- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ രാഷ്ട്രീയ തടവുകാർക്ക് എളുപ്പം പുറംലോകം കാണാം; രാഷ്ട്രീയ കുറ്റവാളികൾക്കും ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം; ലഭിക്കുക 15 ദിവസം മുതൽ ഒരു വർഷം വരെ; ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്ക് ഇളവ് ലഭിക്കില്ല; പത്ത് വർഷം തടവ് ലഭിച്ചവർക്ക് പരമാവധി ലഭിക്കുക 6 മാസത്തെ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ ശിക്ഷാ ഇളവ് നൽകുന്ന കാര്യത്തിൽ മാനദണ്ഡങ്ങൾക്ക് രൂപം നൽകി മന്ത്രിസഭാ യോഗം. ജീവപര്യന്തം ശിക്ഷ ലഭിക്കാത്തവർക്ക് ഇളവു നൽകാൻ വേണ്ടിയാണ് സർക്കാർ മാനദണ്ഡങ്ങൾ പുതുക്കിയത്. രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മാനദണ്ഡങ്ങൾക്കാണ് അംഗകാരമായത്.
ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവു നൽകും. രാഷ്ട്രീയ കുറ്റവാളികളിൽ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടവർക്കു മാത്രം ഇളവു ലഭിക്കില്ല. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്കു ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണു മാനദണ്ഡങ്ങൾ തയാറാക്കിയത്. അർഹതയില്ലാത്തവർ ഇളവു നേടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതർ പറയുന്നു.
കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, ലഹരി മരുന്നു കേസിൽ ഉൾപ്പെട്ടവർ തുടങ്ങിയവരും രാഷ്ട്രീയ കുറ്റവാളികളുമാണു ശിക്ഷാ ഇളവ് അനുവദിക്കാത്തവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. കൊലക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ള രാഷ്ട്രീയ കുറ്റവാളികളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കി. വധ ഗൂഢാലോചന, മറ്റു സഹായങ്ങൾ, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്ക് അതോടെ ഇളവിന് അർഹത ലഭിക്കും.
പുതിയ തീരുമാന പ്രകാരം 3 മാസം വരെ തടവിനു ശിക്ഷിക്കപ്പെട്ടവർക്ക് 15 ദിവസം വരെ ഇളവു ലഭിക്കും. 6 മാസം വരെ തടവ് 1 മാസം ഇളവാണ് നിർദേശിച്ചിരിക്കുന്നത്. ഒരു വർഷം വരെ തടവി ലഭിച്ചവർക്ക് രണ്ട് മാസവും 2 വർഷം തടവ് ലഭിച്ചവർക്ക് മൂന്ന് മാസവും ശിക്ഷാ ഇളവ് ലഭിക്കും. 5 വർഷം തടവ് 4 മാസം, , 10 വർഷം തടവ് 5-6 മാസം വരെയുമാണ് ഇളവ് ലഭിക്കുന്നത്.
രാഷ്ട്രീയ കുറ്റവാളികൾ ഒഴികെയുള്ള ജീവപര്യന്തം തടവുകാർക്കു പരാമവധി ഒരു വർഷം വരെ ഇളവ് അനുവദിക്കാം. 14 വർഷത്തെ ശിക്ഷാ കാലാവധി ഇവർക്കു ബാധകമായിരിക്കും. ആഭ്യന്തര വകുപ്പിന്റെ 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇളവിനുള്ള കാലാവധി ശിക്ഷാ കാലത്തിന്റെ പകുതിയോ പരമാവധി രണ്ടു വർഷം വരെയോ എന്നാണു തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്, 4 വർഷം ശിക്ഷ ലഭിച്ചവർക്കും 2 വർഷം കഴിഞ്ഞു പുറത്തിറങ്ങാൻ സാധിച്ചിരുന്നു. അതു തടയാനാണ് ഓരോ വർഷത്തെയും ഇളവിനുള്ള പട്ടിക പ്രഖ്യാപിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
മറുനാടന് മലയാളി ബ്യൂറോ