- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
തൃശൂർ: ബംഗലൂരു ബോംബ് സ്ഫോടനക്കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന അബുദുൽ നാസർ മദനിയുടെ മകൻ അഭിഭാഷകവൃത്തിയിലേക്ക് വന്നപ്പോൾ, സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം ആയിരുന്നു. ഭരണഘടനയെ വെല്ലുവിളിച്ച് മതനിയമം നടപ്പാക്കാൻ നടന്നുവെന്ന് വിമർശിക്കപ്പെട്ട പിതാവിന്റെ മകൻ, നിയമ വ്യവസ്ഥയുടെ പരിപാലകർ ആയി മാറുന്നത് കാലം കാത്തുവെച്ച കാവ്യ നീതിയെന്ന് പലരും എഴുതി. പക്ഷേ അതുപോലെ, കാലം കാത്തുവെച്ച ഒരു കാവ്യനീതിയാണ്, കേരളത്തെ ഞെട്ടിച്ച കൊലപാതകകേസുകളിൽ പ്രതിയായി, 20 വർഷം തടവുശിക്ഷക്ക് വിധിക്കപ്പെട്ട റിപ്പർ ജയാനന്ദൻ എന്ന കെ പി ജയാനന്ദന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഭീകരനായ കൊലപാതകിയുടെ മക്കൾ എന്ന ചീത്തപ്പേര് കഠിനാധ്വാനത്തിലുടെ പഠിച്ച് ഉന്നത പദവികൾ നേടിക്കൊണ്ട് ജയാനന്ദന്റെ പെൺമക്കൾ മായ്ച്ച് കളഞ്ഞിരിക്കുന്നു.
പതിനേഴ് വർഷത്തെ ജയിൽവാസത്തിനുശേഷം റിപ്പർ ജയാനന്ദന് ഇപ്പോൾ ജാമ്യം കിട്ടിയിരിക്കുന്നത് മൂത്തമകൾ കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ്. 28 കാരിയായ കീർത്തി ഇന്ന് ഹൈക്കോടതി അഭിഭാഷകയാണ്. മെഡിസിന് പഠിക്കയാണ് 24കാരിയായ സഹോദരി കാശ്മീര. 2006ൽ ജയാനന്ദൻ അറസ്റ്റിലാകുമ്പോൾ കീർത്തിക്ക് 11 വയസ്സും സഹോദരി കാശ്മീരക്ക് വെറും 7 വയസ്സുമായിരുന്നു പ്രായം. ഈ സംഭവങ്ങളെക്കുറിച്ച് അവർക്ക് മങ്ങിയ ഓർമ്മകൾ മാത്രമേയുള്ളൂ. ജയാനന്ദന്റെ ഭാര്യയും രണ്ട് പെൺമക്കളും അടുത്തകാലംവരെ തീർത്തും ഒറ്റപ്പെട്ടാണ് ജീവിച്ചത്.
പിതാവിന്റെ പരോളിന് മകളുടെ പോരാട്ടം
ജയാനന്ദന് മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിരയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ദിരക്ക് വേണ്ടി ഹാജരായതാവട്ടെ, അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ്. 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. ഇന്നായിരുന്നു വിവാഹം. മാർച്ച് 21, 22 തീയതികളിലേക്കാണ് കോടതി പരോൾ അനുവദിച്ചത്.
ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയ ശേഷമാണ് കോടതി പരോൾ അനുവദിച്ചത്. തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീർത്തി വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ എതിർത്തെങ്കിലും, കോടതി പരോൾ അനുവദിക്കുകയായിരുന്നു. മകളുടെ വിവാഹം പോലൊരു ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത് കണക്കിലെടുക്കുന്നു എന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ഒപ്പമുള്ള പൊലീസുകാർ യൂണിഫോമിലായിരിക്കരുതെന്നും സിവിൽ വസ്ത്രം ധരിച്ചു വേണം ചടങ്ങിൽ പങ്കെടുക്കാനെന്നും കോടതി നിഷ്‌കർഷിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ജയാനന്ദനെ ജയിലിൽ തിരിച്ചെത്തിക്കാമെന്ന് പരാതിക്കാരിയും മകളും സത്യവാങ്മൂലം സമർപ്പിച്ചു.
പക്ഷേ രണ്ട് ദിവസത്തേക്ക് ഹൈക്കോടതി പരോൾ അനുവദിച്ചെങ്കിലും റിപ്പർ ജയാനന്ദന് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ 21ന് രാവിലെ മാളയിലെ വീട്ടിലെത്തിച്ച ശേഷം വൈകുന്നേരം 5 മണിയോടെ വിയ്യൂർ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി. ഇന്ന് രാവിലെ മകളുടെ വിവാഹ വേദിയിൽ പൊലീസ് അകമ്പടിയോടെ ജയാനന്ദനെ കൊണ്ടുവന്നു.
വടക്കുനാഥനെ സാക്ഷിയാക്കി റിപ്പർ ജയാനന്ദൻ മകളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ കാൽതൊട്ട് വന്ദിച്ച് മകൾ താലികെട്ടിയത്. അതിനുശേഷം അച്ഛനെ ചേർത്ത് നിർത്തിയാണ് ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വന്നത്.ജയാനന്ദന്റെ മകളെ താലികെട്ടിയ യുവാവും അഭിഭാഷകൻ. പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വരന്റെ അച്ഛൻ പൊലീസുകാരനാണ്. അടുത്ത ബന്ധുക്കളാണ് വടക്കുനാഥ ക്ഷേത്രത്തിലെ ചടങ്ങിന് സാക്ഷിയായത്.
രാവിലെ റിപ്പർ ജയാനന്ദനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് മാള പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമായിരുന്നു തൃശൂർ പൊയ്യയിലെ വീട്ടിലേക്ക് കൊണ്ടു പോയത്. വീട്ടിലെത്തി മകളോടും ഭാര്യയോടും സംസാരിച്ചിരുന്നു. അടുത്ത ചില ബന്ധുക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജയാനന്ദൻ എത്തുന്ന വിവരം അയൽക്കാരെല്ലാവരും അറിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ജയാനന്ദൻ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഭാര്യ ഇന്ദിരയും മക്കളും പറയുന്നത്. ജയാനന്ദൻ കേസിൽ പൊലീസ് എങ്ങനെയാണ് തെളിവുകൾ ഉണ്ടാക്കിയെന്നത സംബന്ധിച്ച് ന്യൂസ് മിനുട്ട് എന്ന ഓൺലൈൻ പോർട്ടലിൽ വന്ന വിശദമായ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുന്ന സമയത്താണ് ജയാനന്ദന് പരോൾ കിട്ടിയിരിക്കുന്നത്.
ഭാര്യ നേരിട്ടതുകൊടിയ പീഡനങ്ങൾ
കേരള മാധ്യമ ചരിത്രത്തിൽ അത്യപൂർവമായ ഒരു അന്വേഷണ റിപ്പോർട്ട് ജയാനന്ദൻ കേസിൽ ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ചത്. നിധീഷ് എം കെ എന്ന മാധ്യമ പ്രവർത്തകനാണ്, ജയാനന്ദൻ കേസിലെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് സഞ്ചരിച്ചത്. 'സെവൻ മർഡേഴ്സ് വൺ കൺഫെഷൻ ആൻഡ് മിസ്സിങ്ങ് എവിഡൻസ്, ദ 'റിപ്പർ' സ്റ്റോറി' എന്ന സുദീർഘമായ റിപ്പോർട്ട് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. തനിക്കെതിരെ ചുമത്തിയ അഞ്ച് കൊലപാതകേസുകളിൽ മൂന്നിലും ജയാനന്ദൻ കുറ്റവിമുക്തനായെന്നും, അത് മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്നും നിധീഷ് ചൂണ്ടിക്കാട്ടുന്നു. ജയാനന്ദൻ ശിക്ഷക്കപ്പെട്ട രണ്ടുകേസുകളിലും, പൊലീസ് കൃത്രിമമായി തെളിവുണ്ടാക്കിയത്, സാക്ഷികളെ നേരിട്ട് കണ്ട് അഭിമുഖം നടത്തി നിധീഷ് തന്റെ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്. ജയാനന്ദനാണ് പ്രതിയെന്ന് പൊലീസും മാധ്യമങ്ങളും ഉണ്ടാക്കിയ മുൻവിധി വിശ്വസിച്ച് അയാൾ രക്ഷപ്പെടാതിരിക്കാൻ, കള്ളസാക്ഷി പറയുകയായിരുന്നെന്നാണ് പലരും നിധീഷിനോട് വെളിപ്പെടുത്തിയത്. ജയാനന്ദനാവട്ടെ ആ സമയത്ത് മതിയായ നിയമസഹായം കട്ടിയതുപോലുമില്ല.
ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും ഈ റിപ്പോർട്ടിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ജയാനന്ദന്റെ ഭാര്യ ഇന്ദിരക്ക് ഉണ്ടായ ദുരനുഭവങ്ങളാണ്. ഒരു അഭിഭാഷകൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഇന്ദിര വെളിപ്പെടുത്തി. 'ഞാൻ കോടതിയിൽ നിന്ന് പോകാനൊരുങ്ങുകയായിരുന്നു. എന്നെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു. പക്ഷേ കാറിൽ വെച്ച് അയാൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു,- ഇന്ദിര പറഞ്ഞു.
അത് അവളെ തകർത്തു കളഞ്ഞു. 'ഞാൻ പിന്നീടൊരിക്കലും കോടതിയിൽ പോയിട്ടില്ല. ഞാൻ ഭയപ്പെട്ടു,''. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അഭിഭാഷകരിൽ നിന്നും കോടതികളിൽ നിന്നും വിട്ടുനിൽക്കാൻ ജയാനന്ദൻ തനിക്ക് മുന്നറിയിപ്പ് നൽകിയതായി അവർ പറയുന്നു. അതുപോലെ കടുത്ത ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലുമാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ആവശ്യത്തിന് ഫർണിച്ചറുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ, പൂർത്തിയാകാത്ത ഒരു ചെറിയ വീട്ടിലാണ് അവർ ഇപ്പോഴും താമസിക്കുന്നതെന്ന് ന്യൂസ് മിനിട്ട് റിപ്പോർട്ടിൽ പറയുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ