- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തങ്കഅങ്കി അണിഞ്ഞ അയ്യനെ തൊഴാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം; മണ്ഡല പൂജയ്ക്കായി കാത്ത് തീർത്ഥാടകർ മലയിറങ്ങാത്തതും പ്രതിസന്ധി; ശബരിമലയിൽ ഭക്തജന തിരക്ക് കുറയുന്നില്ല; തങ്കഅങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിൽ

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരിക്ക് തുടരുന്നു. മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ടോടെ സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ കാണാൻ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറുമണി വരെ 20,000 പേരിലധികം 18-ാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളിൽ തീർത്ഥാടകരുടെ നിര നീണ്ടുതന്നെ തുടരുകയാണ്. പമ്പ മുതൽ സന്നിധാനം വരെ ഭക്തരെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. 15 മണിക്കൂർ വരെ ദർശനത്തിനായി കാത്തിരിക്കേണ്ടിവരുന്നുണ്ട്. ദർശനം നടത്തിയ തീർത്ഥാടകർ മലയിറങ്ങാൻ വൈകുന്നുവെന്നാണ് വിലയിരുത്തൽ.
തങ്ക അങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും. 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് തുറക്കും. തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാൽ ഉച്ചയ്ക്ക് ഒരുമണി മുതൽ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും.
കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ഡിജിപി നേരിട്ട് ഇടപെടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തിൽ അടിയന്തര സിറ്റിങ് നടത്തിയ ദേവസ്വം ബെഞ്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി. പൊലീസിനും ദേവസ്വം ബോർഡിനുമാണ് നിർദ്ദേശം. അയ്യപ്പ ഭക്തരിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണം.
വിർച്ച്വൽ ക്യൂ ബുക്കിങ്ങോ, സ്‌പോട്ട് ബുക്കിങോ ഇല്ലാതെ വരുന്നവരെ കയറ്റിവിടരുതെന്നും കോടതി നിർദ്ദേശം നൽകി. വൈക്കം, പൊൻകുന്നം എന്നിവിടങ്ങളിൽ കുടുങ്ങിയ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞതിനെത്തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാർ വഴിയിൽ പ്രതിഷേധിച്ചത്.
എരുമേലിയിലേക്കുള്ള വൻ തിരക്ക് ഒഴിവാക്കാനാണ് പൊലീസ് ക്രമീകരണം. കഴിഞ്ഞ ദിവസം അവധി ദിവസമായതിനാൽ പുലർച്ചെ അഞ്ചുമണി മുതൽ കാത്തിരുന്ന അയ്യപ്പ ഭക്തരിൽ പലർക്കും ഭക്ഷണം പോലും കിട്ടിയില്ല. പാലാ - പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിനു സമീപം നിരവധി അയ്യപ്പന്മാർ വഴിയിൽ കുടുങ്ങി.ഇടത്താവളങ്ങൾ അല്ലാത്ത പ്രദേശങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ തീർത്ഥാടകർ ബുദ്ധിമുട്ടി.
അയ്യപ്പഭക്തന്മാർ വഴിയിൽ കുത്തിയിരുന്ന് ശരണം വിളിച്ചതോടെ കുറച്ച് വാഹനങ്ങൾ കടത്തിവിട്ടു.കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,എരുമേലി എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായി.


