- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിൽ നടക്കില്ല, എന്നാലിനി ശബരിമല വിമാനത്താവളം നോക്കാം; ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണു പരിശോധനയ്ക്ക് എത്തിയ സംഘത്തെ തടഞ്ഞ് ബിലിവേഴ്സ് ചർച്ച് അധികൃതർ; മണ്ണു പരിശോധന മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് സഭ; രേഖാമൂലം ഉറപ്പു നൽകാതെ മണ്ണു പരിശോധന അനുവദിക്കില്ലെന്നും സഭാ നേതൃത്വം
കോട്ടയം: സ്വപ്ന പദ്ധതിയായ കെ-റെയിൽ നടക്കില്ലെന്ന് വന്നതോടെ ശബരിമല വിമാനത്താവളത്തിൽ കണ്ണും നട്ട് പിണറായി സർക്കാർ. എന്നാൽ, മണ്ണു പരിശോധനയ്ക്ക് ചെറുവള്ളി എസ്റ്റേറ്റിൽ വന്ന സംഘത്തെ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് അധികൃതർ തടഞ്ഞതോടെ വിമാനത്താവളവും വിവാദത്തിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസം മുൻപാണ് മണ്ണു പരിശോധന നടത്താനുള്ള ലൂയി ബർഗർ കമ്പനി ചെറുവള്ളി എസ്റ്റേറ്റിൽ എത്തിയത്.
ചെറുവള്ളി എസ്റ്റേറ്റിൽ ലൂയി ബർഗർ കമ്പനി അധികൃതർ മണ്ണ് പരിശോധനയുടെ ഭാഗമായി കുഴികളെടുത്തു കുഴൽക്കിണർ മാതൃകയിൽ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ സഹകരണം ഉറപ്പാക്കാൻ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലും വൈകിട്ട് മൂന്നിന് കോട്ടയം ജില്ലാ കലക്ടറുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.
പരിശോധനകളുമായി സഹകരിക്കുവാൻ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സന്നദ്ധരാണ് എന്ന് സഭാ നേതൃത്വം ചർച്ചയിൽ അറിയിച്ചു. ഈ രണ്ട് യോഗങ്ങളിലും ആ വ്യവസ്ഥകൾ സമ്മതിച്ച് അത് രേഖാമൂലം നൽകാമെന്ന് ജില്ലാ കലക്ടർ ഉറപ്പു കൊടുത്തിരുന്നുവെന്ന് സഭയുടെ ചുമതലക്കാർ പറയുന്നു.
മുൻകാല അനുഭവങ്ങൾ സഭയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വെളിച്ചത്തിൽ പാലാ സബ് കോടതിയിലെ കേസിന് തീരുമാനമാകുന്നതു വരെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിൻ മേൽ കടന്നുകയറ്റ ശ്രമങ്ങൾ ഉണ്ടാകില്ലെന്നും മണ്ണ് പരിശോധനയ്ക്കായി കുഴിക്കുന്ന കുഴികൾ / ജോലികൾ കാരണം എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ തൊഴിലാളികൾക്കോ മറ്റുള്ളവർക്കോ സംഭവിച്ചാൽ സാമ്പത്തികമായ ബാധ്യതകളും, പരിഹാര നടപടികളും സർക്കാർ ചെയ്യണമെന്ന ആവശ്യങ്ങളുമാണ് സഭ ഉന്നയിച്ചതെന്ന് പിആർഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
വളരെ ന്യായമായ ആവശ്യങ്ങൾ സമ്മതിച്ചുകൊണ്ട് ജില്ലാ കലക്ടർ കത്ത് നൽകുന്ന മുറയ്ക്ക് പരിശോധനാ നടപടികളുമായി സഭ സഹകരിക്കുമെന്നും പിആർഓ പറയുന്നു. ജില്ലാ കലക്ടർ നേരത്തേ സമ്മതിച്ചിട്ടുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മണ്ണു പരിശോധനയ്ക്ക് വന്നതു കൊണ്ടാണ് തടഞ്ഞത് എന്നാണ് സഭയുടെ വിശദീകരണം.ചർച്ചകളിൽ സമ്മതിക്കുകയും പിന്നീട് അതിൽ നിന്ന് വഴുതി മാറുകയും ചെയ്യുകയാണ് സർക്കാർ ചെയ്തത്. മുൻകാല അനുഭവങ്ങളിൽ നിന്നുണ്ടായ തിരിച്ചടിയാണ് ബിലീവേഴ്സ് ചർച്ചിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.
നിലവിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിനാണ്.അവിടെ എന്തു നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിലും സഭയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ സർക്കാരിനെതിരേ കടുംപിടുത്തത്തിലാണ് സഭ എന്ന സൂചനയാണ് പുറത്തു വരുന്നത്.