- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ നിയമപോരാട്ടം കണ്ട് 'അച്ഛനെയാണെനിക്കിഷ്ടം' എന്ന ഗാനം ഉദ്ധരിച്ച് പരോൾ നിൽകിയത് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ; പുസ്തക പ്രകാശനം നടത്തുന്നത് സുനിൽ പി ഇളയിടം; സ്വർണ്ണവളയ്ക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനലെന്ന് പൊലീസ് റെക്കോഡിലുള്ള റിപ്പർ ജയാനന്ദൻ ഇനി എഴുത്തുകാരൻ!
തൃശൂർ: എഴ് കൊലപാതകങ്ങൾ അടക്കം 23 കേസുകളിൽ പ്രതിയായി കഴിഞ്ഞ 17 വർഷമായി, ജയിലിൽ കഴിയുന്ന തൃശൂർ മാള സ്വദേശി റിപ്പർ ജയാനന്ദനെ കൊടും ക്രമിനിൽ എന്നാണ് പൊലീസ് റെക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആളുകളെ തലയ്ക്കടിച്ച് കൊല്ലുന്ന കൊടുംക്രിമിനൽ എന്ന് കണക്കാക്കിയാണ് റിപ്പർ എന്ന പേര് വീണത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ രണ്ടുവട്ടം ജയിൽ ചാടിയും റിപ്പർ വാർത്തകളിൽ നിറഞ്ഞു. മലയാളികളുടെ മനസ്സിൽ ക്രൂരതയുടെ പര്യായമായ റിപ്പർ ജയാനന്ദൻ ഇപ്പോൾ എഴുത്തുകാരനായി മാറിയിരിക്കയാണ്.
ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച ജയാനന്ദൻ ജയിലിൽവെച്ച് ധാരാളം പുസ്തകങ്ങൾ വായിച്ചു. കഥകളും കവിതകളും എഴുതി. ഇപ്പോൾ ആദ്യ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാവുകയാണ്. പേര് 'പുലരിയെത്തും മുമ്പേ'. ഇതിന്റെ പ്രസാധന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭാര്യ ഇന്ദിര ഹൈക്കോടതിയിൽ നൽകിയ ഹരജയിൽ റിപ്പർ ജയാനന്ദന് കോടതി പരോൾ അനുവിച്ചിരിക്കയാണ്. നാളെ ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന പുസ്തകപ്രകാശനത്തിനായി വെള്ളിയും ശനിയുമാണ് പരോൾ അനുവദിച്ചത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. നാളെ രാവിലെ 10.30ന് ഇടതുസൈദ്ധാന്തികനായ ഡോ.സുനിൽ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും.
പുസ്തകം കേമമെന്ന് കോടതി
പരോളിനായി വിയ്യൂർ ജയിൽ സൂപ്രണ്ടിന് സമർപ്പിച്ച അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജി ഹൈക്കോടതിയിൽ എത്തിയത്. മകൾ അഡ്വക്കറ്റ് കീർത്തി ജയാനന്ദനാണ് റിപ്പർ ജയാനന്ദന്റെ പരോൾ അപേക്ഷയുമായി അമ്മക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
പരോൾ അപേക്ഷക്കൊപ്പം സമർപ്പിച്ചിരുന്ന പുസ്തകത്തിന്റെ കോപ്പി വായിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, എഴുത്തുകാരൻ പ്രശംസ അർഹിക്കുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തി. അച്ഛന്റെ മോചനത്തിന് വേണ്ടി വക്കീലായി പോരാടുന്ന മകളുടെ കാര്യവും എടുത്തുപറഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ, അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമാഗാനത്തിലെ വരികളും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഉദ്ധരിച്ചു.
അച്ഛനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കാണിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ടിന് മകൾ അഫിഡവിറ്റ് സമർപ്പിക്കണം. ഈ വർഷമാദ്യം മകളുടെ വിവാഹത്തിന് അനുവദിച്ച പരോളിലെ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചിരുന്നു എന്നതും പരിഗണിച്ചാണ് ഇത്തവണത്തെ ഉത്തരവെന്നും കോടതി പറയുന്നു. വീട്ടിലും പുസ്കതപ്രകാശന ചടങ്ങിലും ജയാനന്ദന് പൊലീസ് അകമ്പടി ഉണ്ടാകും.
5 കേസിൽ മൂന്നിലും കുറ്റവിമുക്തൻ
അതിനിടെ റിപ്പർ ജയാനന്ദനെക്കുറിച്ച് പൊലീസ് പറഞ്ഞതെല്ലാം സംശയാസ്പദമാണെന്ന പറയുന്ന വിശദമായ ഒരു റിപ്പോർട്ട് കഴിഞ്ഞ മാർച്ചിൽ, പ്രശസ്ത ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ന്യൂസ് മിനുട്ടിൽ വന്നിരുന്നു. മകളുടെ വിവാഹത്തിനായി ജയാനന്ദന് പരോൾ കിട്ടിയ സമയത്താണ്, കേരള മാധ്യമ ചരിത്രത്തിൽ അത്യപൂർവമായ ഒരു അന്വേഷണ റിപ്പോർട്ട് ജയാനന്ദൻ കേസിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. നിധീഷ് എം കെ എന്ന മാധ്യമ പ്രവർത്തകനാണ്്, ഈ കേസിലെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് സഞ്ചരിക്കുന്നത്. സെവൻ മർഡേഴ്സ് വൺ കൺഫെഷൻ ആൻഡ് മിസ്സിങ്ങ് എവിഡൻസ്, ദ 'റിപ്പർ' സ്റ്റോറി' എന്ന സുദീർഘമായ റിപ്പോർട്ട് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ജയാന്ദൻ തന്നെയാണോ പ്രതിയെന്ന് കൃത്യമായി ഉറപ്പിക്കാനാവില്ലെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
പൊലീസ് ചുമത്തിയ അഞ്ച് കൊലപാതക കേസുകളിൽ മൂന്നെണ്ണത്തിൽ ജയാനന്ദൻ കുറ്റവിമുക്തനാക്കപ്പെട്ടു. ഒരു കേസിൽ വധശിക്ഷ ലഭിച്ചു. പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്തു. ദേവകിയുടെ കൊലപാതകത്തിന് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതു മുതൽ 17 വർഷമായി ജയിലിൽ കഴിയുകയാണ്. രണ്ടുതവണ ജയിൽചാടിയും ദയാനന്ദൻ വാർത്തകളിൽ നിറഞ്ഞു. 2021 ഡിസംബറിൽ, മറ്റൊരു കൊലപാതകക്കേസിൽ പൊലീസ് പ്രതിചേർത്തു. ഇതിൽ കുറ്റപത്രം പോലും കൊടുത്തിട്ടില്ല. എന്നാൽ ഈ കുറ്റവിമുക്തരാക്കലുകളൊന്നും അറസ്റ്റ് പോലെ ആവേശത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ജയാനന്ദനെകുറിച്ചുള്ള വിക്കിപീഡിയ പേജിൽ പോലും കുറ്റവിമുക്തരാക്കിയത് പരാമർശിക്കുന്നില്ലെന്ന് നിധീഷ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പൊലീസ് ഇതെല്ലാം നിഷേധിക്കയാണ്. ക്രൂരനായ കൊലപാതകിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ ഉടനീളം ജയാനന്ദനെ വിശേഷിപ്പിക്കുന്നത്. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും കൊന്നുതള്ളുന്ന നിഷ്ഠൂരൻ, സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റുന്ന ക്രിമിനൽ, ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ.. റിപ്പർ ജയാനന്ദൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ഇതാണ്. പൊലീസ് റിപ്പോർട്ട് പ്രകാരം, ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നിട്ടുണ്ടെന്ന് മാധ്യമങ്ങളും എഴുതുന്നു.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ജയാനന്ദനുണ്ടായിരുന്നുള്ളൂ. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും ഇയാൾ നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ സോക്സ് ധരിച്ചാണ് കൃത്യം നടത്തുക. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദൻ സമ്മതിച്ചതായി പൊലീസ് പറയുന്നു.
കീഴക്കോടതി വധശിക്ഷക്ക് വിധിച്ച ജയാനന്ദന്റെ ശിക്ഷ ജീവിതാവസാനം വരെ ജയിൽവാസമായി സുപ്രീംകോടതി കുറയ്ക്കയായിരുന്നു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഇയാളെ ഊട്ടിയിൽ നിന്നാണ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹതടവുകാരനോടൊപ്പം ജയിൽ ചാടി. തുടർന്ന് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അവിടെ സിപിഎമ്മിന്റെ രാപ്പകൽ സമരത്തിൽ കയറിക്കൂടിയാണ് ജയാനന്ദൻ പൊലീസിനെ പറ്റിച്ചത്.
അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് 17 വർഷങ്ങൾക്ക്ശേഷം പരോൾ കിട്ടിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. പൊലീസ് സംരക്ഷണത്തിൽ വീട്ടിലെത്തിയ ജയാനന്ദന്, പക്ഷേ വീട്ടിൽ അന്തിയുറങ്ങാനായില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ അയാളെ വൈകീട്ട് അഞ്ചുമണിയോടെ വിയ്യൂർ സെൻട്രൽ ജയിലിൽ തിരികെ എത്തിക്കയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് പരോൾ ലഭിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ