- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവം കഴിഞ്ഞതോടെ വജൈനയും, യൂട്രസും നീക്കംചെയ്ത് പുരുഷനായ 'അമ്മ'; ലിംഗം മാറ്റി വജൈന പിടിപ്പിച്ച് സ്ത്രീയായി 'അച്ഛൻ'; കട്ടമസിലുള്ള ശരീരവുമായി കുട്ടിയെ മുലയൂട്ടുന്ന 'പുരുഷന്റെ' ചിത്രങ്ങളും വൈറൽ; യുഎസിലും യൂറോപ്പിലും ട്രാൻസ്മെൻ പ്രസവങ്ങൾ പുത്തരിയല്ല; സഹദിനെ വേട്ടയാടുന്നവർ ലോകം മാറുന്നത് അറിയണം!
കോഴിക്കോട്: ട്രാൻസ് ജെൻഡർ ദമ്പതികളായ സഹദിനും, സിയക്കും കുഞ്ഞ് പിറന്ന വാർത്ത കേരളത്തിൽ സോഷ്യൽ മീഡിയിൽ അടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കയാണ്. ഈ പ്രസവത്തിലുടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. പക്ഷേ സോഷ്യൽ മീഡിയിൽ ഇപ്പോഴും സെക്സും ജെൻഡറും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഒരു വിഭാഗം ഇവർക്കെതിരെ വിദ്വേഷ കമന്റുകൾ നിറക്കുകയാണ്. 'ട്രാൻസ് ജെൻഡർ എന്ന് അവകാശപ്പെട്ട യുവതി പ്രസവിച്ചു' എന്ന തലക്കെട്ടോടെയാണ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഈ വിഷയം റിപ്പോർട്ട് ചെയ്ത്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് എന്നീ സംഘടനകളുടെ അനുഭാവികളും, സോഷ്യൽ മീഡിയിൽ 'ആണ് എന്ന് അവകാശപ്പെട്ട പെണ്ണ് പ്രസവിച്ചു, ഇതാണോ ജെൻഡർ ന്യൂട്രൽ' എന്ന് പറഞ്ഞ ട്രോളുകൾ ഉയർത്തുന്നുണ്ട്.
പക്ഷേ കേരളത്തിലും ഇന്ത്യയിലും ആദ്യ സംഭവം ആണെങ്കിലും ലോകത്തിൽ ഇത് അത്യപൂർവമല്ല. അമേരിക്കയിലും, യൂറോപ്പിലും നിരവധി ട്രാൻസ് മെൻ പ്രസവങ്ങൾ ഉണ്ടായിട്ടുണ്ട്.
2016ൽ യുഎസിൽ ട്രാൻസ് പ്രസവം
ട്രാൻസ്മെൻ ഗർഭം ധരിക്കുക എന്നത് ലോകത്തു വലിയ പുതുമയൊന്നും അല്ല. സ്ത്രീയുടെ എല്ലാ അവയവങ്ങളുമായി ജനിച്ച ആൾ തന്നെയാണ് ട്രാൻസ്മെൻ. അല്ലാതെ ഒരു പുരുഷനെ ഗർഭം ധരിപ്പിക്കാനുള്ള വിദ്യയൊന്നും ശാസ്ത്രം ഇത് വരെ കണ്ടെത്തിയിട്ടില്ല. 2016ൽ അമേരിക്കയിൽ ഈവൻ എന്ന ട്രാൻസ്മാൻ ഒരുകുഞ്ഞിന് ജന്മം കൊടുത്തപ്പോൾ ആ രാജ്യം ആശംസകൾ ചൊരിയുകയായിരുന്നു. സ്ത്രീയുടെ അവയവങ്ങൾ എല്ലാമായി ജനിച്ച ഈവൻ പുരുഷനാകാനുള്ള ആദ്യപടിയായ ഹോർമോൺ ചികിത്സ തുടങ്ങിയിരുന്നു. അതോടെ പുരുഷനെ പോലെ താടിയും മീശയും ഒക്കെ വന്നു. പക്ഷേ ബ്രെസ്റ്റ്, വജൈന, യൂട്രസ് എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഒന്നും ചെയ്തിരുന്നില്ല. അതിനു മുന്നേ ഇവർക്ക് ഒരു കുട്ടിയെ വേണം എന്ന് തോന്നി. തന്റെ ട്രാൻസ് വുമൺ പങ്കാളിയിൽ നിന്ന് 'അയാൾ' ഗർഭം ധരിച്ചു, പ്രസവിച്ചു.
ട്രാൻസ് മെൻ പ്രസവത്തിൽ, കേരളത്തിൽ പ്രചരിപ്പിക്കുന്ന പോലെ യാതൊരു അത്ഭുദവും ഇല്ല. സാധാരണ സ്ത്രീ ഗർഭിണി ആകുന്നതുപോലെ തന്നെയാണ് ഈ ഗർഭവുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
തോമസ് -ജാമിയ ദമ്പതികൾ
2018 ജെ തോമസ്, ജാമിയ എന്നീ ട്രാൻസ് പങ്കാളികൾ ആണ് വാർത്തയിൽ ഇടം പിടച്ചത്. കുട്ടിയെ പ്രസവിച്ചത് ട്രാൻസ് മെൻ തോമസ് ആണ്. പ്രസവം കഴിഞ്ഞതോടെ വജൈനയും, ബ്രെസ്റ്റും ,യൂട്രസും നീക്കം ചെയ്ത് ഇദ്ദേഹം പരിപൂർണ പുരുഷനായി. അത് പോലെ ജാമിയ ലിംഗം മാറ്റി, വജൈന ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ച് സ്ത്രീയുമായി. യൂറോപ്പ് അമേരിക്ക പോലുള്ള രാജ്യത്ത് ഇത് ഇപ്പോൾ ഒരു വിഷയമേ അല്ല. നിരവധി ആളുകൾ ഇത് പോലെ പ്രസവിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സാദിഖലി പത്തായക്കടവൻ ഇങ്ങനെ എഴുതുന്നു. 'ഈ പോസ്റ്റ് എഴുതാൻ കാരണം ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു പുരുഷൻ പ്രസവിച്ചു എന്ന തരത്തിൽ. മുകളിൽ പറഞ്ഞ പോലെ പുരുഷനെ പ്രസവിപ്പിക്കാനുള്ള യാതൊരു സാങ്കേതിക വിദ്യയും ഇന്നില്ല. ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ല. സന്തോഷം തോന്നുന്നത് കേരളത്തിലും ഇങ്ങനെ ഒരു പ്രസവം നടന്നു എന്നുള്ളതിൽ ആണ്. നോക്കു, നമ്മൾ നമ്മളായി നമ്മുക്ക് സന്തോഷം തോന്നുന്ന തരത്തിലാണ് ജീവിക്കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി, നമ്മുടെ ജീവിതം നശിപ്പിക്കരുത്. ഗേ ആകുക, ലെസ്ബീയൻ, ബൈസെക്സ്ല്, ഇതൊന്നും മോശമോ കുറ്റമോ അല്ല. നമ്മുടെ അഭിരുചി എന്താണോ അതിനു അനുസരിച്ചു ജീവിക്കുക. പരസ്പരം ഇഷ്ട്ടമുണ്ടാകണം, പ്രായപൂർത്തിയാകണം ഇത്ര മാത്രം.
ബാക്കി ഒന്നും വിഷയം അല്ല കുറ്റവും കുറവുകളും പറയുന്നവരോട് പോയി പണി നോക്കാൻ പറയുക. നിങ്ങൾ നിങ്ങളായി ജീവിക്കുക. ആരും മുകളിലോ താഴയോ അല്ല. നിങ്ങൾ ആണ് ആരായി ജീവിക്കണം എന്നുള്ളത് തീരുമാനിക്കുന്നതിൽ മറ്റുള്ളവർക്ക് യാതൊരു അവകാശവും ഇല്ല''- സാദിഖലി പത്തായക്കടവൻ ചൂണ്ടിക്കാട്ടുന്നു.
സഹദും കുഞ്ഞും സുഖമായിരിക്കുന്നു
ഒരുഭാഗത്ത് ഹേറ്റ് കാമ്പയിൻ മുറുകുമ്പോളും സഹദും കുഞ്ഞും സുഖമായിരിക്കയാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു, ഈ ട്രാൻസ് പങ്കാളികളുടെ ആദ്യ തീരുമാനം. പക്ഷേ നിയമ വശങ്ങൾ പ്രശ്നമായി. അങ്ങനെയാണ് ഇവർ സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെപ്പറ്റി ചിന്തിച്ചത്. തീരുമാനം എടുത്തപ്പോൾ തന്നെ ഒട്ടേറെപേരിൽ നിന്നും കളിയാക്കലുകളും വിമർശനങ്ങളും നേരിടേണ്ടിവന്നു. പക്ഷ അതെന്നും അവരെ തളർത്തിയില്ല. ഈ സമയത്ത് സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. അങ്ങനെ സഹദ് ഗർഭം ധരിക്കാൻ തുരുമാനിക്കയായിരുന്നു.
മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷം സഹദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഒടുവിൽ ഇരുവരുടെയും സ്വപ്നം പൂവണിയുക തന്നെ ചെയ്തു. ആണായാലും പെണ്ണായാലും കുഞ്ഞിനെ ജാതിയുടെയോ മതത്തിന്റെയോ ഒന്നിന്റെയും ഭാരം ചുമക്കാത്ത നല്ലൊരു മനുഷ്യനായി വളർത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് ഗൈനക്കോളജി വിഭാഗത്തിൽ ഇപ്പോൾ ഇരുവരും സുരക്ഷിതരാണ്. കുഞ്ഞിനെ മിൽക്ക് ബാങ്ക് വഴി മുലയൂട്ടാനാണ് തീരുമാനം. വൈകാതെ തന്നെ കോഴിക്കോട് ഉമ്മളത്തൂരിലെ വാടകവീട്ടിലേക്ക് ഇവർ കുഞ്ഞിനൊപ്പം എത്തും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ