- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിനെ ബാഹ്യശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമോ? 'മറുനാടനിലെ' വൈറല്‍ വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്? ശാസ്ത്രലോകം ബൈജുരാജ് വിശദീകരിക്കുന്നു
കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത് 'മറുനാടന്‍ മലയാളിയിലൂടെ' റീന എന്ന യുവതി നടത്തിയ, 'തന്നെ ആരോ അപായപ്പെടുത്താന്‍ നോക്കുന്നു, തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നു' വെന്ന് ആരോപിക്കുന്ന വീഡിയോ ആയിരുന്നു. എന്നാല്‍ 'ഇതില്‍ പറയുന്ന കാര്യങ്ങളില്‍ മറുനാടന്‍ മലയാളിക്ക് യാതൊരു ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ലെന്നും, പറയുന്ന കാര്യങ്ങള്‍ ഈ പറയുന്ന വ്യക്തിയുടെ തോന്നല്‍ ആവാമെന്നും, എന്നാല്‍ ചില പത്രവാര്‍ത്തകളിലും മറ്റും, ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നതിനാലാണ്, ഇങ്ങനെ ഒരു പോഗ്രാം പബ്ലിഷ് ചെയ്യാന്‍ തയ്യാറാവുന്നത്' എന്ന ഡിസ്ക്ലൈമര്‍ വെച്ചാണ് മറുനാടന്‍ വീഡിയോ പബ്ലിഷ് ചെയ്തത്.
ഇതിനുപിന്നാലെ നിരവധി പേര് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി പറഞ്ഞ് രംഗത്തുവന്നിരുന്നു. എന്താണ് ഇതിന്റെ ശാസ്ത്രം എന്ന് പരിശോധിക്കയാണ്, ശാസ്ത്ര പ്രചാരകന് ബൈജുരാജ്. അദ്ദേഹത്തിന്റെ ശാസ്ത്രലോകം പേജിലൂടെയാണ് ഈ വീഡിയോയില്‍, റീനയുടെ വാദങ്ങളുടെ വസ്തുത പരിശോധിക്കയാണ്.
'അവര്‍ എന്നെ പിന്തുടരുന്നു'
ബൈജുരാജ് വീഡിയോയില്‍ ഇങ്ങനെ പറയുന്നു. -'കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളിയില്‍ ഇറങ്ങിയ ഒരു വൈറല്‍ വീഡിയോയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. ഓസ്ട്രേലിയയില്‍ വര്‍ക്ക് ചെയ്ത് നാട്ടിലെത്തിയ റീന എന്ന സ്ത്രീ പറയുന്നത,് ബാഹ്യമായ ശക്തികള്‍ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നു, അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നൊക്കെ. അതിന്റെ പ്രധാനഭാഗങ്ങള്‍ നമുക്ക് ഒന്ന് കാണാം.
റീന പറയുന്നത് ഇങ്ങനെയാണ്. 'ഞാന്‍ എന്ന വ്യക്തി 11 വര്‍ഷമായി, ഓസ്ട്രേലിയയില്‍ താമസിച്ചയാളാണ്. അവിടെ ഞാന്‍ ഗവണ്മെന്റിനും ടോപ്പ് ലെവല്‍ ബാങ്കുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുണ്ട്. ടീം ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ല പൊസിഷനില്‍ ജോലിചെയ്ത ആളാണ്. പക്ഷേ അവിടെ ഒരുപരിചയവും ഇല്ലാത്ത ആളുകള്‍ നമ്മെ പിന്തുടരുക, നമുക്ക് അറിയാന്‍ വയ്യാത്ത ആളുകള്‍ വണ്ടികള്‍ നമ്മുടെ അരികില്‍ നിര്‍ത്തുക, അനാവശ്യമായി ഹോണ്‍ അടിച്ചുകൊണ്ടിരിക്കുക.. ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും ആവര്‍ത്തിക്കാന്‍ തുടങ്ങി. പിന്നെ മൂന്നാല് ആളുകള്‍ എന്നെ പിന്തുടരാന് തുടങ്ങി. നമ്മള് വണ്ടി, ഓടിക്കുമ്പോള്‍ മൂന്നും നാലും വാഹനങ്ങള്‍ വന്ന് ബ്ലോക്ക് ചെയ്യുക, നമ്മുടെ വണ്ടി ഇടിക്കാന്‍ ശ്രമിക്കുക, റോഡില്‍ നിന്ന് നമ്മുടെ വണ്ടി തള്ളിവിടാന്‍ ശ്രമിക്കുക… അങ്ങനെ. ഒരിക്കല്‍ കാര്‍ പാര്‍ക്കിങില്‍ വണ്ടിയിട്ട് ഞാന്‍ ജോലിചെയ്ത് വരുമ്പോള്‍ കാണുന്നത്, ഒരു വണ്ടി 60- 80 സ്പീഡില്‍ ആക്സിലേറ്റര്‍ സ്പീഡപ്പ് ചെയ്ത് ഇടിക്കാന്‍ വരുന്നതായിട്ടാണ്. ഞാന്‍ ജീവനും കൊണ്ട് ഓടുകയാണ് ഉണ്ടായത്.
ഒരു പട്ടാപ്പകല്‍, എന്റെ ഓസ്ട്രലിയിയിലെ വീടിന്റെ മുകളില്‍ കയറി ഒരു ലാഡറും കൊണ്ട് ഒരാള്‍ ഇരിക്കയാണ്. രാത്രി 8.30 അയല്‍വാസികള്‍ സംസാരിക്കുന്നത് കണ്ട് ഞാന്‍ ഇറങ്ങി നോക്കിയപ്പോള്‍, രണ്ടുപേര്‍ ഒളിച്ചിരിക്കയാണ്. ഞാന്‍ അവരുടെ അടുത്ത് എത്തിയതും അവര്‍ ഓടി. രാത്രി അവര്‍ എന്റെ ഗ്യാരേജ് തുറക്കുന്നു. കാര്‍ ആക്സസ് ചെയ്യുന്നു. ഇത് അവര്‍ ചെയ്യുന്ന പല മെത്തേഡുകളില്‍ ഒന്ന് മാത്രമാണ്.
ഞാന്‍ ഒരു ഷോപ്പിങ് മാളില്‍ പോയപ്പോള്‍ സകല കടകളിലും എനിക്കൊപ്പം ചിലര്‍ കയറുകയാണ്. ഞാന്‍ എടുക്കുന്ന സാധനങ്ങളില്‍ കൈയിട്ട് അവരും എടുക്കുന്നു. ഞാന്‍ ക്യൂവില്‍ നില്ക്കുമ്പോള് അവര്‍ ഇടിച്ചു കയറി ഒരു സീന്‍ ക്രിയേറ്റ് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഞാന്‍ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഇടിച്ചു കയറി ഒരു സീന്‍ ക്രിയേറ്റുചെയ്തു. കുട്ടിയുടെ കൂടെ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ തന്റെ മുഖം മറച്ചുവെക്കയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇത് അവര്‍ വിട്ട ആളാണെന്ന്'- ഇങ്ങനെയാണ് റീന പറയുന്നത്.
എന്താണ് യാഥാര്‍ത്ഥ്യം?
അതിനുശേഷം ബൈജുരാജ് ഇങ്ങനെ പറയുന്നു.- 'ഇവര്‍ തന്നെ ഈ ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. തനിക്ക് സ്കീസോഫ്രീനിയ ഇല്ല, സ്കീസോഫ്രീനിയ എന്ന അസുഖമേയില്ല എന്നൊക്കെ. പക്ഷേ ഇത് ശരിയല്ല. സ്കീസോഫ്രീനിയ എന്നത് ഒരു മാനസിക രോഗമാണ്. മാനസികരോഗങ്ങളില്‍, എറ്റവും അപകടകാരിയും എന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തതുമാണ് സ്കീസോഫ്രീനിയ. ഇതിനകത്ത് ഡില്യൂഷന് ഉണ്ടാവും, ഹാലുസിനേഷന്‍ ഉണ്ടാവം, ഡിസോഡര്‍ തോട്ട്സ് ഉണ്ടാവും, ഇതെല്ലാം മിക്സ് ചെയ്തും വരാം. ഡിലൂഷ്യന്‍ എന്നാല്‍ സംശയമാണ്. മറ്റുള്ളവര്‍ തന്നെ കൊലപ്പെടുത്താന്‍ വരുന്നു, ഉപദ്രവിക്കാന്‍ വരുന്നു, താന്‍ പോവുന്ന വഴിക്കെല്ലാം അവര്‍ വരുന്നു എന്ന് തോന്നാം. ഹാലുസിനേഷന്‍ എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നാം. അത് വിഷ്വല്‍ ആയിട്ടം ഓഡിറ്ററി ആയിട്ടും ഉണ്ടാവാം. എന്റെ അടുത്ത് ഒരാള്‍ ഇരിക്കുന്നതായി തോന്നാം. ആരെങ്കിലും പിന്തുടരുന്നതായി തോന്നാം. അശരീരിയായി തോന്നാം. ഓഫീസിലുളളവരോ, അയല്‍വാസികളോ, നമ്മളെപ്പറ്റി ഡിസ്ക്കസ് ചെയ്യുന്നതായി തോന്നാം. ചിലപ്പോള്‍ അയാള്‍ അതിനോട് പ്രതികിരച്ചുവെന്നും വരാം. അടുത്ത വീട്ടിലേക്ക് ഒരു കല്ലെടുത്ത് എറിഞ്ഞുവെന്നും വരാം.
അപ്പോള്‍ പറഞ്ഞുവരുത്ത് ഇത് വളരെ സീരിയസ് ആയിട്ടുള്ള പ്രശ്നമായി അവരുടെ ലൈഫില്‍ തീരാം. കാരണം ചിലപ്പോള്‍ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ട് തോന്നാം, പുറത്തിറങ്ങാന്‍ ബുദ്ധിമുട്ട് തോന്നാം. ഇത് പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തി ചികിത്സിക്കയാണെങ്കില് വളരെ എളുപ്പത്തില്‍, ആറുമാസം കൊണ്ടോ, ഒരു വര്‍ഷം കൊണ്ടോ മാറ്റാം. ഇതിന് മാനസികമായ കൗണ്‍സിലിങ്ങും മെഡിറ്റേഷനുമൊക്കെ ആവശ്യമാണ്. ചിലപ്പോള്‍ ഇത് നിയന്ത്രിച്ചുകൊണ്ട് ജീവിതാവസാനംവരെ കണ്ടിന്യൂ ചെയ്യേണ്ടിവരും.
ഈ രോഗം പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരാറുള്ളത്. 16- 20 വയസ്സുവരെയുള്ള സമയങ്ങളിലാണ് ആദ്യമായിട്ട് ഇത് ഉണ്ടാവുക. എന്നാല്‍ സ്ത്രീകളില്‍ ആണെങ്കില്‍ കുറച്ചുകൂടി വൈകി 20 വയസ്സിന് ശേഷമാണ് ഉണ്ടാവുക. സ്ത്രീകളിലെ രോഗവും നിരക്കും ഉറവാണ്. ഇത് കണ്ടുവരുന്നത് നല്ല ബുദ്ധിയും വിവരവും, ഉള്ള ആളുകളിലാണ്. അതുകാരണം അവര്‍ക്ക്, കാര്യങ്ങളെകുറിച്ച് നല്ല ബോധ്യമുണ്ടാവും. എന്നാല്‍ അസുഖമുണ്ടാവുമെന്ന് അവര്‍ സമ്മതിച്ച് തരില്ല. കാരണം അവര്‍ അത് റിയല്‍ ആയി കേള്‍ക്കുന്നുണ്ട്. ഓരോരുത്തരുടെയും തോന്നല്‍ ആണെല്ലോ അവരുടെ റിയാലിറ്റി. അതുകാരണം പലരും ചികിത്സക്ക് സമ്മതിക്കാറില്ല.
ഇനി റീന പറയുന്ന ചില കാര്യങ്ങളിലെ, ശാസ്ത്രീയത നോക്കാം. ഒരു മൊബൈല്‍ ഫോണില്‍ സിഗ്നല്‍ എത്തുന്ന രീതിയില്‍ ബാഹ്യശക്തികള്‍ക്ക് തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്ന് റീന പറയുന്നുണ്ട്. മൊബൈല്‍ ഫോണില്‍ സിഗ്നല്‍ എത്തുമ്പോള്‍ കമ്പ്യൂട്ടറിലെപ്പോലെ ഐ പി അഡ്രസ് ഉണ്ട്. നമ്മുടെ കോള്‍ നമ്മുടെ മൊബൈലില്‍ മാത്രമാണ് വരിക. എന്നാല്‍ അതുപോലെയല്ല മനുഷ്യന്റെ തലച്ചോര്‍. നമ്മുടെ ചിന്ത എന്ന് പറയുന്നത് ഒരു പ്രത്യേക അഡ്രസുമായി ബന്ധപ്പെട്ടതല്ല. നമ്മുടെ തലച്ചോറിലുണ്ടാവുന്ന ന്യൂറോണ്‍സിന്റെ സിഗ്നലുകള്‍, നമ്മുടെ നാഡീവ്യൂഹവുമായി നേരിട്ട് കണക്റ്റഡ് ആണ്. അത് ഹാക്ക് ചെയ്ത്, ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ചില മെന്റലിസ്റ്റുകളും മാജിക്കുകാരും, നമ്മുടെ മനസ്സ് വായിക്കുന്നതായി കാണിക്കുന്നുണ്ട്. അത് മനസ്സുവായിക്കയല്ല, ചില ട്രിക്ക് മാത്രമാണ്. നമ്മുടെ മനസ്സുവായിക്കാനോ, മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ മറ്റൊരാള്‍ക്ക് കഴിയില്ല.
ഇത്രയും നാള് കുറേയാളുകള്‍ പിന്തുടര്ന്നിട്ടും, കാര്‍ ഇടിക്കാന്‍ നോക്കിയിട്ടും, രാത്രി ഒളിച്ചിരുന്ന് നിരീക്ഷിച്ചിട്ടും, റീനക്ക് ശാരീരികമായി യാതൊരു ഉപദ്രവവും ഏറ്റിട്ടില്ല. ഇവരുടെ മനസ്സിന്റെ നിയന്ത്രണവും ആരും എറ്റെടുത്തിട്ടില്ല. ഇവര്‍ക്ക് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും മീഡിയയുടെ മുന്നില്‍ നില്ക്കാന് കഴിയുന്നത് അതുകൊണ്ടാണല്ലോ. ഒരാള്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം ഒരിക്കലും മറ്റൊരാള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയില്ല. അതിനുള്ള കഴിവ് മനുഷ്യനില്ല."- ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.