- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എരുമേലിയിലും പേട്ടയിലും വാവരുപള്ളിയിലും പ്രവേശന ഭാഗത്ത് സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ വാതിലുകൾ കാണാനില്ല! നവകേരള സദിന് വേണ്ടി ഏരുമേലിയിൽ സുരക്ഷ കുറച്ചു; തീർത്ഥാടകർ ദുരിതത്തിൽ; സ്ത്രീ പ്രവേശന കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രതിഷേധങ്ങൾ; ശബരിമലയിൽ വീണ്ടും സർക്കാരിന് പിഴക്കുമ്പോൾ

ശബരിമല: അഞ്ചു കൊല്ലം മുമ്പ് ശബരിമലയിലെ വേദന ഇടതുപക്ഷത്തിന് താങ്ങാൻ കഴിയാത്തതായി. സ്ത്രീ പ്രവേശന വിധിയിലെ സർക്കാർ തീരുമാനമെല്ലാം തിരിച്ചടിയായി. അതിനെ തന്ത്രപരമായി മറികടന്നു ഇടതു സർക്കാർ. അഞ്ചു കൊല്ലം കഴിയുമ്പോൾ വീണ്ടും ശബരിമലയിൽ വ്യാപക പ്രതിഷേധം. തീർത്ഥാടക ദുരിതമാണ് ഇതിന് കാരണം. തിരക്ക് നിയന്ത്രിക്കാനും ആവശ്യ ഇടപെടൽ നടത്താനും സർക്കാരിന് കഴിയുന്നില്ല. തീർത്ഥാടനത്തിന് തൊട്ടു മുമ്പ് അധികാരത്തിൽ എത്തിയ പുതിയ ബോർഡും പകയ്ക്കുകയാണ്. രണ്ടു കൊല്ലത്തെ ദേവസ്വം ബോർഡ് എന്ന തീരുമാനത്തിന് തെറ്റുക കൂടിയാണ്. തീർത്ഥാടനത്തിന് തൊട്ടു മുമ്പ് അധികാരത്തിലെത്തുന്ന ബോർഡിന് ഒന്നും ചെയ്യാനാകില്ലെന്ന വിലയിരുത്തൽ ശരിയാകുന്നു.
ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് യുഡിഎഫ് സംഘം ശബരിമലയിൽ എത്തും.
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടകർ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം.
അതിനിടെ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സന്നിധാനത്തെ പൊലീസ് ചീഫ് കോ-ഓർഡിനേറ്റർ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി വിശദീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഹർജി ഇതേത്തുടർന്ന് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. എന്നാൽ ശബരിമലയിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമല്ല. സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. ചൊവ്വാഴ്ചയായ ഇന്ന് പുലർച്ചെയും വലിയ തിരക്കാണ്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ദർശനത്തിനെത്തുന്നവരുടെ എണ്ണം കൂടിയതോടെ തിരക്കു നിയന്ത്രിക്കുന്നതിൽ വീഴ്ചവന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ദർശനം നടത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ലേഖ സുരേഷ്, അഡ്വ. രാമൻ കർത്ത എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിച്ചു. ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു റിപ്പോർട്ട് നൽകാൻ അഭിഭാഷകസംഘത്തെ നിയോഗിക്കുന്ന കാര്യം ഹൈക്കോടതി ആലോചിച്ചു. എന്നാൽ നിലവിൽ അഭിഭാഷകസംഘത്തെ നിയോഗിക്കേണ്ടതില്ലെന്നും അഭിഭാഷകരുടെ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് അയ്യപ്പന്മാർ കാനനപാതകളിലും ഇടത്താവളങ്ങളിലും കുടുങ്ങി. നിലയ്ക്കലിൽനിന്നുള്ള അറിയിപ്പനുസരിച്ച് എരുമേലിയിൽനിന്നും തീർത്ഥാടകവാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരേ തമിഴ്‌നാട്, ആന്ധ്രാ സ്വദേശികളായ ഭക്തർ തിങ്കളാഴ്ച ഒന്നരയോടെ എരുമേലി-റാന്നി സംസ്ഥാനപാതയിൽ എരുമേലി പൊലീസ് സ്റ്റേഷന് സമീപം അരമണിക്കൂറോളം റോഡുപരോധിച്ചു. ഇവരെ അനുനയിപ്പിച്ച് പൊലീസ് വാഹനങ്ങൾ കടത്തിവിട്ടു. അങ്ങനെ വീണ്ടും ശബരിമലയിൽ പ്രതിഷേധമെത്തി. തുലാപ്പള്ളിയിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി. ബസിനടിയിൽ കിടന്നുറങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളുടെ കാലിൽ ബസ് കയറി പരിക്കേറ്റു. അടിയിൽ ഇവർ കിടക്കുന്നതറിയാതെ ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തതായിരുന്നു കാരണം. അങ്ങനെ അപകട സാധ്യതയും പ്രതിഷേധങ്ങളുണ്ടാക്കുന്നു.
കെ എസ് ആർ ടി സിക്ക് എല്ലാ അർത്ഥത്തിലും പാളുകയാണ്. രണ്ടുദിവസമായി തീർത്ഥാടനപാതകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക്. എരുമേലി-നിലയ്ക്കൽ, എരുമേലി-കാഞ്ഞിരപ്പള്ളി, എരുമേലി-മുണ്ടക്കയം പാതകളിൽ ഗതാഗതം കുരുങ്ങി. നിലയ്ക്കൽമുതൽ കണമല പാതയിലെ എരുത്വാപ്പുഴവരെ 10 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതം സ്തംഭിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഭക്തർ വലഞ്ഞു. തിങ്കളാഴ്ച പുലർച്ചെ എരുമേലിയിൽനിന്ന് പമ്പയ്ക്കുപോയ കെ.എസ്.ആർ.ടി.സി. ബസുകൾ തിരികെ ഡിപ്പോയിലെത്തിയത് രാത്രി വൈകിയാണ്. പമ്പാസർവീസിനുള്ള 15 ബസുകളും കുരുക്കിൽപ്പെട്ടു. പകരം ബസില്ലാത്തതിനാൽ പമ്പയ്ക്കുള്ള കോട്ടയം, കുമളി, എറണാകുളം ഡിപ്പോയിൽനിന്നെത്തിയ ബസുകളിൽ ഭക്തർ തിങ്ങിപ്പോകുന്ന സാഹചര്യമായിരുന്നു.
കോട്ടയം ജില്ലയിൽ നവകേരളസദസ്സിന് സുരക്ഷയൊരുക്കാൻ, തീർത്ഥാടനകേന്ദ്രമായ എരുമേലിയിലെ സുരക്ഷ കുറച്ചുവെന്ന വാർത്തയും എത്തുന്നു. എരുമേലി ധർമശാസ്താ ക്ഷേത്രം, പേട്ട ധർമശാസ്താ ക്ഷേത്രം, വാവരുപള്ളി എന്നിവയുടെ പ്രവേശനഭാഗത്ത് സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ വാതിലുകൾ തിങ്കളാഴ്ച പകൽ മാറ്റിയെന്നാണ് മാതൃഭൂമി വാർത്ത. ഇവിടത്തെ പൊലീസുദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. നവകേരളസദസ്സിനായി, രണ്ടുദിവസത്തേക്കുള്ള താത്കാലിക ക്രമീകരണമാണ് നടത്തുന്നതെന്നും രണ്ടുദിവസത്തിനുശേഷം പഴയ രീതി തുടരുമെന്നുമാണ് അറിയുന്നത്. സുരക്ഷ, ഗതാഗതക്രമീകരണം എന്നിവയ്ക്കായി വേണ്ടത്ര പൊലീസുദ്യോഗസ്ഥരും ഇല്ല. തീർത്ഥാടനപാതകളിൽ ക്രമീകരണം താളംതെറ്റുന്നതായി വ്യാപക ആക്ഷേപമുണ്ട്.
250 പൊലീസുദ്യോഗസ്ഥരും അത്രയും സ്‌പെഷ്യൽ പൊലീസുമാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി.യുടെ നിയന്ത്രണത്തിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ഉണ്ടായിരുന്നത്. ഇതാണ് കുറച്ചത്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിന്റെ പ്രവേശനഭാഗത്ത് പരിശോധനാസൗകര്യങ്ങളില്ല; ഉദ്യോഗസ്ഥരുമില്ലെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.


