- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പശുവിനെ വാങ്ങുന്ന തുക കൊണ്ട് ഈ കരിവീരനെ വാങ്ങാം; തീറ്റി പോറ്റുന്ന ചെലവും, ഏക്ക തുകയുമൊക്കെ ലാഭം; തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ പോലും കൊന്നത് 13പേരെ; ഇവ വരുന്നതോടെ അവസാനിക്കുക ഗജപീഡനങ്ങളും കൊലകളും; റോബോട്ട് ആന ചരിത്രം കുറിക്കുമ്പോൾ
കോഴിക്കോട്: ഒരുപാട് കരിവീരന്മാരെ കണ്ട നാടാണ് കേരളം. അവിടേക്ക് ഇതാ ചരിത്രം കുറിച്ചുകൊണ്ട് ഒരു പുതിയ ആന കൂടി എത്തുന്നു. അതാണ് റോബോട്ട് ആന. തൃശ്ശൂർ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റിയതോടെ പിറന്നത് ഒരു പുതു ചരിത്രമാണ്. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്.
ഒരു യഥാർഥ ആനയുടെ എല്ലാ തലയെടുപ്പും തോന്നിക്കുന്ന ഈ ഇലട്രിക്ക് ആന വ്യാപകമാവുകയാണെങ്കിൽ ഗജപീഡനങ്ങളും ആനക്കൊലകളുമൊക്കെ ഒരു പരിധിവരെ അവസാനിപ്പിക്കാൻ കഴിയുമെന്നതാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
11 അടി ഉയരം, 800 കിലോ ഭാരം
മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി. 'പെറ്റ ഇന്ത്യ' എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. നാലാളെ പുറത്തേറ്റും. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.
ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒരുകൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ട് കൊമ്പൻ. ക്ഷേത്രത്തിൽ നടന്ന നടയിരുത്തൽ ചടങ്ങിൽ താന്ത്രിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. തുടർന്ന് കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമൻ തിടമ്പേറ്റിയത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയുടെ തല, ചെവികൾ, കണ്ണ്, വായ, വാൽ എന്നിവ സദാസമയം ചലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ സഞ്ചാരം ട്രോളിയിലാണ്. രണ്ടുമാസം പണിയെടുത്താണ് ആനയെ ഒരുക്കിയത്. ഇരുമ്പുകൊണ്ട് ചട്ടക്കൂടിനു പുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയെ നിർമ്മിച്ചിരിക്കുന്നത്.
അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ഇതിന്റെ ചലനം. നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ട് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ഫോർ- ഹി- ആർട്ട്സിലെ ശില്പികളായ പ്രശാന്ത്, സാന്റോ, ജിനേഷ്, റോബിൻ എന്നിവരാണ് ഈ ഗജവീരനേയും നിർമ്മിച്ചിരിക്കുന്നത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ശില്പികളിലൊരാളായ പ്രശാന്ത് പറഞ്ഞു. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽനിന്ന് വെള്ളം ചീറ്റും. ഇങ്ങനെയാണ് അതിന്റെ ഘടന.
ആനക്കൊലകൾ ഇല്ലാതാവും
ഗജപീഡനവും ആനക്കൊലകളും ഇല്ലാതാക്കുന്നതിന് ഇതുമൂലം കഴിയുമെന്നതിനാൽ ഈ റോബോർട്ട് ആനക്ക് സോഷ്യൽ മീഡിയയിൽ അടക്കം വലിയ പിന്തുണ കിട്ടുന്നുണ്ട്. കേരളത്തിൽ ചെറുതും വലുതുമായി നൂറുകണക്കിന് ദുരന്തങ്ങളാണ് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടോടിയും, ഇടഞ്ഞും, ഉണ്ടായിട്ടുള്ളത്. കേരളത്തിലെ കരിവീരന്മാരിൽ ഏറ്റവും തലയെടുപ്പുള്ളവനായി കണക്കാക്കപ്പെടുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻപോലും, 13പേരെ കൊന്ന ആനയാണ്. രാമചന്ദ്രനും ഒരു കണ്ണിന് കാഴ്ചയില്ല. പലപ്പോഴും വലിയ ആനകളെ നിയന്ത്രിക്കുന്നതിനായി പാപ്പന്മാർ തന്നെ അവയുടെ ഒരു കണ്ണ് അടിച്ചു പൊട്ടിക്കയാണെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു! കുളമ്പില്ലാത്ത ജീവിയാണ് ആന. അതുകൊണ്ടുതന്നെ ടാറിട്ട റോഡിലും ഉത്സവ പറമ്പിലുമായി, തീവെട്ടികളുടെ മുന്നിൽ മണിക്കൂറുകളോടും നിൽക്കുന്നത് ഈ സാധു ജീവിക്ക് അസാധാരണമായ പീഡനം ആവുകയാണ്. സത്യത്തിൽ അങ്ങനെ ആനയെ പീഡിപ്പിച്ചാണ്, ഈ സോ കോൾഡ് ആന പ്രേമികൾ ആനന്ദിക്കുന്നത്.
ഈ ഇലട്രിക്ക് ഗജവീരന് സാധാരണ ആനയുടെ എല്ലാ എഫക്റ്റുകളും ഉള്ളതിനാൽ ആനപ്രേമികളും പൊതുവെ ഇതിനെ സ്വീകരിക്കുകയാണ്. ഈ ഒരു പ്രവണത ട്രെൻഡിങ്ങ് ആയാൽ, കേരളത്തിലെ ഒരു പാട് അപകടങ്ങളും പാഴ്ചിലവുകളും ഒഴിവക്കാൻ കഴിയും. മാത്രമല്ല, ആനയെ തീറ്റി പോറ്റുന്ന ചെലവ് ,ഏക്ക തുക ഇതൊക്കെ വച്ച് നോക്കുമ്പോൾ എന്തുകൊണ്ടും ലാഭംമാണിത്. ചെറിയ ക്ഷേത്രങ്ങളിൽ പോലും രണ്ട് പശുവിനെ വാങ്ങുന്ന ചെലവിൽ വാങ്ങാം.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ജിതിൻ ഗിരീഷ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.'യാഥാസ്ഥിതിക ഉടായിപ്പുകളിൽ കടിച്ച് തൂങ്ങാതെ ആധുനികതയുടെ സൗകര്യം പ്രയോജനപ്പെടുത്താൻ മനസ്സ് കാണിച്ച ഇരിഞ്ഞാടപ്പിള്ളി ക്ഷേത്ര കമ്മിറ്റിക്ക് നാളെ ഏതെങ്കിലും ഒരുത്തൻ കവടി നിരത്തി ദേവഹിതം ഇതിന് എതിരാണെന്ന് തള്ളുന്ന കേട്ട് തീരുമാനം മാറ്റാതെ ഇരുന്നാൽ മതി. ആധുനിക മൈക്ക് സെറ്റ് ഉപയോഗിച്ച് നിലവിളി ശബ്ദം ഇടുമ്പോൾ, ആധുനിക ഫയർ വർക്സ് നടത്തുമ്പോൾ , ആധുനിക എൽഇഡി ലൈറ്റ് ഉപയോഗിച്ച് ഡെക്കറേഷൻ നടത്തുമ്പോൾ , ആധുനിക മർബിളും ഗ്രാനൈറ്റും വിരിച്ച് ക്ഷേത്രം മോടി പിടിപ്പിക്കുമ്പോൾ ഒന്നും ഒരു ഹിതക്കേടും പ്രകടിപ്പിക്കാത്ത ദേവനും ദേവിയും ഇക്കാര്യത്തിലും മൗനം പാലിക്കട്ടെ.''- ജിതിൻ ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ ഒരുപാട് പേർ റോബോട്ട് ആനക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ