- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്കു കാലത്ത് വെർച്യുൽ ക്യൂവിലൂടെ മാത്രം ഭക്തർക്ക് പ്രവേശനം; പത്താം തീയതിക്ക് ശേഷം സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ല; മകര ജ്യോതി ദർശനത്തിനായി സന്നിധാനത്ത് ഭക്തർ തമ്പടിക്കുന്നത് കണക്കിലെടുത്ത് തീരുമാനം; മാളികപുറങ്ങളും കുട്ടികളും മകരജ്യോതി ദിനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമാകുമ്പോൾ കർശന നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ സന്നിധാനത്ത് എത്താനാകൂ. കർശനമായി തന്നെ ഇത് നടപ്പാക്കും.
സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ശബരിമല തീർത്ഥാടനത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.
നിലവിൽ വെർച്യുൽ ക്യൂ ബുക്കിങ് ഉണ്ട്. ഇതെടുക്കാതെ പമ്പയിലെത്തിയാലും സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്തേക്ക് പോകാം. അതായത് സന്നിധാനത്ത് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ ഇനി മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ദർശന സൗകര്യം ഉണ്ടാകൂ. ബുക്ക് ചെയ്യാതെ വരുന്ന ഭക്തർക്ക് മകരവിളക്ക് സമയത്ത് സന്നിധാനത്തേക്ക് കടക്കാൻ കഴിയൂ. പൊലീസ് ഇതുറപ്പാക്കും.
ഈ സ്ഥിതിയിൽ വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി10-ാം തീയതി മുതൽ സ്‌പോട്ട് ബുക്കിങ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 14-ാം തീയതി വെർച്വൽ ക്യാബുക്കിങ് പരിധി 50000 ആണ്.
മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യർത്ഥിച്ചു.
മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് തന്നെ സന്നിധാനത്ത് ഭക്തർ തമ്പടിക്കാറുണ്ട്. പാണ്ടിതാവളത്തും മറ്റും ടെൻഡുകൾ കെട്ടി അവർ മകരജ്യോതി ദർശനത്തിന് കാത്തിരിക്കും. 11ന് ശേഷം സന്നിധാനത്തെത്തുന്ന പല ഭക്തരും മകരവിളക്ക് കഴിഞ്ഞേ മടങ്ങൂ. ഇത് മനസ്സിലാക്കിയാണ് പുതിയ നിയന്ത്രണം. ക്രമാതീതമായി ഈ സീസണിൽ ഭക്തർ എത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.
16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിങ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് വ്യക്തമാക്കി. അല്ലാത്ത ആർക്കും പ്രവേശനം നൽകില്ല.
മറുനാടന് മലയാളി ബ്യൂറോ