തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി തുടങ്ങാൻ ബ്രിട്ടീഷുകാരിൽ നിന്ന് പണംവാങ്ങിയെന്ന് മാതൃഭൂമി 'ക' ഫെസ്റ്റ്‌വെല്ലിൽ പ്രസ്താവന നടത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യക്കെതിരെ നിയമനടപടിയുമായി ദേശാഭിമാനി രംഗത്തെത്തിയരുന്നു. സത്യവിരുദ്ധമായ പ്രസ്താവന തിരുത്തി മാധ്യമങ്ങൾ വഴി പരസ്യമായി മാപ്പ് പറയണമെന്നാണ് ജനറൽ മാനേജർ കെ ജെ തോമസ്, അഡ്വ. എം രാജഗോപാലൻ നായർ മുഖേന അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുക്കുന്നത്.

അതേസമയം തൻ പറഞ്ഞ ഒരു വാക്കുപോലും പിൻവലിക്കില്ലെന്നും അതിൽ താൻ ഉറച്ചു നിൽക്കുന്നു എന്നുമാണ് സന്ദീപ് വാര്യർ പറയുന്നത്. ദേശാഭിമാനിയുടെ വക്കീൽ നോട്ടീസ് മറുപടി അയക്കുമെന്ന് വിശദീകരിക്കുന്ന സന്ദീപ് 'ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കനകക്കുന്നിലെ വേദിയിൽ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നിൽക്കുന്നു. അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുണ്ടെന്നും സന്ദീപ് അവകാശപ്പെട്ടു.

സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ലെന്നും പറഞ്ഞതിൽ നിന്ന് ഒരു വരി പോലും ഞാൻ പിൻവലിക്കാൻ പോവുന്നുമില്ലെന്നും ബാക്കി നമുക്ക് കോടതിയിൽ കാണാമെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ നടത്തിയ 'ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്' എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീൽ നോട്ടീസ് ഇന്ന് കൈപറ്റി.

ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസിന് വേണ്ടി ഹൈക്കോടതിയിലെ അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലൻ നായർ അയച്ചിട്ടുള്ള പ്രസ്തുത ലീഗൽ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്.
നിയമ വ്യവഹാരം അതിന്റെ മുറയ്ക്ക് കോടതിയിൽ നടക്കട്ടെ.
അതിനിടെ സന്ദീപ് വാര്യർ എന്ന എനിക്ക് വ്യക്തിപരമായി ഇപ്പോൾ പറയാവുന്ന കാര്യം ഇത്രയുമാണ്.

'ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല'.
കനകക്കുന്നിലെ വേദിയിൽ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നിൽക്കുന്നു.
അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല.
പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്.
അതുകൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്‌മെന്റിനെ വെല്ലുവിളിക്കുകയാണ്.
കോടതിക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ.
നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്.

അതൊക്കെ പൊതുചർച്ചയക്കാൻ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് ഞാൻ.
അതുകൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു.
നടപടി നോട്ടീസിൽ ഒതുക്കാതെ നിങ്ങൾ ശരിക്കും കേസ് കൊടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതിനിടെ ഒരു മധ്യസ്ഥത്തിനും ഒത്തുതീർപ്പിനും ഞാൻ ഒരുക്കമല്ലെന്ന് ഇപ്പോളെ നിങ്ങളെ അറിയിക്കുന്നു.
സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ല.
പറഞ്ഞതിൽ നിന്ന് ഒരു വരി പോലും ഞാൻ പിൻവലിക്കാൻ പോവുന്നുമില്ല.
ബാക്കി നമുക്ക് കോടതിയിൽ കാണാം.

മാതൃഭൂമി ' ക ' ഫെസ്റ്റിവെലിൽ ' ബഹുസ്വരത ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ദേശാഭിമാനി പത്രം തുടങ്ങാൻ കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരിൽ നിന്ന് പണംവാങ്ങിയെന്നും തടർന്ന് മാധ്യമം അവരെ സഹായിച്ചുവെന്നും സന്ദീപ് വാര്യർ ആരോപിച്ചത്. എന്നാൽ ഏതെങ്കിലും തെളിവിന്റെയൊ ' ഡാറ്റ ' യുടെയോ അടിസ്ഥാനത്തിലല്ല സന്ദീപ് വാര്യരുടെ പ്രസ്താവനകൾ. ദേശാഭിമാനിയേയും സിപിഎമ്മിനേയും കരിവാരിത്തേച്ച് അധിക്ഷേപിക്കുകയെന്ന ഒറ്റലക്ഷ്യം വച്ചുമാത്രമാണ് ഇത്തരം അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിഞ്ഞതെന്നാണ് ദേശാഭിമാനി വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.

ആയിരക്കണക്കായ പാവപ്പെട്ട തൊഴിലാളികൾ നൽകിയ സംഭാവനയും ഇഎംഎസിന്റെ കുടുംബസ്വത്ത് വിറ്റുകിട്ടിയ അരലക്ഷം രൂപയും കൊണ്ടാണ് ദേശാഭിമാനി ആരംഭിച്ചത്. വർഗീയതയ്ക്കും ഫാസിസത്തിനും മുതലാളിത്തത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ 80 വർഷത്തെ ചരിത്രമുള്ള ദേശാഭിമാനിയെ തളർത്താനും പൂട്ടിക്കാനുമുള്ള അനവധിശ്രമങ്ങളെ അതിജീവിച്ചാണ് വളർന്നതെന്നും ദേശാഭിമാനി പറയുന്നു. പത്രത്തേയും പാർട്ടിയേയും അപഹസിക്കാനായി മനപ്പൂർവ്വം നടത്തിയ പരാമർശം പിൻവലിക്കെണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.