- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഏറ്റെടുത്തത് 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമി; ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും ഇതിൽ വരും; ഇത്തരമൊരു ഭൂമിക്ക് നഷ്ടപരിഹാര തുക കെട്ടിവയ്ക്കുന്നത് എന്തിന്? ശബരിമലയിൽ വിമാനത്താവളം എത്തുമ്പോൾ കോളടിക്കുന്നത് ബിലീവേഴ്സ് ചർച്ചിന് തന്നെ; 3500 മീറ്റർ റൺവേയിൽ ശബരിമല എയർപോർട്ട് എത്തുമ്പോൾ
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയുള്ള വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ പണം നൽകുന്നതും ആലോചനയിൽ. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാനുള്ള കേസ് പാലാ സബ് കോടതിയിൽ നടക്കുകയാണ്. ഇതിലെ തീർപ്പിന് വിധേയമാണ് പദ്ധതിയുടെ തുടർനടപടികൾ. പണം കെട്ടിവെച്ച് ഭൂമിയേറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്. എസ്റ്റേറ്റ് ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ച് അവകാശപ്പെടുന്നു. മണ്ണ് പരിശോധനയ്ക് അവർ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് അനുമതി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
നഷ്ടപരിഹാര തുക നൽകുന്നത് വിവാദങ്ങൾക്ക് ഇട നൽകുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയല്ല ചെറുവള്ളി എസ്റ്റേറ്റ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സർക്കാരിന്റെ മാത്രം ഭൂമിയാണിത്. ചെറുവള്ളി എസ്റ്റേറ്റ് 2015 മെയ് 28ന് തന്നെ സർക്കാർ ഏറ്റെടുത്തതാണ്. ഭൂമി തിരിച്ച് പിടിക്കാനുള്ള സ്പെഷ്യൽ ഓഫീസർ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തത്. 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും വരും. ഇത്തരമൊരു ഭൂമിക്ക് എന്തിനാണ് പണം നൽകുന്നതെന്നാണ് ഉയരുന്ന ചോദ്യം.
എന്നാൽ 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നും ഹാരിസൺ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകിയിരുന്നു. ഇത്തരത്തിൽ അനധികൃതമായി കൈവശമുള്ള ഭൂമിയിൽനിന്ന് ഹാരിസൺ 1984ൽ കൈമാറിയ 2265 ഏക്കറിൽപ്പെടുന്നതാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള 2570 ഏക്കർ ഭൂമിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് മാത്രം 2263 ഏക്കറാണുള്ളത്. ഇതിനുപുറത്തുള്ളതാണ് 307 ഏക്കർ.
ആദ്യം ഇറക്കിയ ഉത്തരവിൽ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി മാത്രമാണുണ്ടായിരുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്കും ഓഫീസ് പ്രവർത്തനത്തിനും സൗകര്യം ഒരുക്കാനാണ് പുറത്തുള്ള ഭൂമിയേറ്റെടുക്കൽ. ഇവയിൽ ഭൂരിഭാഗവും സ്വകാര്യഭൂമിയാണ്. ജൂൺ 30-ന് സംസ്ഥാനം വിമാനത്താവളത്തിന്റെ സാമ്പത്തിക, സാങ്കേതിക സാധ്യതാ റിപ്പോർട്ട് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതിലെ സംശയങ്ങൾക്ക് ഒക്ടോബർ 10-ന് വിശദീകരണവും നൽകി. റൺവേയുടെ നീളം, ഭൂമിയുടെ ഉറപ്പ്, പദ്ധതിപ്രദേശം രണ്ട് വില്ലേജുകളിലായി വന്നത് എന്നിവയിൽ മന്ത്രാലയം വീണ്ടും വിശദീകരണം തേടി. ഇതിനെല്ലാമുള്ള മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
മണ്ണുപരിശോധന പൂർത്തിയാക്കിയുള്ള റിപ്പോർട്ട് അടുത്തിടെയാണ് കിട്ടിയത്. 3500 മീറ്ററാണ് റൺവേയുടെ നീളം. കണ്ണൂർ 3050 മീറ്ററും നെടുമ്പാശ്ശേരി 3400 മീറ്ററുമാണ്. എരുമേലി സൗത്ത്-മണിമല വില്ലേജുകളിലായി 2,570 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പ്രവാസികളേറെയുള്ള മദ്ധ്യകേരളത്തിന് പുതുവർഷ സമ്മാനമാണെന്നാണ് സർക്കാർ പറയുന്നത്. തീർത്ഥാടന-ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മൂന്നു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മാത്രമാണ് നിശ്ചയിച്ചിരുന്നത്. അനുബന്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തുള്ള 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്.
2263.18 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ബിലീവേഴ്സ് ചർച്ചുമായി പാലാ സബ് കോടതിയിലുള്ള കേസിന്റെ വിധി നിർണ്ണായകമാണെങ്കിലും ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാം. അതിന് ശേഷം കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം. ടെൻഡർ വിളിച്ച് നിർമ്മാണം. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നതും റബ്ബർ മാത്രം മുറിച്ചു മാറ്റിയാൽ മതിയെന്നും നേട്ടമായി അവതരിപ്പിക്കുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും സൗകര്യം.
തീർത്ഥാടന ടൂറിസത്തിനും സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സാദ്ധ്യത കൂടുമെന്നും പറയുന്നു. എന്നാൽ ഏറ്റവും വലിയ നേട്ടം ബിലീവേഴ്സ് ചർച്ചനാകുകയും ചെയ്യും. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററാണ്. നെടുമ്പാശേരിയിലേക്ക് 110 കിലോമീറ്റർ. കോട്ടയത്തേക്ക് 58 കിലോമീറ്ററും പമ്പ 45 കിലോമീറ്ററും.
മറുനാടന് മലയാളി ബ്യൂറോ