- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരഞ്ജീവിയുടെ പ്രിയന്, പക്ഷേ മകന് രാം ചരണുമായി ഫാന്‍ ഫൈറ്റ്; പവന്‍ കല്യാണുമായി കടുത്ത ശത്രുത; പ്രശാന്ത് കിഷോറിനെ കണ്ടുവെന്ന വാര്‍ത്തയും രാഷ്ട്രീയക്കാര്‍ക്ക് ഭീതിയായി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയക്കളികള്‍; മുഖ്യ വില്ലന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോ?
അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ രേവന്ത് റെഡ്ഡിയോ?
ജനലക്ഷങ്ങളല്ല, അക്ഷരാര്‍ത്ഥത്തില്‍ ജനകോടികള്‍ തന്നെ ആരാധകരായി ഉള്ള താരമാണ് തെലുഗ് നടന്‍ അല്ലു അര്‍ജുന്‍. പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ താരത്തെ, കഴിഞ്ഞ ദിവസം ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ സിനിമാലോകത്തെതന്നെ ഞെട്ടിച്ചു. പുഷ്പ 2 റിലീസിന്റെ ഭാഗമായി, അല്ലു ഹൈദരബാദിലെ സന്ധ്യാ തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലുവിനെതിരെ കേസ് വന്നത്. കീഴ്ക്കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ നടന്‍ ജയിലാവുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഒടുവിലാണ്, ആരാധകര്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ സ്റ്റേ വന്നത്.
പക്ഷേ അപ്പോഴും ചില ചോദ്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഇത്രയും വലിയ ഒരു താരത്തെ, അയാള്‍ക്ക് നേരിട്ട് പങ്കില്ലാത്ത ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍, ധൃതി പിടിച്ച് ബെഡ് റൂമില്‍ വരെ പാഞ്ഞെത്തി, അറസ്റ്റ് ചെയ്യാന്‍ രാഷ്ട്രീയ സ്വാധീനം ഇല്ലെങ്കില്‍ പൊലീസ് തയ്യാറാവുമോ? ഇടക്കാല ജാമ്യം അനുവദിച്ച ഹൈക്കോടതി കേസ്, പ്രഥമദൃഷ്ടാ നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ എന്തിനായിരുന്നു പിടികിട്ടാപ്പുള്ളിയെപ്പോലെ ഇത്രയും ബഹളമുണ്ടാക്കി താരത്തെ അറസ്റ്റ് ചെയ്തത് എന്ന ചോദ്യം ബാക്കിയാവുന്നു.
വില്ലന്‍ രേവന്ത് റെഡ്ഡിയോ?
ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പൊലീസ് അല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദ് പൊലീസാണ് അല്ലുവിനെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പകയാണെന്നാണ് ആക്ഷേപം. അല്ലുവും രേവന്ത് റഡ്ഡിയും തമ്മില്‍ നേരത്തെ നല്ല ബന്ധത്തിലല്ല. തെലുഗു സിനിമയെ കൈപ്പിടിയില്‍ ഒതുക്കാന്‍ രേവന്ത് നടത്തുന്ന ചില ഇടപെടലുകള്‍, അല്ലു ഇടപെട്ട് പൊളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈയിടെ പുഷ്പ 2 വിന്റെ വിജയത്തില്‍ നന്ദി പറയുമ്പോള്‍, രേവന്ത് റെഡ്ഡിയുടെ പേര് പറയുമ്പോള്‍ അല്ലു തപ്പിത്തടഞ്ഞത് വാര്‍ത്തയായിരുന്നു. രേവന്തിന്റെ അനുയായികള്‍, ഇത് അല്ലുവിനെതിരെ പ്രചരിപ്പിച്ചിരുന്നു. ഹൈദരബാദിലുണ്ടായ ഈ അറസ്റ്റിനു പിന്നില്‍ തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത നടനോടുള്ള, മുഖ്യമന്ത്രിയുടെ വൈരാഗ്യമാണെന്നാണ് തെലുഗ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
അല്ലുവിന്റെ സുഹൃത്ത് കൂടിയായ ആന്ധ്രാമുഖ്യമന്ത്രി, ചന്ദ്രബാബു നായിഡുവില്‍ നിന്ന് രാഷ്ട്രീയം പഠിച്ചയാളാണ്, രേവന്ത് റെഡ്ഡി. പഠിക്കുന്ന കാലത്ത് എ.ബി.വി.പി.യിലായിരുന്ന രേവന്ത്, 2007-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് നിയമസഭാ കൗണ്‍സിലില്‍ എത്തുന്നത്. വൈകാതെ തെലുഗുദേശത്തില്‍ ചേര്‍ന്ന് എം.എല്‍.എ.യും പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമായി. ആന്ധ്രാവിരുദ്ധ വികാരം ശക്തിപ്രാപിച്ച തെലങ്കാനയില്‍ തെലുഗുദേശം പാര്‍ട്ടിക്ക് ഭാവിയില്ലെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസിനെ കടപുഴക്കിയാണ് പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. വെറും എട്ട് വര്‍ഷം മുമ്പു മാത്രമാണ് കോണ്‍ഗ്രസിലെത്തിയയാള്‍ ഇപ്പോള്‍ ഒരു സംസ്ഥാനം അടക്കി ഭരിക്കയാണ്. അംഗത്വം സ്വീകരിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ലഭിച്ചു.
എതിരാളികളെ നിര്‍ദാക്ഷിണ്യം കടന്നാക്രമിക്കാന്‍ മടിക്കാത്ത അന്നത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിനോട് രേവന്ത് അതേ നാണയത്തില്‍ തിരിച്ചടിച്ചയാണ് രേവന്ത് വളര്‍ന്നത്. ഒടുവില്‍ റാവുവിനെ തോല്‍പ്പിച്ച് അധികാരവും പിടിച്ചു. ഇതേ സമയത്തുതന്നെ സിനിമാ താരങ്ങളെ വരുതിയിലാക്കാന്‍ രേവന്ത് ശ്രമം നടത്തിയിരുന്നു. ഒപ്പം തെലുഗ് നിര്‍മ്മാതാക്കളെ പാട്ടിലാക്കാനും, പരോക്ഷമായി സിനിമക്ക് ഫിനാന്‍സ് ചെയ്യാനും തുടങ്ങി. ഇതിനുള്ള ക്ഷണം അല്ലു നിരസിച്ചതാണ് രേവന്ത് റെഡ്ഡിക്ക് പകയായി മാറിയത് എന്നാണ് പറയുന്നത്. തക്കം നോക്കി നടന്ന അദ്ദേഹം കിട്ടിയ സമയത്ത് പണികൊടുത്തുവെന്നാണ്, അല്ലുവിനെ അനുകൂലിക്കുന്നവര്‍ പ്രതികരിക്കുന്നത്.
ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറിച്ചുവെക്കുക എന്ന തന്ത്രവും ഈ അറസ്റ്റിന് പിന്നിലുണ്ട്. പുഷ്പ 2 റിലീസിന് അല്ലു അര്‍ജുന്‍ സന്ധ്യ തീയേറ്റില്‍ എത്തുമെന്ന്, തീയേറ്റര്‍ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നു. സന്ധ്യാ തിയേറ്ററിന്റെ മാനേജ്‌മെന്റ് പോലീസിന് നല്‍കിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ അനുവാദം ചോദിച്ചില്ലെന്നും, അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്ന പൊലീസ വാദം ഇതോടെ പൊളിഞ്ഞു. ഇതോടെ താരത്തിന് മതിയായ സുരക്ഷ ഒരുക്കാത്ത പൊലീസാണ് പ്രതിക്കൂട്ടില്‍ ആവുന്നത്. ഈ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി കൂടിയായിരുന്നു അല്ലുവിന്റെ അറസ്റ്റ് എന്നാണ് പറയുന്നത്.
പവനും, തേജയും ശത്രുക്കള്‍
ഇനി ആന്ധ്ര പ്രദേശിലേക്ക് വന്നാല്‍ അവിടെയും അല്ലുവിന് രാഷ്ട്രീയ പിന്തുണയില്ല. ബന്ധുക്കളായ ചിരഞ്ജീവി കുടുംബവും അല്ലു അര്‍ജുനും തമ്മിലുള്ള ഭിന്നത പരസ്യമാണ്. അല്ലുവിന്റെ മുത്തച്ഛന്‍ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ, ഹാസ്യതാരമായിരുന്നു. നമ്മുടെ നാട്ടില്‍ അടുര്‍ഭാസിയെപ്പോലെയൊക്കെ അറിയപ്പെടുന്നയാള്‍. ഈ അല്ലു രാമ ലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. സുരേഖയുടെ സഹോദനാണ് അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദ്.
സിനിമയും രാഷ്ട്രീയവും ഒന്നാകുന്ന കാഴ്ച പലതവണ കണ്ട നാടാണ് തമിഴകത്തെപോലെ തെലുഗ് മണ്ണും. എന്‍ടി രാമറാവു കോണ്‍ഗ്രസിനെ തൂത്തെറിച്ച് ഒറ്റക്ക് അധികാരത്തിലെത്തിയത് നടന്‍ എന്ന ഇമേജുകൊണ്ടാണ്. പിന്നീട് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയും, സഹോദരനും നടനുമായ പവര്‍ സ്റ്റാര്‍ പവന്‍ കല്യാണും തെലുഗ് രാഷ്ട്രീയത്തിലിറങ്ങി. ചേട്ടന്റെ പ്രജാരാജ്യം പാര്‍ട്ടി പൊളിഞ്ഞുപോയെങ്കിലും, സ്വന്തമായ ജനസേന എന്ന പാര്‍ട്ടിയുണ്ടാക്കിയ അനിയന്‍ പവന്‍ കല്യാണ്‍ ഇപ്പോള്‍ ടിഡിപി-ബിജെപി സഖ്യം ഭരിക്കുന്ന ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയാണ്. പവനും ചിരഞ്ജീവിയും തമ്മിലുള്ള ഭിന്നതളുടെ ഒരു പ്രധാന കാരണമായി പറയുന്നത്, അല്ലുവിനോടുള്ള ചിരഞ്ജീവിയുടെ വാല്‍സല്യമായിരുന്നുവെന്നും ഒരു വേള വാര്‍ത്തകള്‍ വന്നിരുന്നു. അല്ലുവിനെ ആദ്യകാലത്ത് വളര്‍ത്താന്‍ ഒരുപാട് ചിരഞ്ജീവി സഹായിച്ചിരന്നു. ഇപ്പോഴും അവര്‍ തമ്മില്‍ നല്ല ബന്ധമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് അല്ലു, പവനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ തന്റെ സുഹൃത്ത് രവി കിഷോര്‍ റെഡ്ഡിക്കുവേണ്ടി മാത്രമാണ് ഈ നടന്‍ പ്രചാരത്തിന് എത്തിയത്. ഇതും വാര്‍ത്തയായി. ആ സമയത്ത് ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചുവെന്ന് പറഞ്ഞ്, അല്ലുവിനെതിരെ ഇതുപോലെ പൊലീസ് കേസ് എടുത്തിരുന്നു. പവന്‍ കല്യാണാണ് കേസിന് പിന്നില്‍ എന്നാണ് പറഞ്ഞുകേട്ടത്. പക്ഷേ ആ കേസ് ആന്ധ്ര ഹൈക്കോടതി തള്ളി. പവന്‍ ജയിച്ച് ഉപമുഖ്യമന്ത്രിയായതോടെ, അല്ലുവിനുനേരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാണ് പവന്‍ ഫാന്‍സ് ഉയര്‍ത്തിയത്.
അതുപോലെ തന്നെ ചിരഞ്ജീവിയുടെ മകനും, രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ പാന്‍ ഇന്ത്യ നായകനുമായ രാം ചരണ്‍ തേജയുമായി ശരിക്കും പ്രൊഫണല്‍ ജലസിയുടെ ഭാഗമായി വന്ന കടുത്ത ഫാന്‍ ഫൈറ്റ് അല്ലുവിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ആരാധകര്‍ പരസ്പരം കടിച്ചു കീറുകയാണ്. പുതിയ ചിത്രം ഗെയിം ചേഞ്ചറിനെ കുറിച്ച് അല്ലു മോശം പരാമര്‍ശനം നടത്തി എന്ന് ആരോപിച്ച് റാം ചരണിന്റെ ആരാധകര്‍ അല്ലുവിനെതിരെ തിരിഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടോക്കെ അല്ലുവിന് രാഷ്ട്രീയ പിന്തുണ ആന്ധ്രയില്‍നിന്നും കിട്ടില്ലെന്നും രേവന്ത് റെഡ്ഡിക്ക് നന്നായി അറിയാമായിരുന്നു.
രാഷ്ട്രീയത്തില്‍ ഫയര്‍ ആവുമോ?
പക്ഷേ പുഷ്പയപ്പോലെതന്നെ ജീവിതത്തിലും ഫയര്‍ ആണ് അല്ലുവെന്ന് അവര്‍ മറന്നുപോയി. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും ആരാധകര്‍ ഉള്ള നടനാണ് അല്ലു. ഈ അറസ്റ്റിനോട് അദ്ദേഹം സഹകരിച്ച രീതി നടന്റെ ഇമേജ് കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. മരിച്ച സ്ത്രീയുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയാണ് അല്ലു കൊടുത്തത്. യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്. പക്ഷേ അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ പറയുന്നത്. സംഭവിച്ചതൊന്നും അല്ലു അര്‍ജുന്റെ തെറ്റല്ലെന്നുമാണ് മരിച്ച സ്ത്രീയൂടെ ഭര്‍ത്താവ് പറഞ്ഞത്.
അല്ലു രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് തെലങ്കാനായിലെയും ആന്ധ്രയിലെയും രാഷ്ട്രീയക്കാര്‍ക്ക് നല്ല ഭയമുണ്ട്. രണ്ടിടത്തും ഒരുപോലെ സ്വാധീനമുള്ള അല്ലു, പൊളിറ്റിക്സില്‍ ഇറങ്ങിയാല്‍ മറ്റൊരു എന്‍ടിആര്‍ ആവുമെന്നും അവര്‍ ഭയക്കുന്നു. പുഷ്പ-2വിന്റെ വിജയാഘോഷത്തിനായി ഡല്‍ഹിയിലെത്തി അല്ലു അര്‍ജുന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതും താരത്തിന്‍െ അറസ്റ്റിനൊപ്പം കൂട്ടിവായിക്കണം. എന്നാല്‍ അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ ടീം, പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകളുടെ വാര്‍ത്തകള്‍ നിഷേധിക്കയാണ്. അല്ലു രാഷ്ട്രീയത്തിലേക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ താരം തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും അവര്‍ പറയുന്നു.
പുഷ്പ-2വിന്റെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ അല്ലു നടത്തിയ പ്രസംഗവും ആരാധകര്‍ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനകളായി കണ്ടു. 'സംഖ്യകള്‍ താല്‍ക്കാലികമാണ്, സ്നേഹമാണ് ഹൃദയത്തിലെന്നും നിലനില്‍ക്കുക. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇപ്പോള്‍ ഇവിടെ ഞാന്‍ നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ റെക്കോര്‍ഡ് തകരും. അത് തെലുങ്കോ, തമിഴോ, ഹിന്ദിയോ ഏത് ഭാഷയെന്നത് പ്രശ്നമല്ല. അതാണ് പുരോഗതി. ഇന്ത്യ മുന്നേറുന്നുവെന്നാണ് അതിനര്‍ഥം. എത്രയും വേഗം ഈ റെക്കോര്‍ഡ് തകരട്ടെ. കാരണം അതാണ് വളര്‍ച്ച, എനിക്ക് വളര്‍ച്ച ഇഷ്ടമാണ്. ഭാവിയില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയാകുമെന്ന് ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ ലോകത്തില്‍ തന്നെ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന കാര്യമാകുമെന്നും താരം ഡല്‍ഹിയില്‍ വച്ച് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ക്ക് പിന്നാലെ 'യെ നയാ ഭാരത് ഹെ, യെ അബ് റുഖേംഗാ നഹി, യെ കഭി ഝുഖേഗാ നഹി ( ഇത് പുതിയ ഇന്ത്യയാണ്. ഇത് നിലച്ച് പോവുകയോ, ആര്‍ക്കും മുന്‍പില്‍ കുനിയുകയോ ഇല്ല) എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതെല്ലാം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനയായാണ് പലരും കണ്ടത്. പക്ഷേ ഈ അറസ്റ്റോടെ അല്ലു കൂടുതല്‍ കരുത്തനായിരിക്കയാണ്. ഇനി വൈകാതെ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. പുഷ്പരാജ് രാഷ്ട്രീയത്തിലും ഫയര്‍ ആവുമോ എന്ന് കാത്തിരുന്ന് കാണാം.