പത്തനംതിട്ട: റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തവർ മാത്രമേ ഇന്ന് ബസിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ബസ് വിട്ടയച്ചത്.

ഒരു മാസത്തിൽ അധികം റോബിൻ ബസ് ഓടിയിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിലാണ് ഓട്ടം മുടങ്ങിയത്. പിന്നീട് കോടതിയിലൂടെ വീണ്ടും ബസ് വീണ്ടെടുത്തു. അതിന് ശേഷമാണ് സർവ്വീസ് തുടങ്ങുന്നത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. 82,000 രൂപ പിഴയായി അടച്ചു. ഇതോടെയാണ് വിട്ടു കിട്ടിയത്. നവംബർ 23-ന് പുലർച്ചെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസ് അവസാനം പിടിച്ചെടുത്തത്. പിഴകളെല്ലാം അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ ഉത്തരവ് ഇറക്കിയത്. ആർ.ടി.ഒ.യ്ക്ക് ബസ് പരിശോധിക്കാമെന്നും പൊലീസ് അതിന് വേണ്ട സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിൽ ഉണ്ട്. ഹൈക്കോടതി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് .

ബസിലെ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കണമെന്നും കോടതി നിർദേശമുണ്ട്. ബസ് വിട്ടു കിട്ടിയ സാഹചര്യത്തിൽ തകരാറുകൾ പരിഹരിച്ച് വീണ്ടും സർവീസ് തുടങ്ങുകയായിരുന്നു. ബസ് 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചിരുന്നു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണു വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവും നിയമവും പാലിച്ചു സർവീസ് നടത്തണമെന്ന് ബസ് വിട്ടുകൊടുത്ത ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു.

നിയമപ്രകാരം സർവീസ് നടത്തിയാൽ കുഴപ്പമില്ല. നിയമം തെറ്റിച്ചു ഓടിയാൽ നടപടി ഉണ്ടാകും. ഇക്കാര്യം ഹൈക്കോടതി പല തവണ പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് ബസ് നടത്തിപ്പുകാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പിഴ ഈടാക്കി ബസ് വിട്ടുനൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി സർവിസ് നടത്തുന്നതാണ് റോബിൻ ബസ് വിവാദത്തിലാകുന്നത്. നേരത്തെ പലതവണ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിൽ റോബിൻ ബസ് ഉടമകളുടെ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. അടുത്ത മാസം അഞ്ചിനു വീണ്ടും പരിഗണിക്കും.