൽ നടപടി എടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
താൻ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപെടുന്ന രീതിയിൽ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാർഥ ഹിന്ദുക്കൾക്കോ അവഹേളനം തോന്നില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തെ കുട്ടികളെ ഉപയോഗിച്ച തന്റെ നഗ്ന ശരീരത്തിൽ ബോഡി ആർട്ട് ചെയ്തിന്റെ പേരിലും രഹ്ന വിവാദത്തിൽ ആയിരുന്നു.
ഇനി പ്രതീക്ഷ സുപ്രീം കോടതിയിൽ
നടിയും മോഡലുമായ രഹ്ന ഫാത്തിമ ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാറു തുറന്നു നടത്തിയ പ്രതിഷേധവും ദേശീയമാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂർ പൂരത്തിന് തന്റെ നേതൃത്വത്തിൽ പെൺപുലികളെയിറക്കിക്കൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു രഹ്ന ഫാത്തിമ. ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ചു മാലയിട്ട് വ്രതമാരംഭിച്ചുവെന്ന വാർത്ത പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ രഹ്ന പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ വിവാദം കത്തിപ്പടർന്നു. സഭ്യതയ്ക്കു നിരക്കാത്ത രീതിയിലുള്ള ചിത്രത്തിനെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. അതിനു പിന്നാലെയാണ് പ്രതിഷേധം വകവയ്ക്കാതെ മലകയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണമുണ്ടായത്.
രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് പങ്കാളി മനോജ് ശ്രീധർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീട് ആക്രമിക്കപ്പെട്ടത്. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. ബിഎസ്എൻ എൽ ഉദ്യോഗസ്ഥയായ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. രഹ്നയെ ബിഎസ്എൻഎൽ സസ്പെന്റ് ചെയ്യുകയും ചെയ്തു.
നേരത്തെ ഏക എന്ന സിനിമയിൽ പൂർണ്ണ നഗ്നയായി അഭിനയിച്ചും രഹ്ന വാർത്തകളിൽ നിറഞ്ഞിരുന്നു. പക്ഷേ ശബരിമല സമരത്തിനുശേഷം അവർക്ക് കഷ്ടകാലമാണ് ഉണ്ടായത്. കേസുകൾക്ക് പിന്നാലെ പങ്കാളി മനോജ് ശ്രീധറും രഹ്നയെ പിരിഞ്ഞു. ജോലിയും നഷ്ടമായി. ഒരുവേള താമസിക്കാൻ ഫ്ളാറ്റുകൾ പോലും കിട്ടാതെ അവർ ദുരിതത്തിൽ ആയിരുന്നു. ഇപ്പോൾ സുപ്രീം കോടതിൽ നടക്കുന്ന കേസിലാണ് രഹ്നയുടെ പ്രതീക്ഷയുള്ളത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ