കൊച്ചി: റിപ്പോർട്ടർ ചാനൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ & ബി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയെന്ന് ജന്മഭൂമി റിപ്പോർട്ട്. റിപ്പോർട്ടർ ചാനൽ ഓഹരികൾ മുട്ടിൽ കുടുംബവുമായി ബന്ധമുള്ള കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായി ചാനൽ എം.ഡി. നികേഷ് കുമാർ സമർപ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരാകരിച്ചുവെന്നും ആർ എസ് എസ് പത്രമായ ജന്മഭുമി റിപ്പോർട്ട് ചെയ്യുന്നു. ആരോപണങ്ങൾ റിപ്പോർട്ടർ ടിവി നിഷേധിക്കുന്നുണ്ട്. ഇതിനിടെയാണ് ജന്മഭൂമിയിൽ വീണ്ടും വാർത്ത വരുന്നത്.

ജന്മഭൂമി വാർത്ത ചുവടെ

പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഏഴു കോടി രൂപ റിപ്പോർട്ടർ ചാനലിനു കൈമാറിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നികേഷിനെ അടുത്തിടെ ഇ.ഡി. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തത്. പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് കവറേജ് നൽകാനും നേതാക്കളെ ചർച്ചകളിൽ പങ്കെടുപ്പിക്കാനുമുള്ള സ്പോൺസർഷിപ്പ് തുകയാണ് ലഭിച്ചതെന്ന നികേഷിന്റെ വിശദീകരണത്തിൽ ഇ.ഡി. തൃപ്തരല്ല. ഇതേ കുറിച്ച് സമാന്തരമായി ഐബി, എൻ ഐ എ അന്വേഷണം നടക്കുന്നുണ്ട്.

റിപ്പോർട്ടർ ന്യൂസ് ചാനൽ ഉടമസ്ഥത സംബന്ധിച്ചു വിവിധ കോടതികളിൽ കേസ് നടന്നിരുന്നു. എം. വി. നികേഷ് കുമാർ ക്രിമിനൽ ഗൂഢാലോചന നടത്തി വ്യാജ രേഖകൾ ചമച്ചും, ഷെയർ അലോട്മെന്റിൽ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകൾ നടന്നതായി കാണിച്ചും, ഭൂരിപക്ഷം ഓഹരികൾ തട്ടിപ്പ് നടത്തി സ്വന്തം ആക്കി ചാനലിന്റെ ഉടമസ്ഥൻ ചമഞ്ഞു വില്പന നടത്തിയതു മായി ബന്ധപെട്ട കേസ് സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ചു തൊടുപുഴ ട്രയൽ കോടതിയിൽ വിചാരണ നടക്കുകയാണ്

2016 ൽ രജിസ്റ്റർ ചെയ്ത കേസിൽ 2018 കുറ്റപാത്രം സമർപ്പിച്ചു. കേസിൽ ട്രയൽ തടസപ്പെടുത്താൻ പ്രതികൾ ഹൈ കോടതിയിൽ നിന്നും ട്രയൽ സ്റ്റേ എടുത്തിരുന്നു. 2020 ൽ തന്നെ സ്റ്റേ ഹൈ കോടതി നീക്കം ചെയ്തു. എന്നാൽ തൊടുപുഴ സിജെഎം കോടതിയിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റേ ഉണ്ട് എന്ന് കള്ളം പറഞ്ഞു ട്രയൽ നീട്ടി കൊണ്ട് പോകുകയായിരുന്നു.

ഹർജ്ജിക്കാരിയായ ലാലി ജോസഫ് പരാതി നൽകിയതിനെതുടർന്ന് ട്രയൽ നടപടികൾ ആരംഭിച്ചു. പ്രതികൾ കോടതിൽ ഹാജരായി ജാമ്യം എടുക്കാൻ കോടതി നിർദ്ദേശിച്ചു. അതിന് പ്രകാരം നികേഷും ഭാര്യ റാണിയും കോടതിയിൽ ഹാജരായി ജാമ്യം പുതുക്കി. റിപ്പോർട്ടർ ന്യൂസ് ചാനലിന്റെ ഉടമസ്ഥത തെളിയിക്കുന്ന നിർണ്ണായക വിധി പുറപ്പെടുവിക്കാനുള്ള അന്തിമ അധികാരം സുപ്രീം കോടതി ട്രയൽ കോടതിക്ക് നൽകിയിരുന്നു. കോടതിയിൽ സത്യം തെളിയും എന്നും ചാനലിന്റെ ഉടമസ്ഥത നഷ്ടപ്പെടും എന്നും വ്യക്തമായി അറിയാവുന്ന പ്രതികൾ ചാനൽ വാങ്ങാൻ വന്ന അഗസ്റ്റിൻ സഹോദരന്മാർക്ക് വില്പന നടത്തുകയായിരുന്നു. ഷെയർ അലോട്മെന്റ് സംബന്ധിച്ചു നാഷണൽ കമ്പനി ലോ അപ്പേലറ്റ് ട്രിബൂണൽ ചെന്നൈ ബെഞ്ചിൽ റിപ്പോർട്ടർ ചാനൽ ഉടമസ്ഥത കേസ് ഇപ്പോഴും നിലനിൽക്കുന്നു.

തട്ടിക്കുട്ടു കമ്പനി ഉണ്ടാക്കി റിപ്പോർട്ടർ ചാനൽ ഷെയർ അഗസ്റ്റിൻ സഹോദരന്മാർ വാങ്ങി. റിപ്പോർട്ടർ ചാനൽ കമ്പനിയുടെ ബൈലോ പ്രകാരം ചാനലിൽ ഉള്ള ഏതെങ്കിലും ഷെയർ ഹോൾഡർ ചാനലിന്റെ ഷെയർ വാങ്ങാൻ തയാറായാൽ അവർക്കു വേണ്ടെങ്കിൽ മാത്രമേ പുറത്തു മറ്റൊരു വ്യക്തിക്ക് കൊടുക്കാൻ പാടാള്ളു. ചാനലിന്റെ മുഴുവൻ ഷെയർകളും എടുക്കാൻ തയ്യാറാണ് എന്ന് ലാലി ജോസഫ് 2019 ലും 2023 ലും രേഖമൂലം അപേക്ഷ കൊടുത്തിട്ടുള്ളതാണ്. അത് പ്രകാരം അവർക്കു വേണ്ടെങ്കിൽ മാത്രം പുറത്തു കൊടുക്കാനാകു.

വിവരാവകാശ രേഖകൾ പ്രകാരം 7 കോടി രൂപക്കാണ് അഗസ്റ്റ്യൻ സഹോദരന്മാർക്ക് നികേഷ് റിപ്പോർട്ടർ ചാനൽ വില്പന നടത്തിയതായി കാണുന്നത്. ഇത് കോടതി അലക്ഷ്യം ആണ്. ചാനൽ ഉടമസ്ഥത സംബന്ധിച്ചു ക്രിമിനൽ കേസും കമ്പനി കേസും വിവിധ കോടതികളിൽ നിലനിൽക്കേ കളവു മുതൽ വില്പന നടത്തി. അത് അറിഞ്ഞുകൊണ്ട് വാങ്ങി. കോടതി വിധിയിൽ അട്ടിമറി ഉണ്ടായില്ല എങ്കിൽ ഉറപ്പായും റിപ്പോർട്ടർ ചാനൽ കേസ് ഇന്ത്യയിൽ ഒരു റഫറൻസ് കേസ് ആയി മാറും.