- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നൽകാതെയാണ് ശ്രീകുമാരൻ തമ്പിയോട് പാട്ടു ചോദിച്ചത്; ഇതിൽ ഒരു വാഗ്ദാന ലംഘനവും ഇല്ല; മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ ഇത്രയും വ്യക്തമാക്കാതെ വയ്യ; കേരളഗാന വിവാദത്തിൽ പ്രതികരിച്ചു സച്ചിദാനന്ദൻ
കൊച്ചി: സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി തന്നെ അപമാനിച്ചെന്ന ശ്രീകുമാരൻ തമ്പിയുടെ ആരോപണം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ പ്രതികരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഒരു സെൻ സന്യാസിയെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യ പ്രസ്താവങ്ങളും വാർത്തകളും തുടർച്ചയായി വരുന്നതിനാൽ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി - ഫെയ്സ് ബുക്കിലാണ് പ്രതികരണം.
ശ്രീകുമാരൻ തമ്പിയോട് പാട്ടു ചോദിക്കാൻ അക്കാദമി സെക്രട്ടറിയോട് നിർദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കുന്നു. അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നൽകാതെയാണെന്ന് ഇതെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.
''പറ്റില്ലെന്ന് കണ്ടെത്തിയത് എല്ലാവരും കൂടി ഉൾപ്പെട്ട കമ്മിറ്റി ആണ്. ഇതിൽ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാൻ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്. സന്നിഹിതരായിരുന്നവരിൽ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല'' സച്ചിദാനന്ദൻ കുറിച്ചു.
ഗാനമെഴുതി നൽകിയ ശേഷം അക്കാദമിയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നത്. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ൽ അധികം പാട്ടെഴുതിയ താൻ ഒരു ഗദ്യകവിക്ക് മുന്നിൽ അപമാനിതനായെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നു.
സർക്കാരിനായി ശ്രീകുമാരൻ തമ്പി എഴുതിയ കേരളഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളുണ്ടെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിനു പിന്നാലെ ശ്രീകുമാരൻ തമ്പി ഫെയ്‌സ് ബുക്കിൽ വിമർശനവുമായി രംഗത്തുവന്നതോടെയാണ് വിവാദം കടുത്തത്.
'കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാവുന്ന തരത്തിലാണ് വരികൾ എഴുതിയത്. 'ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം, സഹ്യഗിരിതൻ ലാളനയിൽ വിലസും കേരളം, ഇളനീരിൻ മധുരമൂറും എൻ മലയാളം, വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം' എന്നിങ്ങനെയാണ് കവിതയുടെ തുടക്കം. ഇതിൽ ഏതാണ് ക്ലീഷേ? ഇളനീരാണോ? എങ്കിൽ സച്ചിദാനന്ദൻ മലയാളിയല്ല. ചില വരികൾ ക്ലീഷേ ആണെന്നാണ് അവർ പറയുന്നത്. അധികം വൈകാതെ യൂട്യൂബിൽ വരും. അപ്പോൾ ജനം തീരുമാനിക്കട്ടെ.'' എന്നും -ശ്രീകുമാരൻ തമ്പി പ്രതികരിച്ചിരുന്നു.
സച്ചിദാനന്ദന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ആയിരക്കണക്കിന് സഹൃദയർ എന്റെ നിലപാടിന് പിന്തുണയുമായി വരുന്നുണ്ട്. അവർ അറിയാത്ത ഒരു കാര്യം ശ്രീ. തമ്പിയോട് പാട്ട് ചോദിക്കാൻ - അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നൽകാതെ -അക്കാദമി സെക്രട്ടറിയോട് നിർദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണെന്നും ഉള്ള കാര്യമാണ്. ഇതിൽ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാൻ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്.
സന്നിഹിതരായിരുന്നവരിൽ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സർക്കാരിന്റെതാണ്. ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ.ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അർഹിക്കുന്നു.
ഒരു സെൻസന്യാസി യെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യപ്രസ്താ വങ്ങളും വാർത്തകളും തുടർച്ചയായി വരുന്നതിനാൽ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി. വിമർശകരുടെ ഭാഷ എനിക്ക് അറിയാത്തതിൽ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു . സത്യങ്ങൾ എല്ലാം ഞാൻ ശ്രീ തമ്പിക്ക് നേരിട്ട് ഇമെയിൽ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്