- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റവന്യു ഭവൻ നിർമ്മാണം വിവാദത്തിൽ

തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിന് സ്വന്തമായി തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം റവന്യൂ ഭവൻ വരികയാണ്. തിരുവനന്തപുരത്തെ കവടിയാറിൽ 100 സെന്റ് സ്ഥലത്ത് ആണ് റവന്യൂ ഭവൻ നിർമ്മിക്കുന്നത്. നിർമ്മാണാനുമതി ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം ജില്ലാ കളക്ടർ സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം 25 കോടിയാണ് നിർമ്മാണ ചെലവ്. ഡി പി ആർ തയ്യാറാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ്. ഡി പി ആർ പരിശോധിക്കാനുള്ള ടെക്നിക്കൽ കമ്മിറ്റിയുടെ കൺവീനറും ഊരാലുങ്കലിൽ നിന്നായതാണ് വിവാദമായിരിക്കുകയാണ്.
പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കാൻ, ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ലാൻഡ് റവന്യു കമ്മീഷണർ നിർദ്ദേശം വച്ചിരുന്നു. സാങ്കേതികാനുമതി നൽകാൻ ആവശ്യമായ സാങ്കേതിക വിദഗ്ദ്ധർ റവന്യു വകുപ്പിന് ഇല്ലെന്നതാണ് ലാൻഡ് റവന്യു കമ്മീഷണർ കാരണമായി പറയുന്നത്. കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് സർക്കാർ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചത്.
സാങ്കേതിക കമ്മിറ്റിയുടെ ചെയർപേഴ്സൺ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ്. കൺവീനർ ഊരാളുങ്കലിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ ബി കെ ഗോപകുമാറും. ഊരാളുങ്കൽ സമർപ്പിച്ച 25 കോടിയുടെ പദ്ധതി റിപ്പോർട്ട് പരിശോധിക്കുന്ന സാങ്കേതിക സമിതിയുടെ കൺവീനറായി ഊരാളുങ്കലിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരെ തിരഞ്ഞെടുത്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ആറംഗ സമിതിയിൽ ഹൗസിങ് ബോർഡിലെ റിട്ടയേർഡ് എക്സിക്യൂട്ടിവ് എഞ്ചിനീയറും ടെക്നിക്കൽ സമിതി അംഗമാണ്. ഊരാളുങ്കൽ എടുക്കുന്ന മെഷർമെന്റ് സർവ്വീസിൽ നിന്ന് വിരമിച്ച എ.എസ് ശിവകുമാർ എന്ന വിരമിച്ച ഉദ്യോഗസ്ഥനാണ് പരിശോധിക്കുന്നത്. ഇയാൾ ഊരാളുങ്കലിന്റെ നോമിനി ആണെന്ന സംശയവും ഉയരുന്നുണ്ട്.

റവന്യു ഭവൻ പദ്ധതിയുടെ വേഗവും എടുത്തുപറയേണ്ടതാണ്. ലാൻഡ് റവന്യു കമ്മീഷണറുടെ നിർദ്ദേശമടങ്ങിയ റിപ്പോർട്ട് ഈ മാസം 16 നാണ് സമർപ്പിച്ചത്. രണ്ടുദിവസം കൊണ്ട് തന്നെ പദ്ധതിയുടെ സാങ്കേതിക കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. എല്ലാ കാര്യത്തിലും റവന്യു മന്ത്രിയുടെ ഓഫീസ് ഇതുപോലെ മാതൃക കാട്ടിയിരുന്നെങ്കിൽ നന്നായേനെ എന്നും പിന്നാമ്പുറ സംസാരമുണ്ട്. കവടിയാർ കൊട്ടാരത്തിൽ നിന്ന് ഏറ്റെടുത്ത അധിക ഭൂമിയിൽ പെട്ട 100 സെന്റിലാണ് റവന്യു ഭവൻ നിർമ്മിക്കുന്നത്.

