- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി നടത്തുന്നവർ രാജകുടുംബാംഗങ്ങൾ ആയാലും കുടുങ്ങുമെന്ന എംബിഎസിന്റെ പ്രസ്താവന ശരിയാവുന്നു; അൽഉല റോയൽ കമ്മിഷൻ സിഇഒക്ക് സസപെൻഷൻ; ക്രമവിരുദ്ധമായ കരാറുകളിലൂടെ ഇയാൾ നേടിയത് 20.6 കോടി റിയാലിലധികം; അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി സൗദി
ശരീയത്ത് നിയമങ്ങൾ പോലും തിരുത്തിക്കൊണ്ട് ആധുനിക മൂല്യങ്ങളെ ഉൾക്കൊള്ളുന്ന രാജ്യമാണ് സൗദി. മുഹമ്മദ് ബിൻ സൽമാൻ എന്ന സൗദി കിരീടവകാശി കൊണ്ടുവന്ന പരിഷ്ക്കരണങ്ങൾക്ക് വലിയ പിന്തുണയാണ് കിട്ടിയത്. സൗദിയിൽ മൊത്തത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സ്ത്രീകൾക്ക് കാറോടിക്കാൻ കഴിയുന്നു, രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകൾ വരുന്നു, സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. ഭരണകുടുംബം മാത്രം കയ്യടക്കിവെച്ചിരുന്ന അരാംകോ ഓഹരി വിൽപ്പനയിലൂടെ മറ്റുള്ളവർക്ക് കൂടി പങ്ക് കിട്ടാവുന്ന രീതിയിലേക്കു മാറുന്നു (ഗൾഫിൽ ഒരു ഭരണകൂടവും തങ്ങളുടെ എണ്ണക്കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് ഇതിനു മുമ്പ് തയ്യാറായിട്ടില്ല). പുരുഷ രക്ഷാകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. കഴിഞ്ഞവർഷം ഒരു വനിതയെ സൗദി ബഹിരാകാശത്തേക്കുമയച്ചു. പർദക്കുള്ളിൽനിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആർക്കും തടഞ്ഞുവെക്കാൻ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.
പെട്രോൾ വരുമാനം കൊണ്ട് അധികകാലം മുന്നോട്ടുപോവാൻ കഴിയില്ല എന്ന് മസ്സിലാക്കിയതോടെ, ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ വരുന്നത് വളരെ വലിയ മാറ്റങ്ങളാണ്. രണ്ടുവർഷം മുമ്പുവരെ ഒറ്റ തീയേറ്റർ പോലുമില്ലാത്ത സൗദിയിൽ ഇപ്പോൾ സിനിമാ വ്യവസായം കത്തിക്കയറുകയാണ്. രാജ്യത്തുടനീളമുള്ള 69 തീയറ്ററുകളിലായി 627 സ്ക്രീനുകളുണ്ട്. ഇപ്പോഴിതാ സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലിം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുക.
ഈ രീതിയിൽ മാറുന്ന സൗദിയിൽ മറ്റൊരു മാറ്റക്കൊടുങ്കാറ്റിന് കുടി എംബിഎസ് വിത്തിട്ടിരിക്കയാണ്. അതായത് അഴിമതി തുടച്ചുനീക്കുമെന്നാണ് പ്രഖ്യാപനം. അഴിമതിക്കേസിൽ ഉൾപ്പെടുന്നവർ രാജകുടുംബാംഗങ്ങമോ മന്ത്രിയോ ആരായാലും തെളിവുകൾ ലഭ്യമാകുന്നിടത്തോളം കാലം രക്ഷപ്പെടില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അഴിമതി തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. അഴിമതി, കള്ളപ്പണം, പദവി ദുർവിനിയോഗം തുടങ്ങി നിരവധി കേസുകളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരെയാണ് ഇതിനകം അഴിമതി വിരുദ്ധ അഥോറിറ്റി പിടികൂടിയത്. രാജകുടുംബത്തെ മണിയടിച്ച് ഇനി സൗദിയിൽ രക്ഷപ്പെടാൻ കഴിയില്ലെന്ന് ചുരുക്കം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള അൽഉല റോയൽ കമ്മിഷൻ സിഇഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ അഴിമതിക്കേസിൽ സസ്പെൻഡ് ചെയ്തത്.
ഉന്നതർ പിടിയിലാവുമ്പോൾ
സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമാണ് അൽഉല റോയൽ കമ്മിഷൻ. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. ഇതിന്റെ സിഇഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ സസ്പെൻഡ് ചെയ്തത് വലിയ വാർത്തയായിരിക്കയാണ്. ഉന്നതങ്ങളിൽ ബന്ധമുള്ള രാജകുടുംബവുമായൊക്കെ അടുത്ത് ഇടപഴകുന്ന വ്യക്തിയാണ് ഇദ്ദേഹം.
സൗദി അഴിമതി വിരുദ്ധ (നസഹ) അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയിൽ നിന്ന് ക്രമവിരുദ്ധമായി നാഷനൽ കരാറുകൾ നേടിയ ടാലന്റ് കമ്പനിയുടെ ഉടമകളിൽ ഒരാളാണ് അൽമദനി. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാൾ നേടി. അൽഉല റോയൽ കമീഷനിൽ സിഇഒയായി നിയമിതനാവും മുമ്പുള്ള ഇടപെടലായിരുന്നു ഇത്. ഇതിന് ശേഷം കമ്പനിയുടെ ഉടമസ്ഥതയിൽ നിന്ന് വിട്ടുനിന്നെങ്കിലും കമ്പനിയിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.
അൽഉല റോയൽ കമ്മീഷന്റെ പല വകുപ്പുകൾക്ക് കീഴിൽ കരാർ നേടാൻ കമ്പനിയെ ശുപാർശ ചെയ്തു. അതിലൂടെ ഏകദേശം 13 ലക്ഷം റിയാലിന്റെ മൊത്തം മൂല്യമുള്ള പദ്ധതികൾ നേടാൻ കമ്പനിയെ സഹായിച്ചു. അഥോറിറ്റിയുമായി കരാറിലേർപ്പെട്ട കമ്പനികളിൽനിന്ന് മദനി വ്യക്തിഗത ആനുകൂല്യങ്ങൾ നേടി. പദ്ധതികളിൽനിന്നുള്ള ലാഭം അൽമദനിയുടെ ബന്ധുവായ മുഹമ്മദ് ബിൻ സുലൈമാൻ മുഹമ്മദ് അൽഹർബി എന്ന പൗരനിൽനിന്ന് അൽമദനിക്ക് ലഭിച്ചു. ഇയാളും പിടിയിലായിട്ടുണ്ട്. പണം നൽകിയതായി ബന്ധു സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളായ സഈദ് ബിൻ ആത്വിഫ് അഹമ്മദ് സഈദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽദബൽ എന്നിവർ അൽമദനിയുമായുള്ള സൗഹൃദം വഴി കരാർ നേടി. ഇവരെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സൗദിയിൽ അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുകയാണ്.
ഇങ്ങനെ ഒരു പുരോഗമന മുഖം എംബിഎസ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ജമാൽ ഖഷോഗി വധം അടക്കമുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ എതിരാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എംബിഎസിന്റെയും കുടുംബത്തിന്റെയും, ഏകാധിപത്യവും അഴിമതിയും ചൂണ്ടിക്കാട്ടിയാൽ അത് പ്രശ്നമാവുമെന്നുമാണ് വിമർശകർ പറയുന്നത്. എന്തായാലും സൗദി പഴയതിൽ നിന്ന് എത്രയോ മാറുകയാണെന്ന് ഉറപ്പാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ