- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുദ്ധഭീതിയില്‍ ഡോളറിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു; ഇന്ന് മാത്രം പവന് കുറഞ്ഞത് 4,040 രൂപ; ഒരുലക്ഷത്തിന് താഴേക്ക് പോവുമെന്നും വിലയിരുത്തല്‍; ക്രൂഡ് ഓയില്‍ വിലവര്‍ധനയും ബാധിക്കുന്നു; ഇറാന് യുദ്ധംമൂലം സ്വര്‍ണ്ണ വിലയും ഇടിയുന്നു
ഇറാന് യുദ്ധംമൂലം സ്വര്‍ണ്ണ വിലയും ഇടിയുന്നു

പശ്ചിമേഷ്യയിലെ യുദ്ധം പരോക്ഷമായി സ്വര്‍ണ്ണവിപണിയെയും ബാധിക്കുന്നു. ഇന്ന് മാത്രം പവന് കുറഞ്ഞത് 4,040 രൂപയാണ്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെയും വിപണിയില്‍ രണ്ടു തവണ മാറ്റമുണ്ടായിരുന്നു.
ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായി ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ വില ഒരുലക്ഷത്തില്‍ താഴേക്ക് കടക്കുമെന്നും ആശങ്കയുണ്ട്.
ഡോളര്‍ ശക്തി പ്രാപിച്ചതില്‍ തിരിച്ചടി
സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടത്തിന് പ്രധാനകാരണമായി പറയുന്നത്, പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ്. യുദ്ധഭീതി നിലനില്‍ക്കുമ്പോഴും സ്വര്‍ണത്തിന് പകരമായി ഡോളറിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചത് സ്വര്‍ണവില താഴാന്‍ കാരണമായി. ഡോളര്‍ സൂചിക 100-ന് മുകളിലെത്തിയത് മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കി, ഇത് ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 113 ഡോളര്‍ വരെ എത്തിയത് ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുകയും ഇത് സാമ്പത്തിക വിപണികളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുക്കാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തുകയും (3.25% 3.75%), വരും മാസങ്ങളില്‍ പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുകയും ചെയ്തത് സ്വര്‍ണത്തിന് തിരിച്ചടിയായി. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നത് നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറയാന്‍ കാരണമാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്?
ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയില്‍ ലഭ്യമാകുന്ന നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില രാവിലെ നിശ്ചയിക്കുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് വില നിശ്ചയിക്കുന്നത്.
സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദിവസേന നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ 95% സ്വര്‍ണ വ്യാപാരികളും പിന്തുടരുന്നത്. ഓരോ സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും അസോസിയേഷനുകള്‍ എകെജിഎസ്എംഎ നിശ്ചയിക്കുന്ന വിലയുടെ ചുവടുപിടിച്ചാണ് അവിടങ്ങളിലെ വില തീരുമാനിക്കുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ ഇത്രയധികം വര്‍ധനയുണ്ടായത്. 2000ലെ 3212 എന്ന നിരക്കില്‍ നിന്ന് പവന് 11,077 രൂപയാകുന്നത് 2009ല്‍ ആണ്. 9 വര്‍ഷം കൊണ്ട് 7865 രൂപയുടെ വര്‍ധന. എന്നാല്‍ 2010ല്‍ 12,280 രൂപ ആയിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 2011ല്‍ 15,560 രൂപയും, 2012ല്‍ 20,880 രൂപയുമായി.2014 മാര്‍ച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുമായിരുന്നു. 2020ലെ 32,000 എന്ന നിരക്കില്‍ നിന്ന് 2024-ല്‍52,280 നിരക്കിലെത്താന്‍ വേണ്ടി വന്നത് വെറും 4 വര്‍ഷമാണ്. തുടര്‍ന്ന് രണ്ടുവര്‍ഷത്തനുള്ളില്‍ അത് ഒരു ലക്ഷം പിന്നിടുകയും ചെയ്തു.


