ഇടുക്കി: ജില്ലയിലെ ഏറ്റവും തന്ത്രപ്രധാനവും തിരക്കേറിയതുമായ തൊടുപുഴ സർക്കാർ അതിഥി മന്ദിരത്തിലെത്തിയ ഇടുക്കിയിലെ ഏക മന്ത്രി റോഷി അഗസ്റ്റിൻ താൽക്കാലിക ഗസ്റ്റ് ഹൗസ് ജീവനക്കാരന്റെ മുന്നിൽ നാണംകെട്ട് മടങ്ങി. മന്ത്രിക്കൊപ്പം എത്തിയ ഗൺമാനും ഡ്രൈവർക്കും മുറി നൽകാൻ താൽക്കാലിക ജീവനക്കാരൻ തയ്യാറാകാത്തതാണ് പ്രശ്‌നം.

ഇക്കഴിഞ്ഞ തിങ്കളാഴ്ച (മെയ് 8) രാത്രിയാണ് മന്ത്രി പദവിക്ക് വരെ കോട്ടം തട്ടിയ സംഭവം ഉണ്ടായത്. ചൊവ്വാഴ്ച തൊടുപുഴയിൽ നടക്കുന്ന ചില ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി റോഷി അഗസ്റ്റിനും ഗൺമാനും ഡ്രൈവറും അതിഥി മന്ദിരത്തിലെത്തിയത്. മന്ത്രിക്ക് സ്ഥിരം നൽകുന്ന മുറി ആരോപണ വിധേയനായ ബിജുവെന്ന കരാർ ജീവനക്കാരനെത്തി തുറന്ന് നൽകി. എന്നാൽ ഒപ്പമെത്തിയ ഗൺമാനും ഡ്രൈവർക്കും മുറി നൽകാനാവില്ലെന്ന് ബിജു പറഞ്ഞു.

ഇതോടെ മന്ത്രിയുടെ സുരക്ഷാ ഭടനും ഡ്രൈവറും പ്രതിസന്ധിയിലായി. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി നേരിട്ട് വന്ന് സംസാരിച്ചിട്ടും മുൻകൂട്ടി ബുക്ക് ചെയ്യാതെ മുറി നൽകാനാവില്ലെന്ന നിലപാടിൽ ബിജു ഉറച്ച് നിന്നു. ഇതോടെ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എന്നാൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാതെ വന്നതോടെ മന്ത്രിയും ഒപ്പമെത്തിയ ജീവനക്കാരും അർദ്ധരാത്രിയിൽ ഇടുക്കി വനത്തിലൂടെ കട്ടപ്പനയിലേക്ക് മടങ്ങി.

ആരോപണ വിധേയനായ ഗസ്റ്റ് ഹൗസ് ജീവനക്കാരനെതിരെ നടപടിയില്ലെങ്കിൽ ഇനി മേലിൽ തൊടുപുഴ ഗസ്റ്റ് ഹൗസിൽ കയറില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമായിരുന്നു മന്ത്രിയുടെ മടക്കം. അര ഡസനോളം സ്ഥിരം ജീവനക്കാരുള്ള ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ ഏതാനും നാളുകളായി രാവും പകലും ബിജുവിനാണ് പൂർണ്ണ നിയന്ത്രണം.

മലബാർ സ്വദേശിയായ ഗസ്റ്റ് ഹൗസ് മാനേജർ ആഴ്‌ച്ചയിൽ ഒരു ദിവസം മാത്രമാണ് തൊടുപുഴയിൽ എത്തുന്നത്. മാനേജരുടെ അഭാവത്തിൽ മറ്റ് സ്ഥിരം ജീവനക്കാരാണ് ചാർജ്ജ് വഹിക്കേണ്ടത്. എന്നാൽ അത്തരം നിയമം കാറ്റിൽ പറത്തിയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിജു പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

സർക്കാർ ശമ്പളം കൈപ്പറ്റുന്നയാൾ സ്വകാര്യ കരാറിൽ ഏർപ്പെടുകയോ പ്രതിഫലം കൈപ്പറ്റുകയോ ചെയ്യരുതെന്നാണ് ചട്ടം. എന്നാൽ സ്വകാര്യ വ്യക്തി നടത്തുന്ന ഗസ്റ്റ് ഹൗസ് കാന്റീനിലെ ഭക്ഷണ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്ന ബിജു ഈയിനത്തിൽ മാസം 20000 രൂപയോളമാണ് കൈപ്പറ്റുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

ഇതിനിടെ വർഷങ്ങളായി വിവിധ തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ഹൗസ് ജോലിയിൽ കയറി പറ്റിയ ബിജുവിന് സ്ഥാപനത്തിന്റെ പൂർണ്ണ ചുമതല വന്നത്, തൽപ്പരകക്ഷികൾക്ക് രജിസ്റ്ററിൽ ചേർക്കാതെ മുറികൾ താമസത്തിന് കൊടുക്കുകുന്നത് ഉൾപ്പെടെയുള്ള മറ്റ് ആരോപണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.