- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
101 അംഗ നഗരസഭയില്‍ ഉള്ളത് എട്ടു സീറ്റുകള്‍ മാത്രം; മാന്ത്രിക സംഖ്യ നേടാനുള്ള തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്നത് കെ മുരളീധരന്‍; ശിവകുമാറും വാഹിദിനും തദ്ദേശത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല; പാര്‍ട്ടി നിര്‍ദ്ദേശം ഏറ്റെടുക്കാന്‍ സന്നദ്ധനായി കാര്‍ത്തികേയന്റെ മകന്; ശബരിനാഥന് മേയര്‍ സ്ഥാനാര്‍ത്ഥിയാകും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നീക്കം ഇങ്ങനെ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നഗരസഭയില്‍ നിന്ന് ഏറെക്കുറെ തുടച്ച് നീക്കപ്പെട്ട കോണ്‍ഗ്രസ്, വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെ രംഗത്തിറക്കി ഭരണം പിടിക്കാന്‍ ഒരുങ്ങുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥനെ കവടിയാര്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ജില്ലയില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്ന മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ രണ്ടു ദിവസത്തിനുള്ളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. 101 അംഗ നഗരസഭയില്‍ നിലവില്‍ എട്ടു സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ്, അതില്‍ നിന്നും ഭരണം പിടിക്കാനുള്ള മാന്ത്രിക സംഖ്യയിലേക്കെത്താനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്.
നിലവില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന് എട്ടും യുഡിഎഫിന് പത്തും അംഗങ്ങളാണുള്ളത്. ഇതിനായി തിരുവനന്തപുരം നഗരസഭ പ്രദേശത്തെ സ്ഥിര താമസക്കാരായ മൂന്ന് മുന്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കാനായിരുന്നു കെ. മുരളീധരന്‍െ്റ ആദ്യ നീക്കം. എന്നാല്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, എം.എ വാഹിദ് എന്നിവര്‍ നഗരസഭയില്‍ മത്സരിക്കാനുള്ള വിസമ്മതം അറിയിച്ചു. തുടര്‍ന്നാണ് മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന് മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നറുക്കു വീഴുന്നത്. മത്സരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശം കെ. മുരളീധരന്‍ അറിയിച്ചതോടെ ശബരീനാഥന്‍ സമ്മതം അറിയിക്കുകയായിരുന്നു. ശബരീനാഥനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും രണ്ടുദിവസത്തിനുള്ളില്‍ അന്‍പതു സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിക്കാനാണു ശ്രമിക്കുന്നതെന്നും കെ. മുരളീധരന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.
മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്‍െ്റ മകനായ ശബരീനാഥന്‍ അരുവിക്കര എം.എല്‍.എ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന്‍ ശബരീനാഥനെ പരാജയപ്പെടുത്തുകയായിരുന്നു. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യരാണ് ഭാര്യ. ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും എല്‍ഡിഎഫില്‍ നിന്നു തിരിച്ച് പിടിക്കണമെങ്കില്‍, ഈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചാലേ കോണ്‍ഗ്രസിന് കഴിയൂ. അതുകൊണ്ടാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അതീവ ഗൗരവമായി കോണ്‍ഗ്രസ് ഇത്തവണ തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. നഗരസഭാ പരിധിയിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ അടിയന്തരമായി പരിഹരിക്കാനാണ് കെ. മുരളീധരന്‍ ശ്രമിക്കുന്നത്.
നഗരസഭാ പരിധിയില്‍പ്പെട്ട കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ശക്തി കുറഞ്ഞിട്ടുണ്ട്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ഭൂരിഭാഗവും നിര്‍ജീവമാണെന്നും നേതൃത്വം വിലിരുത്തിയിട്ടുണ്ട്. ദുര്‍ബ്ബലമായ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കാനും ഈ പ്രദേശങ്ങളില്‍ നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും തീര്‍ക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്.
കെപിസിസി ഭാരവാഹികള്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെ മത്സരിപ്പിക്കുന്നതും സജീവ പരിഗണനയിലാണ്. കെപിസിസി ഭാരവാഹികളായിരുന്ന ജിവി ഹരി, ജോണ്‍ വിനേഷ്യസ്, കെഎസ് ഗോപകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളായ ജെഎസ് അഖില്‍, മണക്കാട് രാജേഷ്, എംഎസ് നുസൂര്‍, ഡിസിസി ഭാരവാഹികളായിരുന്ന വിനോദ് യേശുദാസ്, കൈമനം പ്രഭാകരന്‍, തിരുവല്ലം പ്രസാദ്, കൊഞ്ചിറവിള വിനോദ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഗായത്രി ആര്‍ നായര്‍, ലക്ഷ്മി അനില്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.
സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും മത്സരിക്കുന്ന വാര്‍ഡുകളുടെ കാര്യത്തില്‍ അന്തിമധാരണ ആയിട്ടില്ല. പ്രാദേശികമായി ജനപിന്തുണയുള്ള വാര്‍ഡുകള്‍ നല്‍കാനാണ് തീരുമാനം. 2010 ലെ കോര്‍പ്പറേഷന്‍ തെഞ്ഞെടുപ്പ് വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മുഖ്യ പ്രതിപക്ഷമായിരുന്നെങ്കിലും 2015 മുതല്‍ ബിജെപി കോണ്‍ഗ്രസിനെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷമാക്കി. 2010 ല്‍ യുഡിഎഫിന് 40 സീറ്റുമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു. അന്ന് ബിജെപിക്ക് അഞ്ച് കൗണ്‍സിലര്‍മാരെ മാത്രമാണ് വിജയിപ്പിക്കാനായത്. എന്നാല്‍ 2015 ല്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി.
അവര്‍ 2010 ലേതിനേക്കാള്‍ 29 സീറ്റ് അധികം നേടി 35 സീറ്റിലെത്തി. യുഡിഎഫ് 19 സീറ്റ് നഷ്ടപ്പെട്ട് 21 ലെത്തി. 2020 ല്‍ ബിജെപി 35 സീറ്റുകളും നിലനിര്‍ത്തി. യുഡിഎഫിന് ലഭിച്ചത് വെറും 10 സീറ്റുകള്‍ മാത്രം. കൈയ്യിലിരുന്ന 11 സീറ്റുകള്‍ നഷ്ടപ്പെട്ടു. പരമ്പരാഗത യുഡിഎഫ് മേഖലകള്‍ മിക്കതും എല്‍ഡിഎഫും ബിജെപിയും പിടിച്ചെടുത്തതോടെ ആകെയുള്ളതിന്റെ വെറും പത്തിലൊന്നായി യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒതുങ്ങേണ്ടി വന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 2020 ലെ കക്ഷി നില: (വാര്‍ഡുകള്‍ 100 ആയിരുന്നപ്പോള്‍)
ആകെ സീറ്റ് 100
എല്‍ഡിഎഫ് 52
ബിജെപി 35
യുഡിഎഫ് 10
സ്വതന്ത്രര്‍ 3




