കൊച്ചി : എല്ലാവരെയും അമ്പരപ്പിച്ച കേന്ദ്രസർക്കാരിന്റെ പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കത്തിന് അമിത് ഷായും അജിത് ഡോവലും നൽകിയത് അതീവപ്രാധാന്യം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലേത്. കേരളത്തിലെ കൂട്ടത്തോടെ ദിവസങ്ങൾക്ക് മുമ്പേ സിആർപിഎഫുകാർ എത്തിയെങ്കിലും കാര്യം ആർക്കും പിടികിട്ടാതെ പോയി. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു റാഞ്ചിയിൽ നിന്ന് സിആർപിഎഫുകാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത്.

എന്നാൽ ബുധനാഴ്ച രാത്രി കൊച്ചി എൻ ഐ എ ആസ്ഥാനത്ത് എത്തിയത് എസ് രസ്തോഗി എന്ന സന്തോഷ് രസ്തോഗി. എൻ.ഐ.എ ഐജിയായ അദ്ദേഹത്തിനായിരുന്നു കേരളത്തിന്റെ ഓപ്പറേഷൻ ഒക്ടോപസിന്റെ ചുമതല. റെയ്ഡും അറസ്റ്റും കഴിഞ്ഞ് രസ്തോഗി എട്ടു പ്രതികളടങ്ങുന്ന ആദ്യ സംഘവുമായി കേരളത്തിൽ നിന്ന് പറന്നതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറം ലോകത്ത് ചർച്ചയായയത്.

ബുധനാഴ്ച രാത്രി മുഴുവൻ കൊച്ചിയിലിരുന്ന് സന്തോഷ് രസ്തോഗി ചരടുവലിച്ച പ്രകാരമായിരുന്നു റെയ്ഡും അറസ്റ്റും നടന്നത്. നടപടികൾ ആദ്യാവസാനം രഹസ്യമായിരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം പൂർണ അർത്ഥത്തിൽ നിറവേറ്റാൻ ഷായുടെയും ഡോവലിന്റെയും വിശ്വസ്തന് സാധിച്ചു. കേരള പൊലീസിൽ ഇക്കാര്യം അറിഞ്ഞാൽ ഓപ്പറേഷൻ തകർന്ന് അടിയുമെന്ന് കേന്ദ്രം ഭയപ്പെട്ടിരുന്നതായും അതിനാലാണ് രസ്തോഗിയെ പോലെ കരുത്തുറ്റതും വിശ്വസ്തനുമായ ഓഫീസറെ അയച്ചത് എന്നാണ് വിവരം.

എല്ലാ ഘട്ടത്തിലും ബിജെപി സർക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് സന്തോഷ് രസ്തോഗി. 1998 ഐപിഎസ് ബാച്ചിലെ മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള സന്തോഷ് രസ്തോഗി മുംബൈ ജോയിന്റ് കമ്മീഷണർ ക്രൈം ആയിരിക്കുമ്പോഴാണ് ഡി കമ്പനിയിലെ ദാവൂദിന്റെ മരുമകൻ മുഹമ്മദ് ഇഖ്ബാൽ റിസ്വാനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടുന്നത്. രസ്തോഗിയുടെ മുംബൈ കാലത്ത് ഉറക്കം നഷ്ടപ്പെട്ട അധോലോക രാജാക്കന്മാർ നിരവധിയായിരുന്നു.

കുപ്രസിദ്ധ കുറ്റവാളികളും മാഫിയ തലവന്മാരുമായിരുന്ന ഇജാസ് ലകടാവാലയും ദാവൂദ് സംഘത്തിലെ താരിഖ് പർവീണും സലിം മഹാരാജുമെല്ലാം അഴിക്കുള്ളിലായതിന് പിന്നിൽ സന്തോഷ് രസ്തോഗിയായിരുന്നു എന്നത് ചരിത്രം. നരേന്ദ്ര മോദി സർക്കാരിന് സന്തോഷ് രസ്തോഗിയെ ഇത്രമേൽ വിശ്വസിക്കാനുള്ള കാരണങ്ങൾ വേറെയുമുണ്ട്. 2ജിസ്പെക്ട്രം കേസിൽ സിബിഐ അന്വേഷണത്തിൽ നിർണായക സാന്നിദ്ധ്യമായിരുന്നു രസ്തോഗി. അതിന്റെ ഫലം രാജ്യത്ത് വലിയ രാഷ്ട്രീയ പ്രകമ്പനങ്ങളാണ് ഉണ്ടാക്കിയത്.

അടുത്തിടെ പഞ്ചാബിൽ മോദിയുടെ വാഹനവ്യൂഹം കലാപകാരികൾ വഴിയിൽ തടഞ്ഞിട്ടപ്പോൾ ആ സുരക്ഷാ വീഴ്ചയുടെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചതും രസ്തോഗിയെയായിരുന്നു. ഈസമയം പാക്കിസ്ഥാൻ സൈന്യത്തിന്റെ ആർട്ടിലറി ഫയറിങ് റേഞ്ചിനുള്ളിൽ ആയിരുന്ന രസ്തോഗി ഉടൻ ഡൽഹിയിലെത്തി. പിന്നാലെ ഏഴ് എൻ.ഐ.എ ഡിഐജി മാരുടെ സംഘവുമായി പഞ്ചാബിലെത്തി. പഞ്ചാബ് പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചവരുത്തിയവരെ കൈയോടെ പൊക്കുകയും ചെയ്തു. വ്യാഴ്ച പുലർച്ചയായിരുന്നു രാജ്യവ്യാപകമായി എൻ ഐ എ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകലും റെയ്ഡും അറസ്റ്റും നടത്തിയത്.