കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വിജയകരമായി പുരോഗമിക്കവേ, അതിനൊക്കെ കല്ലുകടിയായി സോഷ്യൽ മീഡിയയിൽ വിദ്വേഷ -വിവാദങ്ങളും നിറയുകയാണ്. അതിൽ ഏറ്റവും പ്രധാനം, ട്വന്റിഫോർ ന്യൂസിലെ വാർത്ത അവതാരകനും, കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദമാണ്. കലോത്സവത്തിൽ സ്ഥിരമായി വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത്, ബ്രാഹ്‌മണിക്കൽ ഹെജിമണിയുടെയും ജാതിവാദത്തിന്റെയും, ശുദ്ധതാവാദത്തിന്റെയും ലക്ഷണമായാണ് ഇവർ കാണുന്നത്. പൊളിറ്റിക്കൽ കറക്ടനസ്സിന്റെ അസ്‌ക്യതയുള്ള ലെഫ്റ്റ്- ലിബറൽ പ്രൊഫൈലുകൾ ഒരുപോലെ വെജിറ്റേറിയൻ ഭക്ഷണം മാത്രം കലോത്സവത്തിൽ വിളമ്പുന്നതിനെതിരെ രംഗത്ത് എത്തി.

എന്നാൽ ഇവർ ആരോപിക്കുന്ന പോലെ ബ്രാഹ്‌മണിക്കലായ അശുദ്ധിയുടെ ഭാഗമൊന്നും ആയിട്ടില്ല പഴയിടം മോഹനൻ നമ്പൂതിരി ഇവിടെ ഭക്ഷണം വിളമ്പുന്നതെന്നും, അദ്ദേഹത്തിന് നോൺ വെജിറ്റേറിയനോട് യാതൊരു അയിത്തവുമില്ലെന്നും സോഷ്യൽ മീഡിയ ആക്്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. കാരണം ഇതേ പഴയിടം തന്നെയാണ് സംസ്ഥാന സ്‌കുൾ കായികമേളയിൽ ചിക്കനും, ബീഫും വിളമ്പിയത്. കായികമേളക്കിടെ പഴയിടം ഏഷ്യനെറ്റിന് കൊടുത്ത ഒരു ഇന്റവ്യൂവും ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'കായികമേളയിൽ വെറൈറ്റിയേക്കാൾ കുട്ടികൾക്ക് ന്യുട്രീഷ്യസ് ഫുഡ് കൊടുക്കുക എന്നതാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പാല്, മുട്ട പഴം, വൈകുന്നേരം ഒന്നുകിൽ ബീഫ് അല്ലെങ്കിൽ ചിക്കൻ, ഇവയിൽ ഏതെങ്കിലും ഒന്ന് ഊണിനൊപ്പം ഉണ്ടാവും.''- അതായത് ചിക്കനും ബീഫും ഒന്നും പാകം ചെയ്യാൻ പഴയിടത്തിന് യാതൊരു മടിയും ഇല്ല എന്നും, ബ്രാഹ്‌മണിക്കൽ ബോധ്യങ്ങൾ അദ്ദേഹത്തെ നയിക്കുന്നില്ല എന്ന് വ്യക്തമാണ്.

എവിടെയും ജാതി തിരുകുന്നു

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് രാഹുൽ വിജയൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഈ കലോത്സവത്തിന് 'ബ്രാഹ്‌മണിക്കൽ ഹിജമണി'യുടെ ഭാഗമായ വെജിട്ടേറിയൻ ഭക്ഷണം കോൺട്രാക്ട് എടുത്ത അതേ പഴയിടം നമ്പൂതിരി തന്നെയാണ് കഴിഞ്ഞ സ്‌കൂൾ കായിക മേളയുടെ ഭക്ഷണ കോൺട്രാക്ട് എടുത്തതും..ഒരൊറ്റ വ്യത്യാസം മാത്രം.. കലോത്സവത്തിന് ഭക്ഷണം സദ്യ ആയിരുന്നെങ്കിൽ കായികമേളക്ക് ബീഫും ചിക്കനും മറ്റുമായിരുന്നു..പക്ഷെ അന്ന് ജാതിബാനി അരുൺ കുമാറിന്റെ ഭക്ഷണത്തിലെ ജാതി തിരുകി കയറ്റിയുള്ള കുത്തി തിരുപ്പും ബ്രാഹ്‌മണിക്കൽ ചുക്കാമണി ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം..സമൂഹത്തിൽ ജാതി വിഷം കയറ്റി ആനന്ദം കൊള്ളുന്ന അരുൺ കുമാറിനെ പോലെയുള്ള തുരപ്പന്മാരെ പാടെ അവഗണിച്ചു നടന്നാൽ പോലും ഇത്തിരി പ്രശ്നങ്ങൾ ഇല്ലാതാക്കാം.. തൊപ്പി ഇട്ടവരും പൂണൂൽ ഇട്ടവരും കൊന്തയണിഞ്ഞവരും ഒക്കെ ഈ നാട്ടിലെ പൗരന്മാരാണ് ഹേ.. പഴയ ചരിത്രങ്ങളുടെ പേരിൽ പുതിയ തലമുറയെ അപഹസിക്കുന്നതും അപവൽക്കരിക്കുന്നതും ഒരു തരം ഫോബിയ തന്നെയാണ്.''- രാഹുൽ വിജയൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഭക്ഷണ വൈവിധ്യമാണ് വിഷയമെങ്കിൽ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ബീഫിന് പകരം പോർക്ക് പാകം ചെയ്താൽ എത്രപേർ അംഗീകരിക്കുമെന്നും ചോദ്യമുയരുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ ചോദിക്കുന്നു. 'എന്നാൽ ഞാനൊരു കാര്യം ചോദിക്കട്ടെ? കലോത്സവത്തിന്റെ ഊട്ടുപുരയിൽ പന്നിയിറച്ചി കൂടി വിളമ്പിയാൽ എങ്ങനെയിരിക്കും?കോഴി ബിരിയാണിക്കും ബീഫ് ഫ്രൈയ്ക്കും ഒച്ചപ്പാടുണ്ടാക്കുന്നവരൊക്കെ ആ ഭാഗത്തു തന്നെ കാണുമോ?'' - ഇതായിരുന്നു സാദിഖിന്റെ പോസ്റ്റ്. അപ്പോൾ ആരാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.

ഫണ്ടിന്റെ അപര്യാപ്തത, വേസ്റ്റ് മനേജ്മെന്റ്, തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ടാണ് കലോത്സവത്തിന് സസ്യഭക്ഷണം ആക്കിയത് എന്നും ഇത് മിശ്ര ഭക്ഷണം ആക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇതുസംബദ്ധിച്ച് പഠിച്ച പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മാംസഭക്ഷണം അടുത്ത തവണ പരിഗണിക്കാമെന്ന് മന്ത്രി വി ശിവൻ കുട്ടിയും പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഭക്ഷണത്തിൽ പോലും ജാതി കയറ്റിവിട്ട്, സംസ്ഥാനം പാചകശ്രേഷ്ഠ പുരസ്‌ക്കാരം നൽകി ആദരിച്ച, പഴയിടം മോഹനൻ നമ്പൂതിയെ അപമാനിക്കുന്നത് എന്നുമാണ് ചോദ്യം ഉയരുന്നത്.

ഡോ അരുൺകുമാറിന്റെ വിവാദ പോസ്റ്റ് ഇങ്ങനെയാണ്:

'ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.''- ഈ പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്.