- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയെ എത്തിച്ച് വിഷയം ഗൗരവമാക്കാൻ ശ്രമിച്ച് ബ്രിട്ടനിലെ ഹിന്ദു വിശ്വാസികൾ; ബിർമ്മിങ്ഹാമിലെ ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധിച്ച് മുസ്ലിം യുവാക്കൾ; ബ്രിട്ടനിൽ ഹിന്ദു-മുസ്ലിം കലാപം തടയാൻ ഉറച്ച് പൊലീസ്; സാധ്വിയുടെ സന്ദർശനം റദ്ദായപ്പോൾ സമാധാനം
ലണ്ടൻ: തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായ സാധ്വി ഋതംബരയെ എത്തിക്കുവാനുള്ള ശ്രമത്തിനെതിരെ ഇരുന്നൂറോളം മുസ്ലീങ്ങൾ ബിർമ്മിങ്ഹാമിലെ ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധം ഉയർത്തി. യു കെയിൽ അഞ്ചിടങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണമായിരുന്നു ഇവിടത്തെ ദുർഗ്ഗാ ഭവാനി മന്ദിറിൽ നടത്താൻ ഉദ്ദേശിച്ചിരുന്നത്. നോട്ടിങ്ഹാം, കവൻട്രി, ലണ്ടൻ എന്നിവിടങ്ങളിലും ഇവരുടെ പ്രഭാഷണം നടത്താൻ ഉദ്ദേശിച്ചിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്‌ച്ച ഇവരുടെ സന്ദർശനം റദ്ദാക്കുകയായിരുന്നു. അനാരോഗ്യ കാരണങ്ങളാലാണ് സന്ദർശനം റദ്ദാക്കിയതെന്ന് സാധ്വിയുടെ ആരാധകർ അവകാശപ്പെടുമ്പോൾ, അവരെ ക്ഷണിച്ച ബ്രിട്ടീഷ് ആതിഥേയർ ക്ഷണം റദ്ദാക്കുകയായിരുന്നു എന്ന് എതിരാളികളും പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് ഇരുന്നൂറോളം കലാപകാരികൾ സ്മെത്വിക്കിലെ സ്പോൺ ലെയിനിലുള്ള ക്ഷേത്രത്തിനു മുൻപിലത്തെ മറ്റു തീവ്ര ഹിന്ദു പ്രഭാഷകരെ ക്ഷണിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയത്.
ഇത് ബിജെപി-ആർ എസ് എസ് ഹിന്ദുത്വവാദികൾക്ക് ബിർമ്മിങ്ഹാമിലേക്ക് പ്രവേശനമില്ലെന്ന് ബിർമ്മിങ്ഹാം നൽകുന്ന സന്ദേശമാണെന്നായിരുന്നു മുഖംമൂടി ധരിച്ചെത്തിയ ഒരു പ്രതിഷേധക്കാരൻ പറഞ്ഞത്. അതുപോലെ ലെസ്റ്ററിലും, നോട്ടിങ്ഹാമിലും, യു കെയിൽ ഒരിടത്തും അത്തരക്കാർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.സായുധ പൊലീസ് രംഗത്തെത്തി പ്രതിഷേധക്കാരെ ക്ഷേത്രപരിസരത്തു നിന്നും ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതിനിടയിൽ പൊലീസിനു നേരെയും അക്രമമുണ്ടായി.
കഴിഞ്ഞ ദിവസം ലെസ്റ്ററിൽ നടന്ന ഹിന്ദു-മുസ്ലിം സംഘർഷത്തിൽ 47 പേർ അറസ്റ്റിലായിരുന്നു. ഓൺലൈനിൽ വന്ന തെറ്റിദ്ധാരണാ ജനകമായ വാർത്തകളും, ബർമ്മിങ്ഹാമിനു പുറത്തുനിന്നെത്തിയവരിൽ ചിലർ പ്രചരിപ്പിച്ച അസത്യങ്ങളുമാണ് സംഘർഷത്തിനു കാരണമായതെന്ന് വിവിധ സാമുദായിക നേതാക്കൾ പറയുന്നു. ക്ഷേത്രത്തിനു പുറത്തു നടന്ന പ്രതിഷേധങ്ങൾക്കും ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് കാരണമെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞതായി ബിർമ്മിങ്ഹാം വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ബിർമ്മിങ്ഹാം ഒരിക്കലും ഒരു വർഗ്ഗീയ ശക്തി കേന്ദ്രമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ക്ഷേത്രം അധികൃതർ, ഇവിടെ സമുദായങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലവിലില്ല എന്നും പറഞ്ഞു. ലെസ്റ്റർ മാതൃകയിൽ പുറത്തുനിന്നുള്ളവർ ഇവിടെയെത്തി കലാപം ആസൂത്രണം ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു.
പരം ശക്തി പീഠ് എന്ന സംഘടനയായിരുന്നു ഋതംബരയെ അഞ്ച് ഹിന്ദു ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരക്കായി ക്ഷണിച്ചത്. നേരത്തേ അവർ അമേരിക്കയിലും ഒരു പ്രഭാഷണ പരമ്പര നടത്തിയിരുന്നു. അന്ന് കൃസ്ത്യൻ മുസ്ലിം വിഭാഗങ്ങളിൽ നിന്നും ഏറെ എതിർപ്പ് ഉയർന്നിരുന്നു. ഇവർ സന്ദർശിക്കുന്നതായുള്ള വിവരം പുറത്തുവന്ന ഉടനെ ഇൽഫോർഡ് സൗത്തിലെ ലേബർ എം പി യായ സാം ടാരി, സർക്കാർ ഇടപെട്ട് അവരുടെ സന്ദർശനം തടയണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
മതവിദ്വേഷം ആളിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധയായ ഒരു വ്യക്തിയാണ് അവർ എന്നായിരുന്നു സം ടാരി, ഹോം സെക്രട്ടറി സുവല്ല ബ്രേവർമാന് അയച്ച കത്തിൽ സാധ്വി ഋതംബരയെ കുറിച്ച് പരാമർശിച്ചിരുന്നത്. വർഗ്ഗീയ ലഹളകൾക്ക് കാരണമായി എന്ന കുറ്റത്തിന് അവർ ഇന്ത്യയിൽ അറസ്റ്റിലായിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന ചാരിറ്റി സംഘടനയും ഋതംബരയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
മറുനാടന് ഡെസ്ക്