മൂന്നാർ: സാമൂഹ്യമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും തിളങ്ങിയ ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കൊന്നത് മേഖലയിൽ ചുറ്റിക്കറങ്ങുന്ന സിഗരറ്റ് കൊമ്പനെന്ന് പ്രാഥമിക നിഗമനം. നിലവിലെ സൂചനകൾ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ദൃക്‌സാക്ഷികളില്ലാത്ത സാഹചര്യത്തിൽ സംഭവസ്ഥലത്തെ ആനയുടെ കാൽപ്പാടുകളും മറ്റും പരിശോധിച്ചാൽ മാത്രമെ ശക്തിവേലിന്റെ ജീവനെടുത്ത ആനയെ കൃത്യമായി തിരിച്ചറിയാൻ കഴിയുകയുള്ളു. ഇതിനുള്ള ശ്രമം വൈകാതെ ആരംഭിക്കുമെന്നും വനംവകുപ്പധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയോടെ പന്നിയാർ ടീ എസ്റ്റേറ്റിൽ കമ്പിവേലിയോട് ചേർന്നാണ് ശക്തിവേലിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. രാവിലെ ശക്തിവേൽ ഈ ഭാഗത്തേക്ക് വരുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. സ്‌കൂട്ടർ പാതയോരത്ത് കണ്ട്, നാട്ടുകാരിൽ ചിലർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചവിട്ടും കുത്തും ഏറ്റ് ഏറെക്കുറെ വികൃതമായ നിലയിലായിരുന്നു മൃതേദേഹം. രാവിലെ 11.45 ഓടെയാണ് വനം വകുപ്പ് അധികൃതർ വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുന്നത്.

ഇന്നലെ ഈ പ്രദേശത്ത് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം തമ്പടിച്ചിരുന്നു്. രാത്രി തന്നെ ശക്തിവേലിന് ഈ വിവരം ലഭിച്ചിരുന്നെന്നാണ് സൂചന. രാവിലെ ശക്തിവേൽ ആനക്കൂട്ടം എങ്ങോട്ട്് നീങ്ങിയെന്ന് മനസ്സിലാക്കാനായിക്കാം ഇവിടേക്ക് എത്തിയത്. നിരീക്ഷണത്തിനിടെ ആനകളുടെ മുന്നിൽ അകപ്പെട്ടിരിക്കാമെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

19 ആനകൾ ചിന്നക്കനാൽ മേഖലയിൽ ഉണ്ടെന്നാണ് വനംവകുപ്പധികൃതരുടെ കണക്ക്. ഇതിൽ ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ ,സിഗരറ്റ് കൊമ്പൻ എന്നിങ്ങനെ നാട്ടുകർ ഓമനപ്പേരിട്ട് വിളിക്കുന്ന 4 കൊമ്പന്മാരും ഉൾപ്പെടും. സിഗരറ്റ് കൊമ്പൻ ഒഴികെയുള്ള 3 കൊമ്പന്മാരും ശക്തിവേലിന്റെ മൃതദേഹം കാണപ്പെട്ട പ്രദേശത്തില്ലായിരുന്നു എന്നാണ് സമീപ പ്രദേശങ്ങളിലെ വാച്ചർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയ വിവരങ്ങളിൽ വ്യക്തമായിട്ടുള്ളത്.

മിക്ക സമയങ്ങളിലും കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതാണ് സിഗരറ്റ് കൊമ്പന്റെ രീതി. നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടി്ക്കാറുള്ള മറ്റ് 3 കൊമ്പന്മാരും കൂടുതൽ സമയവും ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് വാച്ചർമാർ നൽകുന്ന വിവരം. മറ്റ് ആനകളെ അപേക്ഷിച്ച് വളരെ ചെറിയ കൊമ്പുള്ളതിനലാണ് കൂട്ടത്തെ നയിക്കുന്ന കൊമ്പന് സിഗരറ്റ് കൊമ്പൻ എന്ന പേരുവീണത്. കൂട്ടത്തിലെ ഏറ്റവും അപകടകാരി ഈ കൊമ്പനായിരുന്നെന്നാണ് വാച്ചർമാരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

മുന്നിൽപ്പെടുന്നവരെ ഓടിച്ചിട്ട് ആക്രമിക്കുന്ന പ്രകൃതക്കാരനായിരുന്നു ഈ കൊമ്പനെന്നും ഓടിയപ്പോൾ എന്തിലെങ്കിലും തട്ടിവീണപ്പോൾ ഈ കൊമ്പൻ ആക്രമിച്ചിരിക്കാമെന്നുമാണ് ഇവരുടെ വിലയിരുത്തൽ. മേഖലയിലെ ആനകളെക്കുറിച്ച് നന്നായി അറിയാവുന്നയാളായിരുന്നു ശക്തിവേൽ.

ഈ ആനകളെയെല്ലാം വളരെ ചെറുപ്പം മുതലെ താൻ കണ്ടുവരുന്നതാണെന്നും അതുകൊണ്ട് തന്നെ ഇവയുടെ സ്വഭാവം അറിയാമെന്നും അതിനാലാണ് ഇവ താൻ ശകാരിച്ചാൽ കാട്ടിലേയ്ക്ക് കയറപ്പോകുന്നതെന്നും ഈ ലേഖകനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശക്തിവേൽ വ്യക്തമാക്കിയിരുന്നു.

ആനയിറങ്ങൽ ഡാമിന് സമീപം ശാന്തൻപാറ-പൂപ്പാറ പാതയിൽ ഇറങ്ങിയ ചക്കകൊമ്പനെ ശക്തിവേൽ ശകാരിച്ച് കാട് കയറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിന്റെ നിജസ്ഥിതി തേടിയാണ് മറുനാടൻ ശക്തിവേലിനെത്തേടിയിറങ്ങിയത്.

അന്വേഷണത്തിൽ ആനയിറങ്ങലിലും പിരസരങ്ങളിലുമാണ് ശക്തിവേലിനെ സ്ഥിരമായി കാണുന്നതെന്ന് വിവരം ലഭിച്ചു.അങ്ങിനെയാണ് രാവിലെ 11 മണിയോടെ ആനയിറങ്ങലിൽ എത്തുന്നത്.

മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസർ അരുൺമഹാരജ് നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ആളെക്കിട്ടി.നേരിൽക്കണാനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു.

പറഞ്ഞ സമയത്തിനുള്ളിൽ ആൾ സ്ഥലത്തെത്തി.വീഡിയോ ദൃശ്യത്തിൽ കാണുന്ന സ്ഥലത്തുവച്ച് വീഡിയോ ചിത്രീകരിച്ചാൽ നന്നായിരുന്നെന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്നാൽ അവിടേയ്ക്ക് പോകാമെന്നായി ശ്ക്തിവേൽ.

അവിടെ വച്ച് ചെറുപ്പം മുതൽ ആനകളെക്കുറിച്ചുള്ള തന്റെ അറവുകളും അവയോടുള്ള തന്റെ സമീപനവും പൊതുജനങ്ങലുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന അനാരോഗ്യകരമായ ഇടപെടലുകളെകുറിച്ചുമെല്ലാം ശക്തിവേൽ വിശദീകരിച്ചിരുന്നു.പിന്നീട് ആനയിറങ്ങൽ ബോട്ടിങ് കേന്ദ്രത്തിൽ ആനയിറങ്ങിയപ്പോഴും ദൃശ്യങ്ങൾ സഹിതം ശക്തിവേൽ വിവരം പങ്കുവച്ചിരുന്നു.ശക്തിവേലിന് നാല് മക്കളാണുള്ളത്. മൂന്നുപേർ വിവാഹിതരാണ്. ഭാര്യ ശാന്തി.