കണ്ണൂർ:നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ത്രീ താമസിക്കുന്ന ചെറിയ ഷെഡ് പൊലീസ് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. 306 കുപ്പി മാഹി മദ്യമാണ് ഇവർ ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചത്. കണ്ണൂരിൽ നഗരത്തിലെ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സമീപത്തുള്ള ഷെഡ്ഡിലാണ് 306 കുപ്പി മദ്യം ഇവർ സൂക്ഷിച്ചത്. കണ്ണൂർ നഗരത്തിൽ ഒരു നാടോടി സ്ത്രീയെ പോലെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം.

ആന്ധ്ര സ്വദേശിയായ സരോജിനിയാണ് പൊലീസ് പിടിയിലായത്. കണ്ണൂർ ടൗൺ എസ്‌ഐ സി എച്ച് നസീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇവരുടെ ഷെഡിൽ പൊലീസ് റെയ്ഡ് നടത്തിയത്. ടൗൺ സിഐ ബിനു മോഹൻ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പരിശോധന നടത്തിയത്. ടാർപ്പായ കൊണ്ട് മൂടിയ ചെറിയ താമസസ്ഥലത്ത് മദ്യക്കുപ്പികൾ നിറഞ്ഞ അവസ്ഥയിലായിരുന്നു.

ഇടയ്ക്കിടയ്ക്ക് മാഹിയിൽ പോയി പത്തും പതിനഞ്ചും കുപ്പികൾ ഒന്നിച്ചു വാങ്ങിച്ച് ശേഖരിച്ച് വയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ പിടികൂടിയപ്പോൾ ചിരിച്ച മുഖത്തോടെ ആയിരുന്നു ഇവർ പൊലീസ് ജീപ്പിൽ കയറിയത്. ഈ സ്ത്രീക്ക് പിന്നിൽ മറ്റ് ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള കാര്യം പൊലീസ് അന്വേഷിക്കും. സരോജിനിയുടെ റേഷൻ കാർഡും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും മറ്റു വിവരങ്ങളും പൊലീസ് ശേഖരിച്ചു.

എ എസ് ഐമാരായ അജയൻ, ഇബ്രാഹിം, രാജേഷ്, നസീർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരിൽനിന്ന് പല ആളുകളും മദ്യം വാങ്ങിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ എത്രകാലമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും ഇവർ യഥാർത്ഥത്തിൽ എന്തെങ്കിലും മാഫിയയുടെ ഭാഗമാണോ എന്നും പൊലീസ് അന്വേഷിക്കും.