- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് താൽക്കാലിക ആശ്വാസം! കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ കടപരിധിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം; 2000 കോടി കൂടി കടമെടുത്തു പിടിച്ചു നിൽക്കാൻ സർക്കാർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. ഇതിനിടെയാണ് സർക്കാർ ധൂർത്തുകളുമായി മുന്നോട്ടു പോയത്. ഇതിനിടെ പിണറായി സർക്കാറിന് പിടിച്ചു നില്ക്കാൻ ഒരു അവസരം കൂടി ലഭിച്ചു. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിന് താത്കാലിക ആശ്വാസമായി ഇളവും ലഭിച്ചിരിക്കയാണ്.
കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഇതോടെ സംസ്ഥാനത്തിന് കൂടുതൽ തുക കടമെടുക്കാൻ സാധിക്കും. കേന്ദ്ര തീരുമാനത്തിന് പിന്നാലെ 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടപ്പത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19-നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഈവർഷം കിഫ്ബിയും സാമൂഹികസുരക്ഷാകമ്പനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.
അതേസമയം കേരളം ഗുരുതരമായ സാമ്പത്തികവിഷമത്തിലെന്ന് തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേൽ കേന്ദ്രം കൈകടത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കുകയോ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തികദുരന്തം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
ധവളപത്രത്തിന് സമാനമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. കുറവിലങ്ങാട്ട് നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വായ്പനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് വായ്പസമാഹരണത്തിൽ 1.07 ലക്ഷം കോടി നഷ്ടപ്പെട്ടു. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് തനതായ അധികാരമുണ്ട്. കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താനും അധികാരമുണ്ട്.
സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് സാമ്പത്തികസഹായം നൽകാനും കഴിയും. ധനകാര്യ കമ്മിഷനുകളുടെ നിർദ്ദേശം പരിഗണിച്ച്, ധനക്കമ്മി നികത്താൻ സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി കേരളത്തിനു 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികൾ മൂലം 2020-21 സാമ്പത്തിക വർഷം 9614.30 കോടിയും 2021-22ൽ 6281.04 കോടിയും കേരളത്തിനു നഷ്ടമായി. അടുത്ത അഞ്ചു വർഷംകൊണ്ടു ഇതു 2 മുതൽ 3 ലക്ഷം കോടി രൂപ വരെയാകും. 2003ലെ കേരള ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആക്ട് വഴിയായി ജിഡിപിയുടെ 3.5% ആണു സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല. നികുതി, നികുതിയിതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ് മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു ശുപാർശ ചെയ്യുന്നതു സംബന്ധിച്ചു ഗവർണർക്കു വിശദീകരണം നൽകും. സംസ്ഥാന സർക്കാരിനു ബജറ്റ് നിശ്ചയിക്കാനും പൊതുകടം കൈകാര്യം ചെയ്യാനും അധികാരമുണ്ട്. സർക്കാർ ഉടമസ്ഥതയിൽ സംരംഭങ്ങൾ രൂപീകരിക്കാനും നടത്താനും പൂർണ അധികാരമുണ്ട്. എന്നാൽ ഇവയിലുള്ള കടന്നുകയറ്റമാണു കേന്ദ്രം നടത്തുന്നത്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ പെരുവഴിയിലാകാനും കേന്ദ്ര ഇടപെടൽ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.