മലപ്പുറം: കുടുംബവുമൊത്ത് ഫ്രൈഡ് ചിക്കൻ കഴിക്കുന്നതിനിടെ അഞ്ചുവയസ്സുകാരിക്ക് ചിക്കനിൽ നിനിന്നും കിട്ടിയത് പുഴുവിനെ. വീട്ടുകാരുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ കുർബ്ബാനിയിൽ പ്രവർത്തിക്കുന്ന സാങ്കോസ് ഗ്രിൽസ് റസ്റ്റോറന്റ് സ്ഥാപനം അടച്ചുപൂട്ടി.

വളാഞ്ചേരി സ്വദേശി ജിഷാദിന്റെ പരാതിയിലാണ് കോട്ടക്കൽ നഗരസഭ അധികൃതർ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോട്ടക്കൽ ചെങ്കുവെട്ടിയിലെ സാങ്കോസ് ഗ്രിൽസിൽ ഭക്ഷണം കഴിക്കാൻ കുടുംബമൊത്ത് എത്തിയതായിരുന്നു ജിഷാദ്. തുടർന്ന് ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കൻ കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്.

അഞ്ച് വയസ്സായ മകൾക്ക് കഴിക്കാനായി ചെറിയ കഷ്ണങ്ങളാക്കുന്നതിനായി ചിക്കൻ പൊളിച്ചപ്പോൾ പുഴുവിനെ കണ്ടത്തെത്തുകയായിരുന്നു.ഇതിനിടയിൽ ജിഷാദും ഭാര്യയും ചിക്കൻ കഴിച്ചിരുന്നു.പുഴുവിനെ കണ്ടെത്തിയതോടെ ആശങ്ക ഷോപ്പിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് കുടുംബം പറയുന്നു.

ശേഷം എത്തിയ മാനേജർ ഇത് പുഴുവല്ലെന്ന് വാദിക്കുകയാണ് ചെയ്തത്. തെളിവിനായി ഇവർ കാണിച്ചു തന്ന ഇറച്ചി കഷണങ്ങളിൽ മകൾ കഴിച്ച ചിക്കൻ പീസിലുള്ളതല്ല കാണാൻ കഴിഞ്ഞത്.തുടർന്ന് വകുപ്പ് മന്ത്രിക്കും ഭക്ഷ്യ സുരക്ഷ വകുപ്പ്, ഡി.എം.ഒ കോട്ടക്കൽ നഗരസഭ എന്നവർക്ക് പരാതി നൽകുകയായിരുന്നു.

പുഴു കണ്ടെത്തിയ ചിക്കന്റെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.തുടർന്ന് കുറുബാനിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കോട്ടക്കൽ നഗരസഭ സെക്രട്ടറി കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ അനുരൂപ് എന്നിവർ പരിശോധന നടത്തി സ്ഥാപനം പുട്ടുകയായിരുന്നു.

പഴകിയ ചിക്കനിലാണ് ഇത്തരം പുഴുക്കളെ കാണുകയെന്നും കടയുടമയോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.