കോഴിക്കോട്: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിയിൽ മാധ്യമ ചർച്ചകൾ പരോഗമിക്കുന്ന സമയമാണെല്ലോ ഇത്. സ്വതന്ത്രചിന്തകരും സാമുഹിക പ്രവർത്തകരുമൊക്കെ ഈ നവോത്ഥാന നരബലി എന്ന് പരിഹസിക്കപ്പെടുന്ന ഈ പൈശാലിക കൃത്യത്തിനെതിരെ പ്രതികരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശക്തമായി ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. സിപിഎം സ്വാമി എന്നും ഷിബു സ്വാമിയെന്നുമൊക്കെ സംഘപരിവാർ പ്രവർത്തകരാൽ പരിഹസിക്കപ്പെടന്നുണ്ടെങ്കിലും അന്ധവിശ്വാസ വിമർശനം നടത്തി ഒരു വലിയ വിഭാഗം ആരാധകരെ സൃഷ്ടിക്കാൻ സ്വാമിക്ക് കഴിഞ്ഞിട്ടുണ്ട്. സിപിഎം സർക്കിളുകളിൽ ഒരു നവോത്ഥാന നായകൻ ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

അതുകൊണ്ടുതന്നെ നരബലി വിഷയം വന്നപ്പോഴും അന്ധവിശ്വാസം എന്ന് പറഞ്ഞുകൊണ്ട്, സന്ദീപാന്ദഗിരിയും ശക്തമായി രംഗത്ത് എത്തി. എന്നാൽ സ്വാമിയുടെ ഈ ഇരട്ടത്താപ്പിനെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ട്, സ്വതന്ത്രചിന്തകർ രംഗത്ത് എത്തിയതോടെ സ്വാമി എയറിൽ ആയി. കാഷായം ധരിച്ച് ആത്മീയ യാത്രകൾ നടത്തിച്ചും, ഗീതാപ്രഭാഷണം നടത്തി സീഡിവിറ്റ് കാശ് ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാന്തരം അന്ധവിശ്വാസിയായ ഈ സ്വാമിക്ക് എങ്ങനെയാണ്, മറ്റൊരു അന്ധവിശ്വാസമായ നരബലിയെ വിമർശിക്കാന കഴിയുക എന്നാണ് ചോദ്യം.

അമൃതാനന്ദമയി എത്ര സത്യസന്ധ!

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്: ഭൂരിഭാഗം ജനങ്ങൾക്കും അവരുടെ മുമ്പിൽ യഥാർത്ഥ ദൈവ വിശ്വാസികളും അന്ധവിശ്വാസികളുമുണ്ട്. എന്നാൽ യുക്തിവാദികൾക്ക് മുമ്പിൽ ദൈവ വിശ്വാസികൾ തന്നെ അന്ധവിശ്വാസികളാണ്. ചില പുരോഗമനാശയക്കാർ വിശ്വാസം തെറ്റല്ലെന്നും അന്ധവിശ്വാസമാവരുതെന്നും പറഞ്ഞ് ബാലൻസ് ചെയ്യുന്നു. എല്ലാവരുടെയും വാദങ്ങളെ മാനിക്കുന്നു. എന്നാൽ മറ്റൊരാളുണ്ട്. സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുകയാണ് ഈ സ്വാമിയിപ്പോൾ.

കാഷായ വസ്ത്രം ധരിച്ച് ആശ്രമം നടത്തി വിപ്ലവം പറയുന്ന സ്വാമി. പുണ്യം വാഗ്ദാനം ചെയ്ത് കാശ് വാങ്ങി കൈലാസ യാത്ര സംഘടിപ്പിക്കുന്ന സ്വാമി. ഗീതാ ക്ലാസുകൾ നടത്തി അതിന്റെ സിഡികൾ വിറ്റ് കാശുണ്ടാക്കിയ സ്വാമി. ആശ്രമത്തിൽ പൂജ നടത്തി കാശു വാങ്ങുന്ന സ്വാമി. പറയു സ്വാമി എന്താണ് അന്ധവിശ്വാസം ..... മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ളവർക്ക് ഒരു സത്യസന്ധതയുണ്ട്. അവരാരും ഇരു വഞ്ചിയിൽ കാലിടുന്നില്ല. എന്നാൽ നിങ്ങൾ ഒരു ഭാഗത്ത് വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന താങ്കൾ മറുഭാഗത്ത് വലിയ വിപ്ലവകാരിയാണെന്ന് വരുത്താൻ ശ്രമം നടത്തുന്നു. എല്ലാം കൂടി ഒരുമിച്ച് പോവില്ല സ്വാമി. അത്രയ്ക്ക് വിപ്ലവ ബോധമുണ്ടെങ്കിൽ ആ കാഷായ വസ്ത്രം ഉപേക്ഷിച്ച് ആ ആശ്രമത്തിന് തീയിട്ട് കൈലാസത്തിലോ ഗോകർണത്തിലോ എവിടെയെങ്കിലും പോയി ജോലി ചെയ്ത് ജീവിക്കൂ... ഓം ശാന്തി''- ഈ കുറിപ്പ് ഇപ്പോൾ വാട്സാപ്പിലും വൈറൽ ആവുകയാണ്.

ഗീത വിറ്റ് ജീവിക്കുന്ന സ്വാമി

ഭഗവത് ഗീത വിറ്റ് ജീവിക്കുന്ന സന്ദീപാനന്ദഗരിക്ക് അന്ധവിശ്വാസത്തെക്കുറിച്ച് പറയാൻ എന്താണ് അവകാശം എന്ന് ചോദിച്ച് പല പോസ്റ്റുകളു നിറയുന്നുണ്ട്. കോഴിക്കോട് ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിട്ടുണ്ട്.സ്‌കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഒരു പ്രഭാഷകൻ കൂടിയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണതോടെയാണ് ഇടതുപ്രാഫൈലുകൾക്ക് ഇദ്ദേഹം നവോത്ഥാന നായകൻ ആവുന്നത്. ഇതേതുടർന്ന് ഇദ്ദേഹം ആക്രമിക്കപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ആശ്രമത്തിന്റെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനുപിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന് സ്വാമി ആരോപിച്ചിരുന്നു. പക്ഷേ കേസിന് ഇതുവരെ തുമ്പുണ്ടായിട്ടില്ല.