- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളല്ലേ...മധുരമൊക്കെ തിന്നാൻ കൊതിയുണ്ടാകും; പ്രദീപിന്റെ ചിന്ത ശരിവച്ച് ബസ് യാത്രക്കാരും; നാട്ടിൽ നിന്ന് കാട്ടിലേക്ക് കരുതലായി മിഠായി പൊതികൾ; ഗവി യാത്രയിൽ വഴിയരികിലെ ആദിവാസി കുട്ടികൾക്ക് പലഹാരം വിതരണം ചെയ്യുന്ന ഡ്രൈവർ വൈറലായത് ഇങ്ങനെ
പത്തനംതിട്ട; പത്തനംതിട്ടയിലെ ഗവി പ്രശസ്തമായത് 'ഓർഡിനറി' എന്ന സിനിമയിലൂടെ ആണെന്ന് പറഞ്ഞാൽ തെറ്റില്ല. അതിന് മുമ്പും ഗവി ഉണ്ടായിരുന്നു. കെഎസ്ആർടിസി സർവീസും. പത്തനംതിട്ടയിൽനിന്നു ഗവി വരെ 109 കിലോമീറ്ററാണ് ദൂരം. സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി കാണാൻ സഞ്ചാരികൾ ബുക്ക് ചെയ്ത് കാത്തിരിപ്പാണ്. കാട്ടിലൂടെ ഗവിയിലേക്കുള്ള യാത്രയിൽ കാണാം ആദിവാസി സെറ്റിൽമെന്റുകൾ. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ എസ് പ്രദീപ് കുമാർ തന്റെ പതിവ് യാത്രയ്ക്കിടെ കണ്ടത്, കാടും ആനകളെയും മാത്രമല്ല, ഈ ആദിവാസി കുടികളിലെ കുട്ടികളെ കൂടിയായിരുന്നു. അവരുടെ മനസ് തൊട്ടറിഞ്ഞത് പോലെ പ്രദീപ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് പതിവാക്കി. യാത്രക്കാരിലാരോ വീഡിയോ പിടിച്ച് ഫേസ്ബുക്കിൽ ഇട്ടതോടെ പ്രദീപ് വൈറലായി.
ഗവിയിലേക്കുള്ള പതിവ് യാത്രയിൽ, ആദിവാസി കുട്ടികൾ വഴിയരികിൽ നിൽക്കുന്നത് കാണാം. കാടാണ്, നാട്ടിലെ പോലെ സൗകര്യങ്ങളില്ല. കുട്ടികളല്ലേ, മധുരമൊക്കെ തിന്നാൻ കൊതിയുണ്ടാകും, പ്രദീപ് ചിന്തിച്ചു. താൻ തന്നെ വിചാരിച്ചാൽ, കൂടാത്തതുകൊണ്ട് ബസിലെ യാത്രക്കാരോട് ഇക്കാര്യം പങ്കുവച്ചു.
കുട്ടികളെ ഓർത്ത് പല യാത്രക്കാരും, കാടെത്തും മുമ്പ് മിഠായിയും, മധുരപലഹാരങ്ങളും വാങ്ങി കരുതും. ഇത് കുട്ടികളുടെ കൈകളിൽ എത്തിക്കാനുള്ള ദൗത്യം പ്രദീപ് സന്തോഷത്തോടെ ഏറ്റെടുത്തു. പ്രദീപ് അടക്കം എല്ലാവരും വാങ്ങുന്ന പലഹാരങ്ങൾ ചേർത്ത് കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ഈ ഡ്രൈവർ തന്നെ. ഇത് ശ്രദ്ധയിൽ പെട്ട ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയയിൽ പ്രദീപിനെ വൈറലാക്കിയത്.
മലയാലപ്പുഴ പുതുക്കുളം സ്വദേശിയാണ് പ്രദീപ്. കെഎസ്ആർടിസിയിൽ 12 ാം വർഷം. പത്തനംതിട്ട ഡിപ്പോയിൽ 9ാം വർഷവും. ഒന്നര വർഷം മുമ്പ് ഗവി സർവീസ് തുടങ്ങിയപ്പോൾ മുതൽ അതിന്റെ ഭാഗവും. കെ എസ് ആർ ടി സിയുടെ ഗവി ടൂർ പാക്കേജ് വൻ വിജയത്തിലേക്ക് നീങ്ങുന്നത് കാഴ്ചകളുടെയും, ഗവിയിലെ ബോട്ടിങ്ങിന്റെയും പേരിൽ മാത്രമല്ല, ഇത്തരം മനുഷ്യത്വപരമായ പ്രവൃത്തികളുടെ കൂടി ഫലമാണെന്ന് പറയേണ്ടി വരും. മിഠായി വിതരണം മാത്രമല്ല, ആദിവാസി വിഭാഗങ്ങൾക്ക് വേണ്ട മറ്റുസഹായങ്ങൾ എത്തിക്കുന്നതിലും ഉത്സുകരാണ് പ്രദീപിനെ പോലുള്ളവർ.
മറുനാടന് മലയാളി ബ്യൂറോ