- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാന പൊലീസിനെക്കൊണ്ടു മാത്രം തിരക്ക് കൈകാര്യം ചെയ്യാനാവുന്നില്ലെങ്കിൽ ആലപ്പുഴയിലെ നൂറനാടുള്ള ഇന്തോ ടിബറ്റൻ പൊലീസിന്റെ സഹായം കൂടി തേടണം; ഒരു ഷിഫ്റ്റിൽ ഡ്യൂട്ടിയിലുള്ളത് 615 പേർ മാത്രം; ശബരിമലയിൽ വില്ലനായത് 'നവകേരള' സുരക്ഷയോ? കേന്ദ്ര സേനയിലും ചർച്ച

ശബരിമല: തിരക്ക് കൂടുമ്പോൾ ശബരിമലയിൽ സുരക്ഷ കുറവെന്ന റിപ്പോർട്ടും പുറത്ത്. പ്രതിദിനം 80,000 തീർത്ഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാർ. ചില ദിവസം ഒരുലക്ഷത്തോളം പേർ എത്തുന്നത്. ശബരിമലയിൽ മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. ഇത്തവണ അതുണ്ടായില്ല. ഒരു മിനിറ്റിൽ 75 പേർ പതിനെട്ടാംപടി കയറുന്നതിനു പകരം ഇത്തവണ 60-65 ആയി കുറഞ്ഞുവെന്നാണു പൊലീസ്തന്നെ വിലയിരുത്തുന്നത്. മതിയായ പൊലീസുകാരില്ലാത്തതാണ് ഇതിന് കാരണം.
ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ സേവനത്തിനുള്ളത് 615 പേർ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്നതാണ് വസ്തുത. ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. ഇതിനൊപ്പമാണ് എരുമേലിയിലെ സുരക്ഷാ സംവിധാനം പോലും കുറച്ചത്. വെർച്വൽ ക്യൂ കൂടാതെ 5000 6000 പേരെ കടത്തിവിട്ടിരുന്ന ദേവസ്വം ബോർഡ് ഇപ്പോൾ സ്‌പോട് ബുക്കിങ്ങിൽ അഞ്ചിരട്ടിപ്പേരെ കയറ്റിവിടുന്നതായി പൊലീസ് ആരോപിക്കുന്നു. ദേവസ്വം ബോർഡ് പൊലീസിനെയാണ് കുറ്റപ്പെടുത്തുന്നത്.
വെർച്വൽ ക്യൂവിലെത്തുന്ന 80,000 പേർക്കു പുറമേ ഇങ്ങനെ 30,000 പേർകൂടി എത്തുന്നതോടെ നിയന്ത്രണം തെറ്റുന്നുവെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, ദേവസ്വം ബോർഡ് ഇതു നിഷേധിക്കുന്നു. കഴിഞ്ഞവർഷം ഈ ദിവസങ്ങളിൽ വന്ന അത്രയും ഭക്തർ ഈ ദിവസങ്ങളിൽ എത്തിയിട്ടില്ലെന്നാണു പൊലീസ് കണക്ക്. ഭക്തർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ഏഴിന് 62,000 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇതേദിവസം 72,430 പേർ വന്നു. 9ന് 67,000 പേർ എത്തിയപ്പോൾ കഴിഞ്ഞവർഷം 99,000 പേരെത്തി. പൊലീസിന്റെ ഡ്യൂട്ടി മാറ്റം മൂലം ഏകോപനത്തിൽ വീഴ്ചയുണ്ടായെന്നു ദേവസ്വം ബോർഡ് ആരോപിക്കുന്നു.
പതിവില്ലാതെ ഈ വർഷം പ്രായമുള്ള സ്ത്രീകളും കുട്ടികളും കൂടുതൽ ദർശനത്തിനെത്തുന്നുണ്ട്. അതിനിടെ തീർത്ഥാടകർക്ക് സുഗമമായ ദർശനം കിട്ടണമെങ്കിൽ വെർച്വൽ ക്യു ബുക്കിങ് പരമാവധി 75,000 ആയി കുറയ്ക്കണമെന്ന് ഐജി ജി.സ്പർജൻ കുമാർ പറഞ്ഞു. വെർച്വൽ ക്യൂവിൽ 90,000പേരെത്തുന്നത് പ്രശ്‌നമാണ്. ഇവരിൽ എല്ലാവർക്കും ആ ദിവസം ദർശനം കിട്ടുന്നില്ല. ഇതിനിടെ പൊലീസ് വീഴ്ചയാണ് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നത്. സുരക്ഷയ്ക്ക് കേന്ദ്ര സേന വേണമെന്ന് കോൺഗ്രസ് പോലും ആവശ്യപ്പെടുന്നു. ഇതും പൊലീസിന് തിരിച്ചടിയാണ്.
ശബരിമലയിൽ ഭക്തർ യാതന അനുഭവിക്കുകയാണെന്നും കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നും ലോക്‌സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടതും ചർച്ചയാകുന്നുണ്ട്. തിരക്കു നിയന്ത്രണം പാളിയിട്ടും സംസ്ഥാന സർക്കാർ നിഷ്‌ക്രിയമാണെന്നു ശൂന്യവേളയിൽ അദ്ദേഹം പറഞ്ഞു. 11 വയസ്സുള്ള മാളികപ്പുറം ക്യൂവിൽ കുഴഞ്ഞു വീണു മരിച്ചു. 20 മണിക്കൂർ വരെ ഭക്ഷണമില്ലാതെ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ അനാസ്ഥയുണ്ട്. ഇടത്താവളങ്ങളുടെ നിർമ്മാണം കാൽഭാഗം പോലും പൂർത്തീകരിച്ചിട്ടില്ല. സംസ്ഥാന പൊലീസിനെക്കൊണ്ടു മാത്രം തിരക്ക് കൈകാര്യം ചെയ്യാനാവുന്നില്ലെങ്കിൽ ആലപ്പുഴയിലെ നൂറനാടുള്ള ഇന്തോ ടിബറ്റൻ പൊലീസിന്റെ സഹായം കൂടി തേടണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ ദുരിതത്തിനു കാരണം പൊലീസിനെ ഇവിടെ നിന്നു പിൻവലിച്ചു നവകേരള സദസ്സിനു വിട്ട സർക്കാരാണെന്ന് ആന്റോ ആന്റണി ആരോപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സംവിധാനം മുഴുവൻ നവകേരള സദസ്സിലാണെന്നും അദ്ദേഹം പറഞ്ഞു.


