- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻ എവിടെ? ആരൊക്കെയോ വീട്ടിൽ വന്നു പോകുന്നു; പതിവില്ലാതെ കസേരകളും പന്തലുമെല്ലാം വീട്ടുമുറ്റത്ത്; പ്രിയപ്പെട്ടവളെ മാത്രം കാണാനുമില്ല; ഒന്നും കഴിക്കാതെ റിബിൾ; പറവൂരിലെ വീട്ടിൽ നിന്നും നൊമ്പരക്കാഴ്ച
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ വിയോഗം താങ്ങാൻ കഴിയാത്ത് അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം. ഇറ്റലിയിലുള്ള അമ്മ വന്നതിന് ശേഷം മാത്രമേ ആനിന്റെ സംസ്ക്കാര ചടങ്ങുകൾ നടക്കുകയുള്ളൂ. അതിനുള്ള കാത്തിരിപ്പിലാണ് കുടുംബം. ആനിന്റെ പറവൂരിലെ വീട്ടിൽ നൊമ്പരക്കാഴ്ച്ചയായി പ്രിയപ്പെട്ട വളർത്തുനായയുണ്ട്. പ്രിയപ്പെട്ടവരുടെ അസാന്നിധ്യം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും തളർത്തുമെന്ന് പറയുന്നത് പോലെ സംഭവിച്ച ദുരന്തം അറിഞ്ഞെന്ന പോലെ ഭക്ഷണം പോലും കഴിക്കാതിരിക്കയാണ് ആൻ റിഫ്റ്റയുടെ വീട്ടിലെ റിബിൾ എന്ന വളർത്തുനായ. ഏഷ്യാനെറ്റ് ന്യൂസാണ് റിബിളിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ടു ചെയ്ത്.
തന്റെ പ്രിയപ്പെട്ട ആൻ റിഫ്റ്റയെ കാണാത്ത വിഷമത്തിൽ ഭക്ഷണം പോലും കഴിക്കാതിരിക്കുകയാണ് വളർത്തുനായ റിബിൾ. ആരൊക്കെയോ വീട്ടിൽ വന്നു പോകുന്നുണ്ട്. ചിലർ കരയുന്നു. പതിവില്ലാതെ കസേരകളും പന്തലുമെല്ലാം വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്. എല്ലാം കണ്ടുകൊണ്ട് കഴിഞ്ഞ ദിവസം മുതൽ മൗനിയാണ് റിബിൾ. വീട്ടിൽ ഒരു ഇലയനക്കം കേട്ടാൽ നിർത്താതെ ഒച്ചയുണ്ടാക്കുന്നവനാണ്. പാത്രത്തിലെത്തുന്ന ഭക്ഷണം മുഴുവൻ കഴിക്കാറുള്ളതാണ്. എന്നാൽ ഇപ്പോൾ നിശബ്ദൻ. ബന്ധുക്കളാരോ കൂട്ടിലെത്തിച്ച് നൽകിയ ഭക്ഷണവും വെള്ളവും തൊട്ടിട്ടില്ല.
രണ്ട് വർഷം മുൻപാണ് ആനിന്റെ നിർബന്ധത്തിന് വഴങ്ങി പോമറേനിയൻ ഇനത്തിലുള്ള നായക്കുട്ടിയെ വീട്ടിൽ എത്തിച്ചത്. അന്നു മുതൽ വീട്ടിൽ ആനുണ്ടെങ്കിൽ അവൾക്കൊപ്പമാണ് റിബിൾ സദാസമയവും. വീട്ടിനുള്ളിലും പുറത്തുമെല്ലാം മുട്ടിയുരുമ്മിയങ്ങനെ. ഉറക്കവും ഒരുമിച്ചാണ്. എല്ലാ ആഴ്ചയും വീട്ടിലെത്തുന്ന ആൻ ഇത്തവണ വന്നില്ല. ആൻ എവിടെയെന്ന് ആരോടും ചോദിക്കാൻ പറ്റില്ലല്ലോ.
ഒരു പക്ഷെ എല്ലാവരും പോയിക്കഴിഞ്ഞാൽ വരുമെന്ന പ്രതീക്ഷ റിബിളിന് ഉണ്ടാകാം. അല്ലെങ്കിൽ അവന് മനസിലായിട്ടുണ്ടാകാം തന്റെ പ്രിയപ്പെട്ട ആൻ ഇനിയില്ലെന്ന്. ഈ മൗനത്തിന്റെ കാരണം ചിലപ്പോൾ അതാകാം. ചവിട്ടുനാടകക്കളരിയിലെ മാലാഖയായാിരുന്നു റിബിൾ. അച്ഛൻ റോയ് ജോർജുകുട്ടിയുടെ കൈപിടിച്ചാണ് ആൻ റിഫ്റ്റ ചവിട്ടുനാടകക്കളരിയിലെത്തുന്നത്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക സമിതിയുടെ ആശാനായിരുന്നു റോയ്. വീട്ടുമുറ്റത്തുവെച്ച് അച്ഛൻ പഠിപ്പിച്ചുതന്ന ചവിട്ടുനാടകം പിന്നീട് പല വേദികളിൽ പല ആളുകൾക്കു മുന്നിൽവെച്ച് ആൻ റിഫ്റ്റ അവതരിപ്പിച്ചു.
റോയ് തന്നെ സംവിധാനം ചെയ്ത വിശുദ്ധ വാലന്റൈൻ, കാറൽസ്മാൻ, സെന്റ് സെബാസ്റ്റ്യൻ, ജൊവാൻ ഓഫ് ആർക്ക് നാടകങ്ങളിൽ അഭിനയിച്ചു. മാലാഖയായിട്ടാണ് ആദ്യംതന്നെ അരങ്ങിൽ വന്നത്. രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്റ്റ പ്രധാനമായും ചെയ്തിരുന്നത്.
ആനിന്റെ അമ്മ സിന്ധു ജോലി തേടി വിസിറ്റിങ് വിസയിൽ ഇറ്റലിയിലാണ്. പ്രളയത്തിൽ നശിച്ച പഴയ വീടിനടുത്ത് പുതിയ വീട് വെച്ച് താമസം തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നതേയുള്ളൂ. വീട്ടിലെ മുറിയിൽ ക്രിസ്തുദേവനും മാലാഖമാരുമൊക്കെയുള്ള അൾത്താര പോലെയുള്ള വലിയ പ്രാർത്ഥനാ ഇടമാണ് റോയ് ഒരുക്കിയിരിക്കുന്നത്. അതേ മുറിയിൽ തന്നെയാണ് ആനിന് ലഭിച്ച ട്രോഫികളും നിരത്തിവെച്ചിരുന്നത്.
ശനിയാഴ്ച രാത്രി കുസാറ്റ് കാംപസിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആൻ റിഫ്റ്റ് ഉൾപ്പെടെ നാല് പേർ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ