- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്റെ സാക്ഷ്യം; മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവിക്ക് അന്ന് പൊങ്കാല; മലക്കം മറിഞ്ഞു തടിതപ്പിയ സച്ചിദാനന്ദൻ വീണ്ടും രാഷ്ട്രീയം പറയുമ്പോൾ
കോഴിക്കോട്: സിപിഎമ്മിനെ വിമർശിക്കുന്ന സാംസ്കാരിക നായകർക്ക് പൊങ്കാല പതിവ് പരിപാടിയാണ്. മുമ്പ് പാർട്ടിയെയും ഭരണത്തെയും വിമർശിച്ചാൽ സൈബർ ആക്രമണം ഭയന്ന് പലരും പ്രതികരിക്കാൻ മടിക്കുന്ന കാര്യമാണ്. സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവി സച്ചിദാനന്ദന് രൂക്ഷ വിമർശനമാണ് അന്ന് നേരിടേണ്ടി വന്നത്. ഇപ്പോൾ എം ടി വാസുദേവൻ നായർ മുഖ്യമന്ത്രിയെ ചില ചരിത്ര വസ്തുതകൾ ഓർമ്മപ്പെടുത്തിയതോടെ അതിനെ പിന്തുണച്ചു സച്ചിദാനന്ദൻ രംഗത്തുവന്നു.
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് പറഞ്ഞാണ് കവി ഇക്കുറി രംഗത്തുവന്നത്. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓർമ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ അതു പാടില്ലെന്ന് പറയണം. ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റാൻ കഴിയണമെന്നും സച്ചിദാനന്ദൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
എന്തു കൊണ്ട് കമ്യൂണിസ്റ്റ് മൂല്യങ്ങൾ പ്രധാനമാകുന്നു, എന്തുകൊണ്ട് യഥാർത്ഥമായ തുല്യതയ്ക്ക് വേണ്ടിയും ജനാധിപത്യത്തിനും വേണ്ടിയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലുള്ള പ്രസ്ഥാനങ്ങൾ പ്രധാനമാകുന്നു, എന്തു കൊണ്ട് അതു അപചയിച്ചുകൂടാ, എന്തുകൊണ്ട് അതു നിലനിൽക്കുകയും, നിലനിൽക്കുന്ന അധികാര വ്യവസ്ഥയ്ക്കെതിരെ പൊരുതുകയും വേണമെന്ന പ്രസ്താവമായിട്ടും എംടിയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കാം.
അതു കേരള സന്ദർഭത്തിലേക്ക് മാത്രമായി ചുരുക്കണമെന്നുമില്ല. അദ്ദേഹം ആരെയും വ്യക്തമായി ചൂണ്ടിപ്പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് അധികാരത്തെപ്പറ്റിയുള്ള പൊതു പ്രസ്താവമാണ്. അതു ഇന്ത്യയുടെ പൊതു സന്ദർഭത്തിലും കേരളത്തിന്റെ പ്രത്യേക സന്ദർഭത്തിലും എടുക്കാവുന്നതാണ്. അതു കേൾക്കുന്നയാളുടെ വ്യാഖ്യാന സാമർത്ഥ്യവും, കേൾക്കുന്നയാളുടെ വ്യാഖ്യാന സമ്പ്രദായവും അനുസരിച്ചായിരിക്കും.
ഇഎംസ് ആരാധ്യനായത്, ഇഎംഎസ് വ്യക്തിപൂജയിൽ വിശ്വസിച്ചിരുന്നില്ല എന്നതുകൊണ്ടാണ് എന്നാണ് എംടി പറഞ്ഞത്. വ്യക്തിപൂജയ്ക്ക് എതിരായ വിമർശനമുണ്ട്. വ്യക്തിപൂജ കമ്യൂണിസത്തിന്റെ സ്പിരിറ്റിന് എതിരാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതു കേരളത്തിന്റെ സന്ദർഭത്തിൽ വളരെ പ്രയുക്തമാണെന്ന് തോന്നുന്നുണ്ടാകും. ഇന്ത്യയുടെ സന്ദർഭത്തിൽ പ്രധാനമാണെന്ന് തോന്നുന്നവരുണ്ടാകും. സച്ചിദാനന്ദൻ പറഞ്ഞു.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ തന്നെ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്രവാദത്തിലേക്കും ഫാസിസത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്നതും, കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷേ ചെയ്തിരിക്കാവുന്ന ചില തെറ്റുകളും, രണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. അത് ആനുപാതികമല്ല. അനുപാതങ്ങൾ വ്യത്യസ്തമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. നമുക്ക് മുഖ്യമന്ത്രിയെ വിമർശിക്കാം. അതേസമയം രാജ്യം തന്നെ എങ്ങോട്ടു പോകുന്നു എന്ന ചോദ്യം ചോദിക്കാതെ നമുക്ക് സംസ്ഥാനത്തിന്റെ മാത്രം പ്രശ്നങ്ങളിലേക്ക് ഒതുങ്ങാൻ സാധിക്കില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം ഇതിന് മുമ്പ് മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തിൽ വന്നാൽ പാർട്ടി നശിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞതാണ് വിവാദമായത്. തുടർച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ സ്വാഭവികമായും പാർട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളിൽ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞു.
പാർട്ടിയെ നാശത്തിൽനിന്നു തടയാനായി മൂന്നാം തവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്ന് സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. കേരളാ പൊലീസിനെയും വിമർശിച്ച് സച്ചിദാനന്ദൻ പ്രതികരിച്ചു.'കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും യുഎപിഎ ചുമത്തലുകളെയും ഞാൻ അംഗീകരിക്കുന്നില്ല''. ഗ്രോവാസുവിന്റെ അറസ്റ്റ് അടക്കമുള്ള കേരള പൊലീസിന്റെ നടപടികളും അപലനീയമാണെന്നായിരുന്നു പ്രതികരണം. പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ഈ അഭിമുഖം വിവാദമായതോടെ പറഞ്ഞതിൽ നിന്നും മലക്കം മറിഞ്ഞ് തടിയൂരുകയാണ് സച്ചിദാനന്ദൻ ചെയ്തത്.
മറുനാടന് ഡെസ്ക്